ന്യൂഡല്‍ഹി > മിസോറം ഗവർണറായ കുമ്മനം രാജശേഖരനെ സംഘടനാ പ്രവർത്തനങ്ങൾക്കായി കേരളത്തിലേക്ക‌് മടക്കിവിളിക്കുന്ന കാര്യത്തിലും സംഘപരിവാറിൽ ഭിന്നത. ആർഎസ‌്എസിലെയും ബിജെപിയിലെയും ഒരുവിഭാഗം കുമ്മനത്തെ തിരികെ വിളിക്കണമെന്ന നിലപാടിലാണ‌്. ശബരിമല വിഷയത്തിൽ ബിജെപിയുടെ സമരപരിപാടികൾ പൂർണമായും പാളിയ സാഹചര്യത്തിലാണ‌് ഇവരുടെ ആവശ്യം. എന്നാൽ, ബിജെപിയിലെ വി മുരളീധരൻ പക്ഷവും ആർഎസ‌്എസിലെ ഒരുവിഭാഗവും ഇതിനെ ശക്തമായി എതിർക്കുന്നു.
കുമ്മനത്തെ ഗവർണർ സ്ഥാനത്ത‌് നിന്നുമാറ്റി കേരളത്തിൽ വീണ്ടും സംഘടനാചുമതലയിൽ നിയോഗിക്കാൻ ആർഎസ‌്എസ‌് കേന്ദ്ര നേതൃത്വത്തിൽ ചിലർ ബിജെപിയോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. എന്നാൽ, ബിജെപി അധ്യക്ഷൻ അമിത‌് ഷാ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. മിസോറം ഉൾപ്പെടെ അഞ്ച‌് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ‌് ഫലം 11 ന‌് വരും. അതിനുശേഷമാകും കുമ്മനത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.
കേന്ദ്ര നേതൃത്വം പുനരാലോചനകളിലേക്ക‌് കടന്ന ഘട്ടത്തിൽത്തന്നെ കേരളത്തിൽനിന്ന‌് ഭിന്നസ്വരങ്ങളുയർന്നുകഴിഞ്ഞു. കുമ്മനത്തെ തിരികെ വിളിക്കണമെന്ന‌് ആവശ്യപ്പെട്ടിട്ടില്ലെന്ന‌് ആർഎസ‌്എസ‌് പ്രാന്ത കാര്യവാഹ‌് ഗോപാലൻകുട്ടി മാധ്യമങ്ങളോട‌് പറഞ്ഞു. ഗവർണറായി നിയമിച്ച ഘട്ടത്തിൽ വിയോജിപ്പ‌് അറിയിച്ചിരുന്നു. കൂടിയാലോചനകൾ നടത്താതെ കുമ്മനത്തെ ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന‌് മാറ്റിയതിലാണ‌് എതിർപ്പ‌് പ്രകടമാക്കിയത‌്. എന്നാൽ തിരികെ വിളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല–- ഗോപാലൻകുട്ടി പറഞ്ഞു.
കുമ്മനത്തെ തിരികെ കൊണ്ടുവരുന്നതിനെതിരേ വി മുരളീധരൻപക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ശ്രീധരൻപിള്ളയെ ബിജെപി അധ്യക്ഷസ്ഥാനത്ത‌്നിന്ന‌് മാറ്റാൻ മുരളീധരപക്ഷം താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും കുമ്മനത്തിന്റെ തിരിച്ചുവരവ‌് ഇവർ ആഗ്രഹിക്കുന്നില്ല.
നിലവിലെ പ്രതിസന്ധി ഘട്ടം ഉപയോഗപ്പെടുത്തി ബിജെപിയെ പൂർണമായും വരുതിയിലാക്കാനാണ‌് മുരളീധരപക്ഷം ശ്രമിക്കുന്നത‌്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജോയിന്റ‌് സെക്രട്ടറിയായ ബി എൽ സന്തോഷിനെ ഉപയോഗപ്പെടുത്തിയാണ‌് മുരളീധരന്റെ കരുനീക്കം. ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി എൽ സന്തോഷിന്.
from Kerala || Deshabhimani Online News https://ift.tt/2SpByI0
via IFTTT
No comments:
Post a Comment