ആർഎസ‌്എസിന്റെ തൊഴുത്തിൽ എൻഎസ‌്എസിനെ കെട്ടരുത‌്: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ആർഎസ‌്എസിന്റെ തൊഴുത്തിൽ എൻഎസ‌്എസിനെ കെട്ടരുത‌്: കോടിയേരി


സ്വന്തം ലേഖകൻ
എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാനുള്ള നീക്കം ആത്മഹത്യാപരമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. എൻഎസ‌്എസിനെ വിഴുങ്ങാനാണ‌് ആർഎസ‌്എസ‌് ശ്രമിക്കുന്നത‌്. എൻഎസ‌്എസ‌് നേതൃത്വം ഇത‌് തിരിച്ചറിയണം. ആർഎസ‌്എസിന്റെ ധൃതരാഷ‌്ട്ര ആലിംഗനത്തിൽ പെട്ടവരാരും രക്ഷപ്പെട്ടിട്ടില്ല. ഇത‌് തിരിച്ചറിഞ്ഞ സംഘടനകളെല്ലാം അവരുമായുള്ള ബന്ധം വേർപെടുത്തി പുറത്തുവന്നുവെന്നും കോടിയേരി പറഞ്ഞു. ആദിവാസി ക്ഷേമസമിതി നേതൃത്വത്തിൽ തിരുവനന്തപുരത്ത‌് നടത്തിയ ആദിവാസിസംഗമം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

വനിതാമതിലിനെതിരെയുള്ള എൻഎസ‌്എസ‌് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരുടെ നിലപാട‌് ശരിയായില്ല. മന്നത്ത് പദ്മനാഭൻ നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വളർത്തിയെടുത്ത എൻഎസ്എസിൽനിന്ന‌് ഇത്തരത്തിലുള്ള പ്രതികരണമല്ല കേരളം പ്രതീക്ഷിക്കുന്നത‌്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള വനിതാ മതിലിനോടുളള  സുകുമാരൻ നായരുടെ പ്രതികരണം യാഥാസ്ഥിതികമാണ‌്.

വനിതാമതിലിൽ പങ്കെടുക്കില്ലെന്ന് പറയുന്നവർ ആർഎസ‌്എസ‌് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി പരിപാടിയിൽ പങ്കെടുക്കണമെന്ന‌് ആവശ്യപ്പെട്ടിരിക്കുന്നു. പുരോഗമന ചിന്താഗതിയിലൂടെ മുന്നോട്ട് പോകുന്ന എൻഎസ്എസ‌് ഇങ്ങനെ ചിന്തിക്കുന്നത് ആത്മഹത്യാപരമാണ്. മതനിരപേക്ഷത വർഗീയതയാണെന്ന് പ്രചരിപ്പിക്കുന്നവർക്കൊപ്പമാണ് അവർ ചേർന്നിരിക്കുന്നത്. അങ്ങേയറ്റം ദൗർഭാഗ്യകരമാണിത‌്.

സകലകാര്യങ്ങൾക്കും പ്രതിബന്ധമായി നിൽക്കുന്നത‌് യാഥാസ്ഥിതികരാണെന്ന‌് യോഗക്ഷേമസഭയുടെ ഒരു പരിപാടിയിൽ മന്നം പറഞ്ഞത‌് ഇപ്പോഴത്തെ നേതൃത്വം മറക്കരുത‌്. യാഥാസ്ഥിതികത എന്നാൽ, ജീവനില്ലായ‌്മ എന്നാണ‌് അർഥമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട‌്. എല്ലാ ജാതികളിൽപെട്ടവർക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട‌് മന്നം നടത്തിയ ജാഥയും ചരിത്രത്തിന്റെ ഭാഗമാണ‌്. സ‌്ത്രീവിവേചനത്തിനെതിരായും അദ്ദേഹം ശക്തമായ നിലപാട‌് സ്വീകരിച്ചു. അത്തരം നിലപാടുകളിൽനിന്ന‌് ഇപ്പോഴത്തെ നേതൃത്വം വഴിമാറുന്നത‌് ശരിയാണോ എന്ന‌് ചിന്തിക്കണം. മന്നത്ത് പദ്മനാഭൻ ഉണ്ടായിരുന്നെങ്കിൽ തന്റെ കുടുംബാംഗങ്ങളോട് വനിതാമതിലിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. അതിനാൽ എൻഎസ്എസ് നിലപാട് തിരുത്തുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ധാർഷ്ട്യമാണെന്നാണ് സുകുമാരൻനായർ പറഞ്ഞത്. സ്ത്രീ -പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ടതാണോ മുഖ്യമന്ത്രിയുടെ ധാർഷ്ട്യം. പട്ടികജാതി, പട്ടികവർഗക്കാരടക്കം എല്ലാ സമുദായങ്ങളേയും ക്ഷേത്രങ്ങളിൽ പൂജാരിമാരാക്കിയതാണോ മുഖ്യമന്ത്രി കാട്ടിയ ധാർഷ്ട്യം. നാടിന്റെ  ക്ഷേമത്തിനും വികസനത്തിനും മാതൃകയായ പദ്ധതികൾ നടപ്പാക്കാൻ ധീരമായ നിലപാട‌് എടുക്കുന്നതാണോ ധാർഷ‌്ട്യമെന്ന‌് സുകുമാരൻനായർ വ്യക്തമാക്കണം.

വനിതാമതിൽ മതനിരപേക്ഷതയുടെ മഹാകോട്ടയായി മാറും. സ്ത്രീകൾ നടത്തുന്ന മതിലാണിത്. എല്ലാ സമുദായക്കാരും മനുഷ്യസ‌്നേഹികളും മതനിരപേക്ഷ വിശ്വാസികളുമടക്കം അണിനിരക്കും.  മതനിരപേക്ഷതയുടെ മനുഷ്യമതിലായി മാറും. വർഗീയ മതിലാണെന്നുള്ള ചിലരുടെ പ്രചാരണം പൊളിഞ്ഞു. ആർഎസ‌്എസിന്റെ പ്രചാരണം കോൺഗ്രസും ഏറ്റെടുത്തു.  ശബരിമല സുപ്രീംകോടതി വിധിയുടെ പേരിൽ എൽഡിഎഫ‌് സർക്കാരിനെ താഴെയിറക്കാനുള്ള സമരമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. അവർ ശബരിമലയെ ആയുധമാക്കുകയാണ്. ശബരിമലയെ കേന്ദ്രസർക്കാരിന് കീഴിൽ കൊണ്ടുവരണമെന്ന ബിജെപിയുടെ ആവശ്യത്തെപ്പറ്റി കെപിസിസി നേതൃത്വം പ്രതികരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എകെഎസ‌് സംസ്ഥാന പ്രസിഡന്റ‌് ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News https://ift.tt/2SaGUqS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages