തിരുവനന്തപുരം > വർഗീയവാദികളുടെ വിലക്കുകൾ നിഷ‌്പ്രഭമാക്കും കൃഷ‌്ണ ഗീതത്തിലും വാക്കിലും ലയിച്ച് അനന്തപുരി. വിഖ്യാത കർണാടക സംഗീതജ്ഞൻ ടി എം കൃഷ‌്ണയുടെ മാന്ത്രിക സംഗീതക്കച്ചേരിക്ക‌് ഒരിക്കൽ കൂടി വേദിയൊരുക്കി കേരളം അദ്ദേഹത്തോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രളയാനന്തര പുനർനിർമാണത്തിനുള്ള പരിപാടിക്ക‌് പ്രതിഫലം വാങ്ങാതെ സ‌്നേഹ നാദധാര പകരം നൽകി കൃഷ‌്ണ.
പറയാനല്ല പാടുവാനാണ‌് താൻ വന്നതെന്നായിരുന്നു കച്ചേരിക്ക‌് മുമ്പായി കൃഷ‌്ണ പറഞ്ഞത‌്. എന്നാൽ പറയാതിരിക്കുവതെങ്ങനെ എന്ന‌് സദസ്സിനോട‌് ചോദിച്ചു. തുടർന്ന‌് സംസാരിച്ചത‌് ആരാധന, വിശ്വാസ സ്വാതന്ത്ര്യം, ഭരണഘടന, മൗലികാവശങ്ങൾ എന്നിവയുടെ പ്രാധാന്യം. കേരളത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ താൻ പണം വാങ്ങിയാൽ അത‌് ഉചിതമായിരിക്കില്ലെന്നും കൃഷ‌്ണ പറഞ്ഞു.
വാക്കുകളിൽ മാത്രമല്ല തുടർന്നുള്ള കച്ചേരിയിലും സംഘപരിവാറിനും യാഥാസ്ഥിതികർക്കും എതിരെയുള്ള വിട്ടുവീഴ‌്ചയില്ലാത്ത നിലപാട‌് വ്യക്തമാക്കി കൃഷ‌്ണ. ക്രിസ‌്തുവിനെ കുറിച്ചുള്ള കീർത്തനം ആലപിച്ച‌് വിമർശങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ തരിമ്പും പതറിയിട്ടില്ലെന്ന‌് വീണ്ടും തെളിയിച്ചു. ‘കനിവോലും കമനീയ ഹൃദയം, യേശുമിശിഹാതൻ തിരുവുള്ളം’ എന്നാരംഭിക്കുന്ന കീർത്തനത്തിന‌് ഹൃദയം നിറഞ്ഞുള്ള കൈയടി നൽകി സദസ്സ‌്. ഇത്തരം കീർത്തനങ്ങൾ കച്ചേരിയിൽ ആലപിക്കുന്നതിനിരെ ശക്തമായ വിമർശവും ഭീഷണിയും കൃഷ‌്ണക്ക‌് എതിരെ ഉയർന്നിരുന്നു. കനിവോലും കീർത്തനത്തിന‌് തുടർന്ന‌് ഒന്നിന‌് പിറകെ ഒന്നൊന്നായുള്ള കൃഷ‌്ണ ഗീതങ്ങൾ തലസ്ഥാനത്തിന‌് സമ്മാനിച്ചത‌് ഒരിക്കലും മറക്കാത്ത സംഗീത രാവ‌്.
കേരള സർവകലാശാല ടീച്ചേഴ‌്സ‌് ഓർഗനൈസേഷനും സർവകലാശാല കലാസാംസ‌്കാരിക സംഘടനയായ യൂണിസ‌്റ്റാറും ചേർന്നാണ‌് സെനറ്റ‌് ഹാളിൽ മൈത്രി സംഗീത സന്ധ്യ എന്ന പേരിൽ കച്ചേരി സംഘടിപ്പിച്ചത‌്. കെ എസ‌് ശബരീനാഥൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. വൈസ‌്ചാൻസലർ പ്രൊഫ. വി പി മഹാദേവൻ പിള്ള അധ്യക്ഷനായി. ശബ‌്നം റിയാസിന്റെ ‘സൂഫി സംഗീതം’ പുസ‌്തകം ടി എം കൃഷ‌്ണ പ്രകാശനം ചെയ‌്തു. ടി വിജയലക്ഷ‌്മി, സി എ ലാൽ, സി ആർ പ്രസാദ‌്, സി കെ സുരേഷ‌്കുമാർ എന്നിവർ സംസാരിച്ചു. അച്യുത‌് ശങ്കർ സ്വാഗതവും അഷ‌്റഫ‌് കടക്കൽ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2UMYLG1
via IFTTT
No comments:
Post a Comment