കോഴിക്കോട്
കേരള സ‌്കൂൾ ടീച്ചേഴ‌്സ‌് അസോസിയേഷൻ (കെഎസ‌്ടിഎ) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിന‌് ശനിയാഴ‌്ച കോഴിക്കോട്ട‌് തുടക്കമാവും. 24 വരെ നീളുന്ന മഹോത്സവം ശനിയാഴ‌്ച രാവിലെ 9.30ന‌് ബിഇഎം ഗേൾസ‌് ഹൈസ‌്കൂളിൽ കഥാകൃത്ത‌് ടി പത്മനാഭൻ ഉദ‌്ഘാടനംചെയ്യും.
മികവുത്സവം മന്ത്രി എ കെ ശശീന്ദ്രനും വിദ്യാഭ്യാസ പ്രദർശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ‌്ഘാടനംചെയ്യും.
വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകൾ, വിദ്യാഭ്യാസവും കുട്ടികളും പ്രമേയമായി വരുന്ന സിനിമകൾ ഉൾക്കൊള്ളിച്ച ചലച്ചിത്രോത്സവം, കേരളത്തിന്റെ 200 വർഷത്തെ വിദ്യാഭ്യാസ ചരിത്രം രേഖപ്പെടുത്തുന്ന പ്രദർശനം, ഓരോ ജില്ലയിൽനിന്നും മൂന്ന‌് സ‌്കൂളുകൾ അവരുടെ മികവുകൾ അവതരിപ്പിക്കുന്ന മികവുത്സവം, 25 രാജ്യങ്ങളിൽനിന്നുള്ള പാഠ്യപദ്ധതികൾ പരിചയപ്പെടുത്തുന്ന വേൾഡ‌് കരിക്കുലം ലൈബ്രറി എന്നിവയാണ‌് മഹോത്സവത്തിന്റെ പ്രധാന സവിശേഷതകൾ. കലാപരിപാടികൾ, ക്വിസ‌് കോർണർ, പ്രദർശന സ‌്റ്റാളുകൾ, പുസ‌്തകോത്സവം, ഫുഡ‌്കോർട‌് എന്നിവയും ഉണ്ടാകും. ബിഇഎം ഹൈസ‌്കൂൾ കൂടാതെ ടിടിഐ സ‌്കൂൾ പരിസരം, ഡിടിപിസി ഗ്രൗണ്ട‌് എന്നിവയും വേദിയാകും.
ശനിയാഴ‌്ച പകൽ 11.30ന‌് ബിഇഎം സ‌്കൂളിൽ ‘ഭരണഘടനയും മൂല്യങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അഡ്വ. ഗീനകുമാരി അധ്യക്ഷയാകും. ജസ‌്റ്റിസ‌് കെമാൽ പാഷ, അഡ്വ. ഹരീഷ‌് വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും. പകൽ രണ്ടിന‌് ‘പൊതുവിദ്യാഭ്യാസം: വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിലും വൈകിട്ട‌് നാലിന‌് ‘വിദ്യാഭ്യാസവും രാഷ‌്ട്രീയവും’ എന്ന വിഷയത്തിലും സെമിനാർ നടക്കും. വൈകിട്ട‌് ആറിന‌് നടക്കുന്ന സാംസ‌്കാരിക സായാഹ്നം യു എ ഖാദർ ഉദ‌്ഘാടനംചെയ്യും. ഏഴിന‌് കേരള ഫോക‌്‌ലോർ അക്കാദമി അവതരിപ്പിക്കുന്ന തനത‌് കലാവിഷ‌്കാരം അരങ്ങേറും.
ചലച്ചിത്രോത്സവം ശനിയാഴ‌്ച വൈകിട്ട‌് നാലിന‌് സംവിധായകൻ ഡോ. ബിജു ഉദ‌്ഘാടനം ചെയ്യും. ദീദി ദാമോദരൻ മുഖ്യാതിഥിയാകും. മാനാഞ്ചിറ ഡിടിപിസി ഗ്രൗണ്ടിലാണ‌് ചലച്ചിത്രമേള. ശനിയാഴ‌്ച പകൽ 11 മുതൽ ചലച്ചിത്ര പ്രദർശനം ആരംഭിക്കും. പകൽ 11ന‌് ലഷ‌്കർ പലംഗി, രണ്ടിന‌് വാജ‌്ദ, അഞ്ചിന‌് ടു സർ വിത്ത‌് ലവ‌് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഞായറാഴ‌്ച രാവിലെ 9.30ന‌് ‘വിദ്യാഭ്യാസവും മാതൃഭാഷയും’ എന്ന സെമിനാറിൽ ഡോ. പി പവിത്രൻ, ഡോ. ഉമാമഹേശ്വര റാവു തുടങ്ങിയവർ പങ്കെടുക്കും. 11.30ന‌് ‘കേരളീയ നവോത്ഥാനവും വിദ്യാഭ്യാസവും’ എന്ന സെമിനാറിൽ എം എ ബേബി, ഡോ. കെ എൻ ഗണേശ‌്, കെ പി രമണൻ, കെ ടി കുഞ്ഞിക്കണ്ണൻ തുടങ്ങിയവരും രണ്ടിന‌് ലിംഗനീതിയും വിദ്യാഭ്യാസവും എന്ന സെമിനാറിൽ ജെ ദേവിക, ഖദീജ മുംതാസ‌്, ശീതൾ ശ്യാം, ഡോ. എം സി അബ‌്ദുൾ നാസർ എന്നിവരും വൈകിട്ട‌് 4.15ന‌് അധ്യാപനത്തിന്റെ രാഷ‌്ട്രീയം എന്ന സെമിനാറിൽ ഡോ. സി രാമകൃഷ‌്ണൻ, ഡോ. കെ പി മോഹനൻ, ഡോ. അനിത റാംപാൽ, പ്രൊഫ. സി പി അബൂബക്കർ, ഡോ. പി പി പ്രകാശൻ എന്നിവരും പങ്കെടുക്കും. വൈകിട്ട‌് ആറിന‌് ‘എഴുത്തും സംസ‌്കാരവും ’ എന്ന വിഷയത്തെ ആസ‌്പദമാക്കി നടക്കുന്ന സാംസ‌്കാരിക സമ്മേളനം എം മുകുന്ദൻ ഉദ‌്ഘാടനംചെയ്യും. വി ആർ സുധീഷ‌്, ജാനമ്മ കുഞ്ഞുണ്ണി, കെ വി മോഹൻകുമാർ എന്നിവർ സംസാരിക്കും.
ഞായറാഴ‌്ച ചലച്ചിത്രമേളയിൽ രാവിലെ 9.30ന‌് കില്ല, 11.30ന‌് നോട്ട‌് വൺ ലെസ‌്, രണ്ടിന‌് അങ്കുരം എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വൈകിട്ട‌് നാലിന‌് നടക്കുന്ന ഓപ്പൺ ഫോറത്തിൽ ജി പി രാമചന്ദ്രൻ, ചെലവൂർ വേണു, മധു ജനാർദനൻ, ടി വി സുനീത, ടി ദീപേഷ‌്, സംഗീത ചേനംപുല്ലി എന്നിവർ പങ്കെടുക്കും.
തിങ്കളാഴ‌്ച രാവിലെ 9.30ന‌് ‘അറിവും അവബോധവും ’ എന്ന വിഷയത്തിൽ സെമിനാർ നടത്തും. മന്ത്രി സി രവീന്ദ്രനാഥ‌്, ഡോ. എസ‌് ശാരദക്കുട്ടി, കെ ടി രാധാകൃഷ‌്ണൻ, ഡോ. പി കുട്ടികൃഷ‌്ണൻ എന്നിവർ സംസാരിക്കും. 11.40ന‌് ‘നവ ഉദാരവൽക്കരണവും ജനാധിപത്യവും’ എന്ന സെമിനാറിൽ എ വിജയരാഘവൻ, സുരോജിത‌് മജുംദാർ, കെ ഇ എൻ, സി പി നാരായണൻ എന്നിവരും 2.30ന‌് സാങ്കേതികവിദ്യാകാലത്തെ വിദ്യാഭ്യാസം എന്ന സെമിനാറിൽ ഡോ. ബി ഇക‌്ബാൽ, ഡോ. ഗുരുമൂർത്തി കാശിനാഥ‌്, ബി അബുരാജ‌്, അൻവർ സാദത്ത‌് എന്നിവരും പങ്കെടുക്കും.
വൈകിട്ട‌് അഞ്ചിന‌് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനംചെയ്യും. സുവനീർ പ്രകാശനം മന്ത്രി ടി പി രാമകൃഷ‌്ണനും പ്രബന്ധരേഖ ഏറ്റുവാങ്ങൽ മന്ത്രി സി രവീന്ദ്രനാഥും നിർവഹിക്കും. അഡ്വ. പി എ മുഹമ്മദ‌് റിയാസ‌്, രാജേന്ദ്രൻ എടത്തുംകര എന്നിവർ പ്രഭാഷണം നടത്തും. എംഎൽഎമാരായ പി ടി എ റഹീം, കെ ദാസൻ എന്നിവർ സംസാരിക്കും.
തിങ്കളാഴ‌്ച ചലച്ചിത്രോത്സവത്തിൽ രാവിലെ 9.30ന‌് ഫാൻഡ്രി, 11.30ന‌് ഡെഡ‌് പോയറ്റ‌്സ‌് സൊസൈറ്റി, രണ്ടിന‌് ക്ലാസ‌് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വൈകിട്ട‌് നാലിന‌് ഓപ്പൺഫോറം നടക്കും.
വാർത്താസമ്മേളനത്തിൽ കെഎസ‌്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ‌്ണൻ, സംഘാടക സമിതി ജനറൽ കൺവീനർ പി കെ സതീശ‌്, പ്രോഗ്രാം കോ–-ഓർഡിനേറ്റർ എ കെ അബ‌്ദുൾ ഹക്കീം, എം രാധാകൃഷ‌്ണൻ, വി പി ഇന്ദിര എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2rMtG89
via IFTTT
No comments:
Post a Comment