സ്വന്തം ലേഖകൻ
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഫലപ്രദമായി തടയാൻ വനിത–- ശിശുവകുപ്പിന്റെ ഭദ്രം പദ്ധതിക്ക‌് ഭരണാനുമതി. വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂളിലെ ജീവനക്കാർ എന്നിവർക്ക് കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും പോക്‌സോ ആക്ടിനെപ്പറ്റിയും അവബോധം നൽകുന്നതാണ് ഭദ്രം. പദ്ധതി നടത്തിപ്പിന‌് 72.80 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.
2012ലെ പോക്‌സോ ആക്ട്, 2015ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ‌് പ്രൊട്ടക‌്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് എന്നിവയുണ്ടെങ്കിലും കുട്ടികൾക്കുനേരെയുള്ള ചൂഷണം ദൈനംദിനം വർധിക്കുന്ന സാഹചര്യത്തിലാണ‌് ഭദ്രം പദ്ധതി ആവിഷ‌്കരിച്ചത‌്.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർധ സർക്കാർ, സ്വകാര്യ, സിബിഎസ്ഇ, ഐസിഎസ‌്ഇ സ‌്കൂളുകളിലെയും കുട്ടികൾക്ക‌് പോക‌്സോ നിയമത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ബാലാവകാശങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തും. കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതുകൊണ്ടുള്ള ഭവിഷ്യത്തുകളെക്കുറിച്ചും സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ചും അറിവ‌് പകരും.
ഭദ്രം പദ്ധതിയുടെ ഭാഗമായി കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കൈപ്പുസ്തകം വിതരണം ചെയ്യും. ഇരകളാകുന്നവർക്ക‌് രക്ഷാകർത്താക്കളും അധ്യാപകരും നൽകേണ്ട സ്‌നേഹത്തിന്റെയും പരിഗണനയുടെയും ആവശ്യകത, കുട്ടികൾക്കുവേണ്ടിയുള്ള വിവിധ പദ്ധതികളെക്കുറിച്ച് അറിവ‌്, ലഹരിയുടെ ഉപയോഗംമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവൽക്കരണം എന്നിവയും പദ്ധതിയുടെ ഭാഗമാണ‌്.
ജില്ലാ ചൈൽഡ് പ്രൊട്ടക‌്ഷൻ ഓഫീസറുടെ മേൽനോട്ടത്തിലാണ‌് പദ്ധതി നടപ്പാക്കുക. സ്‌കൂൾ കൗൺസിലർമാർ, കാവൽ പ്രോജക്ട് കോ–- ഓർഡിനേറ്റർമാർ, ശരണബാല്യം- റസ്‌ക്യൂ ഓഫീസേഴ്‌സ്, ചൈൽഡ് ലൈൻ - കൗൺസിലർമാർ, ഡിസിപിയു സോഷ്യൽ വർക്കർമാർ, ചൈൽഡ് വെൽഫെയർ പൊലീസ് ഓഫീസർ, പാനൽ ഓഫ് അഡ്വക്കറ്റ്‌സ്, എൻജിഒ പ്രതിനിധികൾ, സിഡിപിഒ, വിമൺ പ്രൊട്ടക‌്ഷൻ ഓഫീസേഴ്‌സ് എന്നിവർക്ക് പരിശീലനം നൽകി പദ്ധതിയുടെ റിസോഴ്‌സ് പാനൽ തയ്യാറാക്കും.
from Kerala || Deshabhimani Online News http://bit.ly/2s1qVQw
via IFTTT
No comments:
Post a Comment