തിരുവനന്തപുരം > കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽനിന്ന‌് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല ഉൾപ്പെടെ പ്രമുഖർ വിട്ടുനിന്നതോടെ പുനഃസംഘടന ത്രിശങ്കുവിലായി. 21 അംഗ സമിതിയിലെ 12 അംഗങ്ങൾ മാത്രമാണ‌് പങ്കെടുത്തത‌്. വലിയവിഭാഗം വിട്ടുനിന്നതോടെ പുനഃസംഘടനാവിഷയം ചർച്ച ചെയ്യാൻ പോലുമാകാതെ യോഗം അവസാനിപ്പിച്ചു.
ലോക‌്സഭാ തെരഞ്ഞെടുപ്പിനുമുമ്പ‌് പുനഃസംഘടന പൂർത്തിയാക്കുന്നതിന്റെ മുന്നോടിയായാണ‌് പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗം വിളിച്ചുചേർത്തത‌്. ദിവസങ്ങൾക്കുമുമ്പ‌് അറിയിപ്പ‌് നൽകിയെങ്കിലും പലരും ബോധപൂർവം വിട്ടുനിന്നു. പുതിയ ഭാരവാഹികളായ കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ‌്, യുഡിഎഫ‌് കൺവീനർ ബെന്നി ബെഹനാൻ എന്നിവർക്ക‌് പുറമെ വി എം സുധീരൻ, ഷാനിമോൾ ഉസ‌്മാൻ, എം ലിജു, കെ സി ജോസഫ‌് തുടങ്ങിയവരാണ‌് യോഗത്തിൽ പങ്കെടുത്തത‌്.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നതോടെ പുനഃ സംഘടനാ ചർച്ചതന്നെ വഴിമുട്ടി. എന്നാൽ, പുനഃസംഘടനയ‌്ക്ക‌് ഹൈക്കമാൻഡ‌് അംഗീകാരം നൽകിയതായും തെരഞ്ഞെടുപ്പിനുമുമ്പ‌് ഇത‌് പുർത്തിയാക്കണമെന്നും നിർദേശിച്ചു. വി എം സുധീരൻ ഉൾപ്പെടെ ചിലർ ഈ നിർദേശത്തോട‌് യോജിപ്പ‌് പ്രകടിപ്പിച്ചെങ്കിലും മറ്റുള്ളവർക്ക‌് അനുകൂല പ്രതികരണമല്ല. ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി വിശദാംശങ്ങൾ ചർച്ചചെയ‌്ത‌് തീരുമാനമെടുക്കാമെന്നുമാത്രമാണ‌് യോഗത്തിലുണ്ടായ ധാരണ.
പ്രസിഡന്റ‌് റബർ സ്റ്റാമ്പായി
മുല്ലപ്പള്ളി രാമചന്ദ്രനെ ഒരുതരത്തിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന എ–-ഐ ഗ്രൂപ്പുകളുടെ നിലപാടാണ‌് ഈ യോഗത്തിലും പ്രകടമായത‌്. പ്രസിഡന്റ‌് അറിയാതെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്ന‌് യുഡിഎഫിന്റെപേരിൽ എടുക്കുന്ന തീരുമാനങ്ങൾ മാത്രമാണ‌് ഇപ്പോൾ നടപ്പാക്കുന്നത‌്. ശബരിമല വിഷയത്തിൽ നിയമസഭയ‌്ക്കകത്തും പുറത്തും നടന്ന സമരം മുല്ലപ്പള്ളിയുമായി ആലോചിച്ച‌് തീരുമാനിച്ചതല്ല.
പ്രസിഡന്റിനെ വെറും റബർ സ‌്റ്റാമ്പ‌് ആക്കി മാറ്റുന്നുവെന്ന‌് ഗ്രൂപ്പിനതീതമായി പ്രവർത്തിക്കുന്നവർ കുറ്റപ്പെടുത്തുന്നു. സുധീരനുണ്ടായ അതേ അനുഭവമാണ‌് മുല്ലപ്പള്ളിക്കും. യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പ‌് അട്ടിമറിച്ചതിന‌് സമാനമായി പുനഃസംഘടനയും അട്ടിമറിക്കാനാണ‌് അണിയറ നീക്കം.യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പ‌് നടത്തിയാൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പ്രത്യാഘാതമുണ്ടാകുമെന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട‌്. ഇതേ നിലപാടാണ‌് പുനഃസംഘടനയുടെ കാര്യത്തിലും. പുതിയ പ്രസിഡന്റ‌്, വർക്കിങ‌് പ്രസിഡന്റുമാർ, പ്രചാരണവിഭാഗം അധ്യക്ഷൻ എന്നിവർ വന്നശേഷം പഴയ ജംബോ കമ്മിറ്റി ഇല്ലാതായി. പുനഃസംഘടന നടന്നാൽ ജംബോ കമ്മിറ്റിയിലെ പലരും പുറത്താകും. അതിന്റെ പ്രത്യാ ഘാതമാണ‌് ഗ്രൂപ്പ‌് മാനേജർമാർ ചിന്തിക്കുന്നത‌്.
വർക്കിങ് പ്രസിഡന്റുമാർ വന്നതിനാൽ പുതിയ ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ വൈസ‌് പ്രസിഡന്റുമാരുണ്ടാകില്ല. നിലവിലുള്ള വൈസ‌് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും എന്തുചെയ്യുമെന്നതാണ‌് പ്രശ‌്നം. സ്ഥാനം നഷ്ടപ്പെട്ട ഒമ്പത‌് ഡിസിസി പ്രസിഡന്റുമാരെയും ഉൾക്കൊള്ളാനുണ്ട‌്. എന്തുവന്നാലും സങ്കീർണമായ അവസ്ഥ.
ഗ്രൂപ്പുകൾക്ക‌് പുറത്തുള്ളവരെ കൊണ്ടുവരാനാണ‌് മുല്ലപ്പള്ളി ആഗ്രഹിക്കുന്നത‌്. എന്നാൽ, അവർ വഴങ്ങില്ല. ഒടുവിൽ സുധീരൻപോയ വഴിയിൽ മുല്ലപ്പള്ളിയും പോകുമെന്നൊണ‌് ഗ്രൂപ്പ‌് മാനേജർമാർ പ്രതീക്ഷിക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2BnjGXu
via IFTTT
No comments:
Post a Comment