പയ്യന്നൂർ
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം മോഡിയുടെ അധഃപതനത്തിന്റെ ആരംഭമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. അപരാജിതരെന്ന് മേനി നടിച്ചവർ മണൽകൊട്ടാരംപോലെ തകരുന്ന കാഴ്ചയാണ് കണ്ടത്. ബിജെപി തോൽപ്പിക്കാൻ പറ്റുന്ന പാർടിയാണെന്ന് തെളിഞ്ഞു. ഇത് ഇടതുപക്ഷം നേരത്തെ പറഞ്ഞതാണ്. കഴിഞ്ഞതവണ പോക്കറ്റടിച്ച് നേടിയ വിജയമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച‌് നേടിയ വിജയം. രാജ്യത്തിന്റെ സമ്പത്ത് ധൂർത്തടിച്ച മോഡി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ കരുതൽ ധനശേഖരം കൊള്ളയടിക്കാനുള്ള ശ്രമത്തിലാണ്. കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്റെ 72ാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി സ്ഥാപനവൽക്കരിക്കുകയാണ് മോഡി. അവസാന ഉദാഹരണമാണ് ഇലക്ടറൽ ബോണ്ട്. റഫേൽ പുകഞ്ഞുകൊണ്ടിരിക്കുന്നു.
ഇന്ത്യൻ രാഷ്ട്രീയം ദിശാ മാറ്റത്തിന്റെ ഘട്ടത്തിലാണ്. രാജസ്ഥാനിൽ സിപിഐ എം നേടിയ രണ്ട് സീറ്റുകളിലെ വിജയം സൂചനയാണ്. പുതിയ രാഷ്ട്രീയ ചേരി സാധ്യമാണെന്ന പ്രതീക്ഷ രാജ്യമാകെ ഉയരുന്നു. കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും മഹിളകളുടെയും ദളിതരുടെയും മഹാ സമരങ്ങൾ ഭാവി ഇന്ത്യയെ നിർണയിക്കും. ചില സംസ്ഥാനങ്ങളിൽ മൃദുഹിന്ദുത്വം പരീക്ഷിച്ച കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറി. ജനവിരുദ്ധ സാമ്പത്തിക നയത്തിന്റെ പിതൃത്വത്തെ ചൊല്ലിയാണ് അവർ തമ്മിലുള്ള തർക്കം. കേരള സമൂഹത്തിൽ നവോത്ഥാനത്തിനു ശേഷം ബാക്കി കിടന്ന മാലിന്യം കഴുകി വൃത്തിയാക്കാനുള്ള സുവർണാവസരമാണ് ശബരിമല വിവാദം സമ്മാനിച്ചത്. സമൂഹത്തിന്റെ ഉള്ളിൽ കിടക്കുന്ന അഴുക്കും പഴുപ്പും പൊട്ടിയൊലിച്ചു. പുരോഗമന കേരളത്തിൽ ആശയ വ്യക്തതയില്ലാത്ത ചിലർകൂടിയുണ്ടെന്ന് ഈ ഘട്ടം തെളിയിച്ചു.
ഒരു വർഷത്തിനിടെ ഓഖി, നിപാ, പ്രളയം എന്നീ ദുരന്തങ്ങൾ ഉണ്ടായപ്പോൾ കേരളത്തിന്റെ കെട്ടുറപ്പ് ബോധ്യപ്പെട്ടു. പ്രളയകാലത്തെ യുവതലമുറയുടെ ഇടപെടൽ പ്രതീക്ഷാനിർഭരമാണ്. 65000 പേരെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾക്കാണ് ദൈവത്തിനു നൽകുന്ന ബഹുമാനം കൈമാറേണ്ടത്. ജാതി മത ഭേദമില്ലാതെ കേരളം ഒരുമിച്ചു. എന്നാൽ സങ്കുചിത ശക്തികൾ വിചാരിച്ചാൽ ഈ കെട്ടുറപ്പ് ശിഥിലമാക്കാൻ കഴിയുമെന്ന് നാം കണ്ടു. പ്രളയം മലയാളിക്ക് പാരിസ്ഥിതികമായ ചില അവബോധവും പകർന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള നിർമിതിക്ക് ഒരുങ്ങുന്നത്. സ്ത്രീ തുല്യതക്കായുള്ള പോരാട്ടത്തിന്റെ കാലത്ത് കൃഷിക്കാരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭകാലത്ത് കരിവെള്ളൂർ രക്തസാക്ഷിത്വ സ്മരണ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.
കരിവെളളൂർ രക്തസാക്ഷികൾക്ക‌് നാടിന്റെ ഹൃദയാഭിവാദ്യം
കരിവെളളൂർ
ജന്മി–-നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തിൽ ചോരകൊണ്ട് ചരിത്രമെഴുതിയ കരിവെള്ളൂർ രക്തസാക്ഷികൾക്ക‌് നാടിന്റെ സ‌്മരണാഞ‌്ജലി. 72﹣-ാം രക്തസാക്ഷിത്വസ‌്മരണ പുതുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും നൂറുകണക്കിനാളുകളാണ‌് എത്തിയത‌്. രക്തസാക്ഷികളായ തിടിൽ കണ്ണനും കീനേരി കുഞ്ഞമ്പുവും വെടിയേറ്റുവീണ കുണിയൻ സമരഭൂമിയിലെ രക്തസാക്ഷിമണ്ഡപത്തിൽ സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റിയംഗം കെ നാരായണൻ വ്യാഴാഴ‌്ച രാവിലെ പതാക ഉയർത്തിയതോടെ ദിനാചരണപരിപാടികൾക്ക‌് തുടക്കമായി. പി കുഞ്ഞികൃഷ‌്ണൻ സ്വാഗതം പറഞ്ഞു.
വൈകിട്ട‌് കുണിയൻ സമരഭൂമിയിൽനിന്നും രക്തസാക്ഷി നഗറിലേക്ക‌് വളണ്ടിയർ മാർച്ച‌് നടന്നു. തുടർന്ന‌് ഓണക്കുന്ന‌് കേന്ദ്രീകരിച്ച‌് നടന്ന പൊതുപ്രകടനത്തിൽ സ‌്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അണിചേർന്നു. "കരിവെള്ളൂർ രക്തസാക്ഷികൾക്ക‌് മരണമില്ല, ഞങ്ങളിലൂടെ ജീവിക്കുന്നു' എന്ന മുദ്രവാക്യവുമായി നീങ്ങിയ പ്രകടനത്തിന‌് അഭിവാദ്യമർപ്പിക്കാൻ നൂറുകണക്കിനാളുകൾ പാതയോരങ്ങളിൽ തടിച്ചു കൂടി.
രക്തസാക്ഷി നഗറിൽ പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ‌്തു. ദിനാചരണ കമ്മിറ്റി ചെയർമാൻ ഇ പി കരുണാകരൻ അധ്യക്ഷനായി. പി കരുണാകരൻ എംപി, പി പി സുനീർ, പി ജയരാജൻ, , അഡ്വ. പി സന്തോഷ‌് കുമാർ, ടി ഐ മധുസൂദനൻ, സി കൃഷ്ണൻ എംഎൽഎ, എം രാജഗോപാലൻ എംഎൽഎ, വി നാരായണൻ, കെ പി മധു എന്നിവർ സംസാരിച്ചു. ദിനാചരണകമ്മിറ്റി ജനറൽ കൺവീനർ പി രമേശൻ സ്വാഗതം പറഞ്ഞു. വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ ‘വെയിൽ’ നാടകവും അരങ്ങേറി.
from Kerala || Deshabhimani Online News http://bit.ly/2rK3V8y
via IFTTT
No comments:
Post a Comment