സ്വന്തം ലേഖകൻ
പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വൻ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ബുധനാഴ‌്ച ബാങ്ക‌് ഓഫീസർമാരും ജീവനക്കാരും നടത്തിയ പണിമുടക്ക‌് പൂർണം. സംസ്ഥാനത്തെ 16,000 ബാങ്ക‌് ശാഖകളും പ്രവർത്തിച്ചില്ല. പൊതുമേഖലാ, സ്വകാര്യ ബാങ്ക‌് ശാഖകൾ അടഞ്ഞുകിടന്നു. സംസ്ഥാനത്ത‌് ഓഫീസർമാരും ജീവനക്കാരും അടക്കം 45,000 പേർ പണിമുടക്കിൽ പങ്കെടുത്തു. ഓൺലൈൻ, എടിഎം ഇടപാടുകൾ ഒഴിച്ചുള്ള ബാങ്കിങ‌് പ്രവർത്തനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. ക്ലിയറിങ‌്, വിദേശവിനിമയ ഇടപാടുകളും സ‌്തംഭിച്ചു.
ബാങ്കിങ‌്‌രംഗത്തെ ഒമ്പതു സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ‌് ഫോറം ഓഫ‌് ബാങ്ക‌് യൂണിയൻസിന്റെ നേതൃത്വത്തിൽ ദേശവ്യാപകമായാണ‌് പണിമുടക്ക‌് നടത്തിയത‌്. രാജ്യത്ത‌് 10 ലക്ഷത്തോളം ഓഫീസർമാരും ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു. എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ‌്ഐ, ഐഎൻബിഇഎഫ‌്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ എന്നീ സംഘടനകൾ പങ്കെടുത്തു.
പണിമുടക്കിയ ഓഫീസർമാരും ജീവനക്കാരും എറണാകുളം എംജി റോഡിലെ എസ‌്ബിഐ എസ‌്എംഇ ബ്രാഞ്ചിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ‌്ഘാടനംചെയ‌്തു. രാജ്യത്തെ സാമ്പത്തികമേഖലയുടെ 70 ശതമാനം കൈകാര്യംചെയ്യുന്ന പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം ബാങ്കുകൾ നേരിടുന്ന പ്രതിസന്ധിക്കുള്ള ശരിയായ രോഗനിർണയമോ ചികിത്സാവിധിയോ അല്ലെന്ന‌് അദ്ദേഹം പറഞ്ഞു.
എഐബിഇഒ ജില്ലാ സെക്രട്ടറി പി ആർ സുരേഷ‌് അധ്യക്ഷനായി. യുഎഫ‌്ബിയു സംസ്ഥാന കൺവീനർ സി ഡി ജോസൺ മുഖ്യപ്രഭാഷണം നടത്തി. വി പി ജോർജ‌് (ഐഎൻടിയുസി), പി രാജു (എഐടിയുസി), മാത്യു കെ തോമസ‌് (എഐബിഒസി), ശ്രീകുമാർ (എഐബിഒഎ), ജയൻ (എൻസിബിഇ) സി ജെ നന്ദകുമാർ (ബിഇഎഫ‌്ഐ), ശിവരാമകൃഷ‌്ണൻ (എൻഒബിഒ), വിനോദ‌്‌കുമാർ (എൻഒബിഡബ്ല്യു) എൽ ബി എൻ പ്രഭു (ഐഎംബിഒസി) എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2ES0EwA
via IFTTT
No comments:
Post a Comment