കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്ന സുശീലാഗോപാലന്റെയും എ കണാരന്റെയും ചരമവാർഷികം 19ന് സമുചിതമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. സുശീലാ ഗോപാലൻ അന്തരിച്ച‌് 17 വർഷം പിന്നിടുകയാണ്. പാർടി കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചു. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. 1971 ൽ രൂപീകരിച്ച കയർ വർക്കേഴ്സ് സെന്റർ സ്ഥാപക പ്രസിഡന്റായിരുന്നു. ജീവിതാവസാനംവരെ ആ പദവിയിൽ തുടർന്നു. വ്യവസായ മന്ത്രി, പാർലമെന്റംഗം എന്നീ നിലകളിലും ശ്രദ്ധേയ പ്രവർത്തനം കാഴ‌്ചവച്ചു.
കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായ എ കണാരൻ വിട്ടുപിരിഞ്ഞിട്ട‌് 13 വർഷം തികയുകയാണ്. നിയമസഭയ്ക്കകത്തും പുറത്തും കർഷകത്തൊഴിലാളികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് വിട്ടുവീഴ്ചയില്ലാതെ പോരാടി. പാർടി സംസ്ഥാന സെക്രട്ടറിയറ്റംഗമായിരിക്കെയാണ് അന്തരിച്ചത്.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കൃഷിക്കാരും തൊഴിലാളികളും പ്രക്ഷോഭ രംഗത്തുവരുന്ന ഘട്ടത്തിലാണ് അനുസ്മരണങ്ങൾ സംഘടിപ്പിക്കുന്നത്. ബിജെപി സർക്കാരിന്റെ ഭരണം ജനങ്ങൾക്കുമേൽ കൊടിയ ദുരിതമാണ് അടിച്ചേൽപ്പിച്ചത‌്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാകുന്നു. കർഷക ആത്മഹത്യ വർധിക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും തകർക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജനം വോട്ടുചെയ‌്തു. ആക്രമണോത്സുക വർഗീയ അജൻഡയുമായി ബിജെപി മുന്നോട്ടുപോകുകയാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കി ദേശീയ ബദൽ സൃഷ്ടിച്ചു. സർക്കാരിന് ജനപിന്തുണ വർധിക്കുന്നൂവെന്ന് മനസ്സിലാക്കിയ വലതുപക്ഷശക്തികൾ സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കവും ശക്തിപ്പെടുത്തി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് വിശ്വാസികളെ സർക്കാരിനും പാർടിയ്ക്കുമെതിരെ തിരിച്ചുവിടാൻ ബിജെപിയും കോൺഗ്രസും പരിശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ തുറന്നുകാണിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തുവരണം. നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ജനുവരി ഒന്നിന‌് പടുത്തുയർത്തുന്ന വനിതാമതിൽ കേരള ചരിത്രത്തിലെ പുതിയ അധ്യായമായി മാറും. മതിൽ വിജയിപ്പിക്കാൻ നാടാകെ ഒന്നിക്കുമ്പോൾ സുശീലാ ഗോപാലന്റെയും എ കണാരന്റെയും ഓർമകൾ കരുത്താകും. പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ നടത്തിയും ദിനാചരണം വിജയിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
from Kerala || Deshabhimani Online News https://ift.tt/2SPQFdV
via IFTTT
No comments:
Post a Comment