തലശേരി
യാഥാസ്ഥിതികരുടെ എതിർപ്പ് നേരിട്ട് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മാളിയേക്കൽ മറിയുമ്മയും വനിതാ മതിലിനൊപ്പം. നവോത്ഥാനം സംരക്ഷിക്കാനും കേരളം വീണ്ടും ഭ്രാന്താലയമാകാതിരിക്കാനുമുള്ള സ്ത്രീമുന്നേറ്റത്തിൽ തൊണ്ണൂറ്റിരണ്ടുകാരിയായ ഇംഗ്ലീഷ് മറിയുമ്മയും ഐക്യപ്പെടുകയാണ്. അവകാശം എന്നത് എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതാണെന്ന് മറിയുമ്മ പറഞ്ഞു.
എതിർപ്പിനും വിലക്കുകൾക്കും കീഴടങ്ങിയിരുന്നെങ്കിൽ തനിക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനാകുമായിരുന്നില്ല. 1938 കാലത്ത് തലശേരി കോൺവെന്റിൽ പഠിക്കുമ്പോൾ ക്ലാസിലെ ഏക മുസ്ലിംപെൺകുട്ടിയായിരുന്നു. തലശേരി ഒ വി റോഡിലൂടെ സ്‌കൂളിൽ പോവുമ്പോൾ അന്നത്തെ പ്രമാണിമാർ കാർക്കിച്ച് തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്തു. ഉപ്പ ഒ വി അബ്ദുള്ള സീനിയറും ഉമ്മൂമ്മ ബീഗം ടി സി കുഞ്ഞാച്ചുമ്മയും വിവാഹശേഷം ഭർത്താവ് വി ആർ മായിനലിയും പ്രോത്സാഹിപ്പിച്ചു. ഷേക് അബ്ദുള്ളയുടെ സാന്നിധ്യത്തിൽ കോഴിക്കോട് മാനാഞ്ചിറയിൽ ഇംഗ്ലീഷിൽ പ്രസംഗിച്ചിട്ടുണ്ടെന്ന് മറിയുമ്മ തെല്ലൊരു അഭിമാനത്തോടെ പറഞ്ഞു.
മുസ്ലിം പെൺകുട്ടികൾ പഠിക്കുകയെന്നത് അന്ന് ആലോചിക്കാൻപോലും സാധിക്കുമായിരുന്നില്ല. ഇന്ന‌് പഠിക്കരുത‌് എന്ന‌് പറയാൻ ആരെങ്കിലും ധൈര്യംകാട്ടുമോയെന്ന് മറിയുമ്മ ചോദിച്ചു. നിലനിന്ന സമ്പ്രദായം മാറുമ്പോൾ എതിർപ്പ് സ്വഭാവികമാണ്. സ്ത്രീകൾ പൊതുരംഗത്തിറങ്ങിയപ്പോഴും എതിർപ്പുണ്ടായി. ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത ദേശീയവാദിയായ ഉപ്പയാണ് റോൾമോഡൽ. പുരോഗമന ഇടതുപക്ഷ ആശയങ്ങളുമായി സഹകരിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി ഞാനൊരു കോൺഗ്രസുകാരിയാണ്. പുരോഗമനപരമായ ഏതൊരു സ്ത്രീമുന്നേറ്റത്തിനൊപ്പവും എന്റെ മനസുണ്ട്. എല്ലാവർക്കും തുല്യനീതിയും അവകാശവുമാണ് വേണ്ടത്. നവോഥാനത്തിന്റെ നന്മകൾ സംരക്ഷിക്കുന്നതിനുള്ള വനിതാമതിൽ അതുകൊണ്ടുതന്നെ ചരിത്രസംഭവമാകുമെന്നും മറിയുമ്മ കൂട്ടിച്ചേർത്തു.
from Kerala || Deshabhimani Online News https://ift.tt/2A4Cj2w
via IFTTT
No comments:
Post a Comment