കോടതിവിധിയുടെ പശ്ചാത്തലത്തിൽ കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയില്‍ പ്രാര്‍ഥന നടത്താനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗക്കാർ തടഞ്ഞു. ഇതേത്തുടർന്ന‌് പള്ളിപ്പരിസരത്ത‌് വൈകിട്ടും സംഘർഷം തുടരുന്നു. തോമസ് പോൾ റമ്പാൻ പൊലീസ് സംരക്ഷണത്തോടെയാണ‌് രാവിലെ പള്ളിയിൽ പ്രവേശിക്കാൻ എത്തിയത‌്.
കേസുമായി ബന്ധപ്പെട്ട് ഉണ്ടായ നടപടികളിൽ കഴിഞ്ഞദിവസം ഹൈക്കോടതി പൊലീസിനെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സന്നാഹങ്ങളോടെ വിധി നടപ്പാക്കാൻ എത്തിയത്. എന്നാൽ, പള്ളിയിൽ തടിച്ചുകൂടിയ യാക്കോബായ വിശ്വാസികൾ അദ്ദേഹത്തെ തടയുകയായിരുന്നു.
സ‌്ത്രീകൾ ഉൾപ്പെടെയുള്ള യാക്കോബായ വിശ്വാസികളെ അറസ്റ്റുചെയ്ത് നീക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏതാനും വിശ്വാസികളെ അറസ്റ്റുചെയ്തശേഷം സംഘർഷസാധ്യത കണക്കിലെടുത്ത് അറസ്റ്റ് നിർത്തിവയ്ക്കുകയായിരുന്നു. സംഘർഷത്തിനിടെ ഒരു സ്ത്രീ കുഴഞ്ഞുവീണു. ഇവരെ വിശ്വാസികൾചേർന്ന് പുറത്തേക്ക് കൊണ്ടുപോയി. മറ്റു സ്ഥലങ്ങളിൽനിന്നും നിരവധി വിശ്വാസികൾ പള്ളിയിലേക്ക് എത്തി. രാവിലെമുതൽ പള്ളിയിൽ തടിച്ചുകൂടിയ നൂറുകണക്കിന് വിശ്വാസികളും പ്രതിഷേധവുമായി പള്ളിയിൽത്തന്നെ തുടർന്നു. പകൽ പതിനൊന്നരയോടെ മടങ്ങിയ റമ്പാൻ ഒരു മണിയോടെ പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കാൻ വീണ്ടും എത്തി.
യാക്കോബായ വിശ്വാസികൾ പൊലീസ്‌വലയം ഭേദിച്ച് റമ്പാന്റെ വാഹനം തടഞ്ഞു. എന്നാൽ, പൊലീസ‌്‌വലയം തീർത്ത് റമ്പാന്റെ വാഹനത്തിന് കവചമൊരുക്കിയിരിക്കുകയാണ്. വൈകുന്നേരമായിട്ടും പള്ളിപ്പരിസരത്തുനിന്ന‌് വിശ്വാസികളും തോമസ് പോൾ റമ്പാനും പിരിഞ്ഞുപോകാത്തതിനാൽ വൻ പൊലീസ്‌സന്നാഹവും പള്ളിപ്പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
2017 ആഗസ‌്ത‌് 16നാണ് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി വികാരിയായി തോമസ് പോൾ റമ്പാനെ ഓർത്തോഡോക‌്സ‌് വിഭാഗത്തിന്റെ അങ്കമാലി ഭദ്രാസനാധിപന്‍ നിയമിച്ചത്. പക്ഷേ, ഇദ്ദേഹത്തിന് യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പ് കാരണം പള്ളിയില്‍ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.
പിന്നീട് റമ്പാൻ കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടുകയുംചെയ്തു. എന്നാൽ, പള്ളിയിൽ കയറാൻ കഴിയാതെ വന്നതോടെ വീണ്ടും കോടതിയെ സമീപിച്ചു.
റമ്പാന‌് പ്രാര്‍ത്ഥനയ്ക്ക് അവസരം ക്രമീകരിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2Lw0vzd
via IFTTT
No comments:
Post a Comment