തിരുവനന്തപുരം
ദേശീയതലത്തിൽ ഭരണഘടനയെ വെല്ലുവിളിക്കുന്ന ശക്തികൾ കേരളത്തിൽ നവോത്ഥാനമൂല്യങ്ങൾ തകർത്ത‌് പഴയതിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആചാരങ്ങളുടെ പേര‌് പറഞ്ഞാണിത‌്. ശബരിമല വിധിയുടെ മറവിൽ കേരളത്തിനെതിരെ ഒളിയാക്രമണമാണ‌് നടത്തുന്നത‌്. വിശ്വാസികളെപാലും തെറ്റിദ്ധരിപ്പിച്ച‌് സവർണ പുരുഷാധിപത്യമൂല്യങ്ങൾ പുനഃസ്ഥാപിക്കാനാണ‌് ശ്രമം. കേരളത്തിന്റെ പാരമ്പര്യം മറന്നുള്ള നീക്കം പാഴ‌്ശ്രമമാണ‌്. ജനുവരി ഒന്നിന‌് നടക്കുന്ന വനിതാമതിലിൽ മുഴുവൻ സ‌്ത്രീകളും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ ശിശുവികസന വകുപ്പ‌് സംഘടിപ്പിച്ച സധൈര്യം മുന്നോട്ട‌് പരിപാടി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രിംകോടതി വിധിയുടെ മറവിൽ സ‌്ത്രീകളെ രണ്ടാംതരം പൗരൻമാരായി ചിത്രീകരിക്കുകയാണ‌് ഒരു വിഭാഗം. ആർത്തവം പോലും അശുദ്ധമാണെന്ന‌് ഇവർ പറയുന്നു. ആർത്തവത്തിന്റെ പേരിൽ സ‌്ത്രീകളെ മാറ്റി നിർത്തുന്നു. തങ്ങൾ മാറ്റി നിർത്തപ്പെടേണ്ടവരാണെന്ന‌് സ്ത്രീകളിൽത്തന്നെ ഒരു വിഭാഗം ചിന്തിക്കുന്നു. സവർണ പുരുഷമേധാവിത്വം സ്ത്രീകളിൽ അടിച്ചേൽപ്പിച്ചതാണ‌് ഈ മനോഭാവം. ഇതിൽനിന്ന‌് നമ്മുടെ സ‌്ത്രീകളെ പൂർണമായും മോചിപ്പിക്കണം.
വൈവിധ്യപൂർണ സാംസ‌്കാരിക ചരിത്രമുള്ള നാടാണ‌് കേരളം. ബഹുസ്വരതയാണ‌് ഇതിന്റെ ആധാരം. എന്നാൽ നമ്മുടെ രാജ്യത്തെ ചാതുർവർണ്യം ഈ സാംസ‌്കാരിക വൈവിധ്യങ്ങളെ തകർത്തു. ഹീനമായ വിവേചനങ്ങളാണ‌് നടപ്പാക്കിയത‌്. ചാതുർവർണ്യത്തിന‌് പുറത്ത‌് അവർണർ എന്നൊരു വിഭാഗത്തെ തന്നെ സൃഷ‌്ടിച്ചു.സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഉറപ്പുനൽകുന്ന ഭരണഘടന കത്തിക്കണമെന്ന വാദവും ചിലർ ഉയർത്തി. അത്തരം ഇരുണ്ട കാലത്തുനിന്ന‌് കേരളത്തെ മോചിപ്പിച്ചത‌് നവോത്ഥാനമാണ‌്. പുരുഷൻമാർക്കൊപ്പം സ‌്ത്രീകളും നവോത്ഥാനത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്നു. എന്നാൽ, ചില ഛിദ്രശക്തികൾ കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണ‌്. അതിനെതിരെ ജാഗ്രതപാലിക്കണം. ജനുവരി ഒന്നിന‌് നടക്കുന്ന വനിതാമതിൽ അത്തരം ജാഗ്രതയുടെ കൂടി ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QMohMm
via IFTTT
No comments:
Post a Comment