ഹൈക്കോടതിവിധിയെത്തുടർന്ന‌് എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട ഒഴിവുകളിൽ പിഎസ‌്സി നിയമനം പൂർത്തിയാവുക ഫെബ്രുവരിയോടെ. നിയമന ഉത്തരവ‌് ലഭിച്ചവർക്ക‌് ജോലിയിൽ ചേരാൻ 45 ദിവസംവരെ സാവകാശമുണ്ട‌്. ഇതിനുശേഷമേ ഒഴിവുകൾ വ്യക്തമാകൂ. അല്ലെങ്കിൽ ജോലിയിൽ പ്രവേശിക്കാൻ താൽപ്പര്യമില്ലെന്ന‌് അറിയിച്ച‌് ഉദ്യോഗാർഥി കെഎസ‌്ആർടിസിക്ക‌് കത്ത‌് നൽകണം.
വെള്ളിയാഴ‌്ചത്തെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയശേഷമാകും തുടർനടപടി സ്വീകരിക്കുകയെന്ന‌് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഉത്തരവിന്റെ പശ്ചാത്തലത്തിൽ എന്ത‌് നടപടി സ്വീകരിക്കണം എന്ന‌് ആരാഞ്ഞ‌് സിഎംഡി ടോമിൻ ജെ തച്ചങ്കരി സർക്കാരിന‌് കത്ത‌് നൽകിയിരുന്നു. ഇതേസമയം, നിയമന ഉത്തരവ‌് കൈപ്പറ്റാത്തവർക്ക‌് രജിസ‌്റ്റേഡ‌് തപാലിൽ അയക്കാൻ ആരംഭിച്ചു. ഉത്തരവ‌് ലഭിച്ചവർ തൊട്ടടുത്ത ഡിപ്പോയിൽ ഹാജരാകണമെന്നാണ‌് നിർദേശം. പിഎസ‌്സി നിയമന ശുപാർശ ലഭിച്ച 4051 പേരിൽ 1472 പേർ വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ച 60 പേരും നിയമന ഉത്തരവ‌് കൈപ്പറ്റി. ഇവർ ശനിയാഴ‌്ച ഡിപ്പോകളിലെത്തും. ഇവർക്ക‌് യുദ്ധകാലാടിസ്ഥാനത്തിൽ പരിശീലനം നൽകി ഒരാഴ‌്ചയ‌്ക്കകം സ്വതന്ത്രചുമതല ഏൽക്കാൻ പ്രാപ‌്തരാക്കും. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള മറ്റുനടപടികളും പുരോഗമിക്കുകയാണ‌്.
മെക്കാനിക്കൽ, മിനിസ്റ്റീരിയൽ വിഭാഗങ്ങളിൽനിന്ന‌് അപേക്ഷ നൽകിയ 220 പേർക്ക് സിഎംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരുമാസത്തെ കണ്ടക്ടർ ലൈസൻസ് അനുവദിച്ചു. പുതിയ കണ്ടക്ടർമാർ ജോലിയിൽ പ്രവേശിച്ച സാഹചര്യത്തിൽ ചില പരിഷ‌്കാരങ്ങൾ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പും തുടങ്ങി. ഉച്ചയ‌്ക്ക് തിരക്കില്ലാത്ത സമയത്ത് തുടർച്ചയായുള്ള സർവീസുകളിൽ ചിലത‌് നിർത്തുകയും തിരക്കാരംഭിക്കുന്ന സമയത്ത‌് സർവീസ് പുനരാരംഭിക്കുകയും ചെയ്യുമെന്ന‌് ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. നിശ്ചിത സ്റ്റോപ്പുകളിൽ അല്ലാതെ ബസുകൾ നിർത്തുന്നത് അവസാനിപ്പിക്കും.
വെള്ളിയാഴ‌്ച 998 ഷെഡ്യൂളുകൾ മുടങ്ങി. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന‌് ആവശ്യപ്പെട്ട‌് സംയുക്ത ട്രേഡ‌് യൂണിയൻ സമിതി സെക്രട്ടറിയറ്റ‌് മാർച്ച‌് നടത്തി. കെഎസ‌്ആർടിസി എംപാനൽ കണ്ടക്ടർമാരുടെ ലോങ്മാർച്ച‌് തിങ്കളാഴ‌്ച സെക്രട്ടറിയറ്റ‌് നടയിൽ സമാപിക്കും.
from Kerala || Deshabhimani Online News http://bit.ly/2rS9z8I
via IFTTT
No comments:
Post a Comment