തിരുവനന്തപുരം
രാജ്യത്ത‌് സ്റ്റാർട്ടപ‌് സംരംഭങ്ങൾക്ക‌് അനുകൂല സാഹചര്യമുള്ള മികച്ച നാല‌് സംസ്ഥാനങ്ങളിലൊന്നായി കേരളം. ദീർഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനം, നൂതനസ്വഭാവം, സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവയോടെയാണ‌് കേരളം ഇന്ത്യയിലെ സ്റ്റാർട്ടപ് റാങ്കിങ്ങിൽ മികച്ച നാലുസംസ്ഥാനങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടത‌്. എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തിയശേഷം സ്റ്റാർട്ടപ‌് സംരംഭങ്ങൾക്ക‌് നൽകിയ പിന്തുണയാണ‌് കേരളത്തിന‌് കരുത്തായത‌്.
കേന്ദ്ര വ്യവസായനയ- പ്രോത്സാഹന വകുപ്പ് (ഡിഐപിപി) തയ്യാറാക്കിയ ദേശീയ റാങ്കിങ്ങിൽ കർണാടക, ഒഡിഷ, രാജസ്ഥാൻ എന്നിവയ്ക്കൊപ്പമാണ് കേരളം. 27 സംസ്ഥാനവും മൂന്ന് കേന്ദ്രഭരണ പ്രദേശവുമാണ് മികവിനുവേണ്ടി മത്സരിച്ചത്. ബുധനാഴ്ച ഡൽഹിയിലായിരുന്നു തെരഞ്ഞെടുപ്പ്. കേരളത്തിൽ സ്റ്റാർട്ടപ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ സ്ഥാപനമായ കേരള സ്റ്റാർട്ടപ് മിഷന്റെ സിഇഒ ഡോ. സജി ഗോപിനാഥ് ഡിഐപിപി സെക്രട്ടറി രമേഷ് അഭിഷേകിൽനിന്ന് മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് സ്വീകരിച്ചു. സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കർ, സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് എന്നിവരെ അനുമോദിച്ചു.
സ്റ്റാർട്ടപ് നയത്തിലൂടെ സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണ, എല്ലാ ജില്ലകളിലും സംരംഭക സെല്ലുകൾ, സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട് എന്നിവയിലൂടെ കേരളം കാഴ്ചവച്ച മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ എടുത്തുപറഞ്ഞത്. സ്റ്റാർട്ടപ് നയം നടപ്പാക്കുന്നതിലും ഇൻകുബേഷൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിലും സ്റ്റാർട്ടപ് പ്രക്രിയയിലെ സീഡിങ‌്, ഇന്നവേഷൻ എന്നിവയിലും മികവുകാട്ടി.
അഞ്ചുലക്ഷം ചതുരശ്രയടി ഇൻകുബേഷൻ സ്ഥലം സ്റ്റാർട്ടപ്പുകൾക്കായി മാറ്റിവച്ചിട്ടുണ്ട്. സ്കൂളുകളിൽപോലും ഇൻകുബേഷൻ സെല്ലുകളുണ്ട്. സംസ്ഥാനത്ത് 30 ഇൻകുബേറ്ററാണുള്ളത്. നിക്ഷേപകരെ കേരളത്തിലേയ്ക്ക് ആകർഷിക്കാൻ ഫണ്ട് ഓഫ് ഫണ്ട് എന്ന സംവിധാനവുമുണ്ട‌്. ഈ നടപടികളിലൂടെ രണ്ടായിരത്തോളം സ്റ്റാർട്ടപ്പുകളെ സൃഷ്ടിക്കാൻ കേരളത്തിന‌് കഴിഞ്ഞു. ഇവയിൽ പലതിനും രാജ്യാന്തര തലത്തിൽവരെ അംഗീകാരം ലഭിച്ചു.
from Kerala || Deshabhimani Online News http://bit.ly/2LAurKN
via IFTTT
No comments:
Post a Comment