ആലപ്പുഴ
കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന രാജ്യത്തെ ആദ്യ വാട്ടർബസ‌് സർവീസ‌് ആലപ്പുഴയിൽ ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനറിപ്പോർട്ട‌് അടുത്തയാഴ‌്ച സർക്കാരിന‌് സമർപ്പിക്കും. കൊച്ചി ശാസ‌്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ്പ് ടെക്‌നോളജി വിഭാഗം അധ്യാപകൻ ഡോ. സി ബി സുധീറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനറിപ്പോർട്ടാണ‌് സർക്കാരിന‌് സമർപ്പിക്കുക.
ഉൾനാടൻ ജലപാതയിൽ വാട്ടർബസ് ഓടിക്കുന്നതിനെപ്പറ്റിയുള്ള സാധ്യതാ പഠനം കഴിഞ്ഞയാഴ‌്ചയാണ‌് പൂർത്തിയായത‌്. ടൂറിസവും കൂടുതൽ യാത്രാസൗകര്യവും ലക്ഷ്യമിട്ടാണ‌് ജലഗതാഗതവകുപ്പ‌് സുപ്രധാന പഠനത്തിന‌് തയ്യാറായത‌്. ഈ വർഷം ആദ്യം കൊച്ചി സർവകലാശാലയുമായി ബന്ധപ്പെട്ടാണ‌് പഠനത്തിനുള്ള ചർച്ചകൾ തുടങ്ങുന്നതും.
വിവിധ പ്രദേശങ്ങളിലെ ജലപാതയിൽ ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ സംഘം വാട്ടർബസ് സർവീസ് നടത്തുന്നതിനുള്ള പ്രയോഗികവും സാങ്കേതികവുമായ സാധ്യതകളാണ‌് പരിശോധിക്കുന്നത‌്. വാട്ടർബസിന‌് സഞ്ചരിക്കാനുള്ള മാർഗം, ദ്വീപുകളെ തമ്മിലുള്ള ബന്ധിപ്പിക്കൽ, കരയിലേക്ക‌് കയറാനും വെള്ളത്തിലേക്ക‌് ഇറങ്ങാനുമുള്ള റാംപ‌് എന്നിവയാണ‌് പരിശോധിച്ചത‌്.
പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജലഗതാഗത വകുപ്പിന്റെ തീരുമാനം. ആദ്യഘട്ടത്തിൽ പെരുമ്പളം, പാണാവള്ളി, തവണക്കടവ്, വൈക്കം തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാരമേഖലയെ കൂടി കണക്കിലെടുത്താണ് വാട്ടർബസ് എന്ന ആശയം അവതരിപ്പിക്കുന്നത്. പ്രളയസമയത്ത‌് പല മേഖലകളിലും രക്ഷാപ്രവർത്തനത്തിന് ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടുകളും ആംബുലൻസ് ബോട്ടുകളും ഏറെ പ്രയോജനപ്പെട്ടിരുന്നു.
വാട്ടർബസ‌് ആലപ്പുഴയിൽ പ്രായോഗികമാണെന്ന‌് സി ബി സുധീർ പറഞ്ഞു. പരിശോധനയിൽ തടസങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളിലടക്കം വർഷങ്ങൾക്ക‌് മുമ്പേ ഈ സംവിധാനം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ബോട്ടിൽനിന്ന‌് ഇറങ്ങാനും തിരികെ കയറാനുമുള്ള ബുദ്ധിമുട്ടാണ‌് വാട്ടർബസിനെക്കുറിച്ച‌് ആലോചിക്കാൻ കാരണമായത‌്. വിദേശരാജ്യങ്ങളിൽ വോൾവോ, സ‌്കാനിയ തുടങ്ങിയ കമ്പനികളുടെ ബസിൽ ബോട്ടിനുംകൂടിയുള്ള സംവിധാനങ്ങൾ ചേർത്താണ‌് വാട്ടർബസ‌് നിർമിക്കുന്നതെന്ന‌് സുധീർ പറഞ്ഞു.
വേഗ 120, സോളാർ ബോട്ട‌് തുടങ്ങിയ പദ്ധതികളിലും ജലഗതാഗത വകുപ്പുമായി ചേർന്ന‌് പ്രവർത്തിച്ചതാണ‌് കുസാറ്റിലെ ഷിപ്പ‌് ടെക‌്നോളജി വിഭാഗമെന്ന‌് ജലഗതാഗത വകുപ്പ‌് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. വൈക്കം - തവണക്കടവിൽ ആരംഭിച്ച സോളാർ ബോട്ട് വലിയ വിജയമായി. അങ്ങനെയാണ‌് യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിൽ ആദ്യമായി വൈക്കം-–- എറണാകുളം റൂട്ടിൽ ആഡംബര ബോട്ട് സർവീസ് ആരംഭിക്കുന്നത്. ഇതോടൊപ്പം നിലവിലുള്ള സർവീസുകൾ യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായി ക്രമീകരിക്കാനും വകുപ്പ് ലക്ഷ്യമിടുന്നതായും ഷാജി വി നായർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Br0MyZ
via IFTTT
No comments:
Post a Comment