തിരുവനന്തപുരം
വനിതാമതിലുമായി ബന്ധപ്പെട്ട‌് എൻഎസ‌്എസ‌് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ ഉയർത്തുന്നത‌് നിരർഥകവാദങ്ങൾ. വനിതാമതിൽ വിഭാഗീയത ഉണ്ടാക്കുമെന്നാണ‌് സുകുമാരൻനായരുടെ വാദം. എന്നാൽ, നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കുകയാണ് വനിതാമതിലിന്റെ ലക്ഷ്യം. എൻഎസ്എസ് അടക്കമുള്ള എല്ലാ സാമുദായിക സംഘടനകളും പരിപാടിയിൽ ഉണ്ടാകണമെന്നുമാണ‌് സർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാടും.
ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യുവതീപ്രവേശത്തിനുള്ള തന്ത്രമാണെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും തകർക്കാനുള്ള സർക്കാരിന്റെ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ‘നവോത്ഥാനം’ എന്ന ഓമനപ്പേരിൽ പുതിയ പരിപാടിയുമായി വരുന്നതെന്നും സുകുമാരൻനായർ കുറ്റപ്പെടുത്തുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന‌് വസ‌്തുത വിലയിരുത്തുന്ന ഏതൊരാൾക്കും ബോധ്യമാകും. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. ശബരിമലയിലെ ഏതെങ്കിലും ആചാരങ്ങൾ ഇല്ലാതാക്കണമെന്നും ഉദ്ദേശമില്ല , സ്ത്രീപ്രവേശത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് നിറവേറ്റാൻ ശ്രമിക്കുന്നത‌്.
ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നത് ആരാണ് എന്നത് പൊതുസമൂഹത്തിനും എൻഎസ്എസിനും ബോധ്യപ്പെട്ടതാണ്. കലാപത്തിന് ശ്രമിച്ചത് സംഘപരിവാറാണ‌്. ഇത‌് മനസ്സിലാക്കിയാണ് എൻഎസ്എസും സമുദായാംഗങ്ങളും സജീവ സമരങ്ങളിൽനിന്ന് പിന്മാറിയതെന്നും കാണാം.
മുഖ്യമന്ത്രിക്ക‌് ധാർഷ്ട്യമെന്നാണ‌് സുകുമാരൻനായരുടെ കണ്ടെത്തൽ. മുഖ്യമന്ത്രിക്ക‌് സംസ്ഥാന ഭരണത്തലവൻ എന്ന നിലയിൽ ജനങ്ങളോട് പ്രതിബദ്ധത ഉണ്ട്. സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്തമുണ്ട്, നവോത്ഥനമൂല്യങ്ങൾ ആർക്കും അടിയറവയ‌്ക്കാതെ കേരളത്തെയും മുമ്പന്തിയിലേക്ക് എത്തിക്കാനുള്ള നിശ്ചയദാർഢ്യവുമുണ്ട്. ആ നിശ്ചയദാർഢ്യം ഓഖി, നിപാ, പ്രളയം തുടങ്ങിയ കാലത്ത‌് കണ്ടതാണ്. ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിലും സഹായം നൽകുന്നതിലും വികസനമാതൃകകൾ കൊണ്ടുവരുന്നതിലും പുതിയ ദിശാബോധം നൽകുന്നതിലും മുഖ്യമന്ത്രിക്ക് നിശ്ചയദാർഢ്യമുണ്ട്. അതിനെയാണ് ധാർഷ്ട്യം എന്ന് ആരോപിക്കുന്നത‌്.
എൻഎസ്എസ് ഉന്നയിച്ച പ്രധാന ആവശ്യങ്ങളോട് അനുഭാവപൂർണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത‌്. മുന്നോക്ക സമുദായങ്ങളിൽ പാവപ്പെട്ടവർക്ക് ദേവസ്വം ബോർഡിൽ പത്ത് ശതമാനം സംവരണം നൽകാൻ തീരുമാനിച്ചു. അത‌് നടപ്പാക്കുകയും ചെയ്തു. എല്ലാ നിയമനങ്ങളിലും പാവപ്പെട്ട മുന്നോക്കക്കാർക്ക് 10 ശതമാനം സംവരണം നൽകണമെന്നതാണ് സർക്കാർ നിലപാട്. അത‌് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമല ഒഴികെയുള്ള മറ്റെല്ലാ വിഷയങ്ങളിലും സർക്കാരിന്റെ നിലപാട് തൃപ്തികരമാണെന്ന് സുകുമാരൻനായർ പറയുന്നു. മറ്റെല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഭരിക്കുന്നു എന്ന് സുകുമാരൻനായർ സമ്മതിക്കുന്നു. എങ്കിൽ അതെങ്ങനെ ധാർഷ്ട്യമാകുമെന്ന‌് വ്യക്തമാക്കേണ്ടതും സുകുമാരൻനായരാണ‌്.
from Kerala || Deshabhimani Online News https://ift.tt/2S5UUlz
via IFTTT
No comments:
Post a Comment