പാളം അറ്റകുറ്റപ്പണികളുടെ പേരിൽ ഗതാഗതം നിയന്ത്രിക്കുന്നത‌് ക്രിസ‌്മസ‌്‌കാലത്ത‌് യാത്രാദുരിതം വർധിപ്പിക്കുന്നു. ഇടപ്പള്ളി, ചിങ്ങവനം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ‌് പാളം മാറ്റുന്നത‌്. ഇതിന്റെ പേരിൽ 23 വരെയാണ‌് ഇപ്പോൾ നിയന്ത്രണം. ഇത‌് നീളുമെന്നാണ‌് സൂചന. മിക്ക ട്രെയിനുകളും അരമണിക്കൂർമുതൽ രണ്ടരമണിക്കൂർവരെ വൈകിയാണ‌് ഓടുന്നത‌്. പാസഞ്ചറുകൾ റദ്ദ‌്ചെയ്യുന്നതും വ്യാപകമാണ‌്.
ചിങ്ങവനത്തെ അറ്റകുറ്റപ്പണിയാണ‌് സർവീസുകളെ ഏറെയും ബാധിച്ചത‌്. 11 പ്രധാന എക‌്സ‌്പ്രസ‌് ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിട്ടു. ഏഴു പാസഞ്ചറുകളും നാല‌് മെമു ട്രെയിനുകളും റദ്ദാക്കി. ഫലത്തിൽ സംസ്ഥാനത്തെ മൊത്തം ട്രെയിൻഗതാഗതത്തെ ബാധിച്ചു.
തിരുവനന്തപുരം–-ഹൈദരാബാദ‌് (ശബരി), ന്യൂഡൽഹി–-തിരുവനന്തപുരം (കേരള), നാഗർകോവിൽ–-മംഗളൂരു (പരശുറാം), കന്യാകുമാരി–-മുംബൈ സിഎസ‌്എംടി (ജയന്തി), കൊച്ചുവേളി–-ലോകമാന്യതിലക‌്, കൊച്ചുവേളി–-ഡെറാഡൂൺ, ഡെറാഡൂൺ–-കൊച്ചുവേളി, ബംഗളൂരു–-കന്യാകുമാരി (ഐലൻഡ‌്), കണ്ണൂർ–-തിരുവനന്തപുരം ജനശതാബ‌്ദി, നിസാമുദ്ദീൻ–-തിരുവനന്തപുരം, വിശാഖപട്ടണം–-കൊല്ലം എന്നീ എക‌്സ‌്പ്രസ‌് ട്രെയിനുകളാണ‌് തിരിച്ചുവിട്ടത്.
കൊല്ലം–-കോട്ടയം, കോട്ടയം–-കൊല്ലം, കോട്ടയം വഴിയുള്ള എറണാകുളം–-കായംകുളം , കായംകുളം–-എറണാകുളം, ആലപ്പുഴ വഴിയുള്ള എറണാകുളം–-കായംകുളം, കായംകുളം–-എറണാകുളം, എറണാകുളം–-ആലപ്പുഴ പാസഞ്ചർ സർവീസുകൾ പൂർണമായും റദ്ദാക്കി. എറണാകുളത്തുനിന്ന‌് കോട്ടയംവഴി കൊല്ലത്തേക്കും തിരിച്ചുമുള്ള നാലു മെമു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട‌്.
കോട്ടയംവഴിയുള്ള ഗുരുവായൂർ–-പുനലൂർ, പുനലൂർ–-ഗുരുവായൂർ, ആലപ്പുഴവഴിയുള്ള കായംകുളം–-എറണാകുളം എന്നീ പാസഞ്ചറുകൾ ഭാഗികമായി റദ്ദാക്കി. സ‌്പെഷ്യൽ ട്രെയിനുകളെയും അറ്റകുറ്റപ്പണി ബാധിച്ചു. കൊല്ലം–-മച്ചിലിപ്പട്ടണം, കൊല്ലം–-കാക്കിനഡ, കൊല്ലം–-വിജയവാഡ, കൊല്ലം–-വിശാഖപട്ടണം എന്നീ സ‌്പെഷ്യൽ ട്രെയിനുകൾ ശരാശരി രണ്ടു മണിക്കൂറാണ‌് വൈകുന്നത‌്. ജയന്തി എക‌്സ‌്പ്രസ‌്, കേരള എക‌്സ‌്പ്രസ‌് ട്രെയിനുകൾ 45 മിനിറ്റ‌്മുതൽ രണ്ടുമണിക്കൂർവരെ വൈകുന്നു. ചെന്നൈ സെൻട്രൽ –-കൊല്ലം സ‌്പെഷ്യൽ ട്രെയിൻ 22ന‌് അഞ്ചു മണിക്കൂറാണ‌് വൈകുന്നത‌്.
ഇടപ്പള്ളി സ‌്റ്റേഷനിലെ അറ്റകുറ്റപ്പണിയുടെ പേരിൽ വെള്ളിയാഴ‌്ച എറണാകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽനിന്ന‌് സർവീസ‌് ആരംഭിക്കുന്ന നാല‌് പാസഞ്ചറുകൾ റദ്ദാക്കി. തിരുവനന്തപുരം–-മധുര (അമൃത), നാഗർകോവിൽ–-മംഗളൂരു (പരശുറാം), തിരുവനന്തപുരം–-ഹൈദരാബാദ‌് (ശബരി) എന്നീ എക‌്സ‌്പ്രസ‌് ട്രെയിനുകൾ 1.15 മണിക്കൂർ വരെയാണ‌് എറണാകുളത്ത‌് പിടിച്ചിടുന്നത‌്. മറ്റു ട്രെയിനുകളിൽ പലതിനും അരമണിക്കൂറോളം നിയന്ത്രണമുണ്ട‌്. കൂടാതെ ഫരീദാബാദിലെ അറ്റകുറ്റപ്പണിയുടെ പേരിലും സംസ്ഥാനത്ത‌് ട്രെയിൻ നിയന്ത്രണമുണ്ട‌്. മറ്റ‌് സംസ്ഥാനങ്ങളിൽ നിന്ന‌് നാട്ടിലേക്ക‌് വരുന്നവർക്കാണ‌് നിയന്ത്രണം ദുരിതമാകുന്നത‌്. അവധിക്കാലംതന്നെ അറ്റകുറ്റപ്പണിക്കായി തെരഞ്ഞെടുത്തത‌് യാത്രാക്ലേശം വർധിപ്പിച്ചെന്ന‌് പാസഞ്ചേഴ‌്സ‌് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
എം പാനലുകാരെ ഒഴിവാക്കിയതിനെത്തുടർന്ന‌് കെഎസ‌്ആർടിസി സർവീസ‌് വെട്ടിക്കുറച്ചതും കൂടിയായപ്പോൾ യാത്രക്കാരുടെ അവസ്ഥ പരിതാപകരമായി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ശബരിമല തീർഥാടകരും റെയിൽവേ നടപടിമൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2LsQbrC
via IFTTT
No comments:
Post a Comment