തിരുവനന്തപുരം
യൂത്ത‌് കോൺഗ്രസ‌് തെരഞ്ഞെടുപ്പിൽ നേതൃത്വം പിടിച്ചെടുക്കാൻ ഗ്രൂപ്പുകൾ കോടികൾ ഒഴുക്കുകയാണെന്ന‌് മുൻ കെപിസിസി പ്രസിഡന്റ‌് വി എം സുധീരൻ. ചില കോൺഗ്രസ് നേതാക്കളാണ‌് ഈ ‘ഗ്രൂപ്പുകളി'യിൽ കേന്ദ്രീകരിച്ചിരിക്കുന്നത‌്. പണം ഒഴുക്കി യൂത്ത് കോൺഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേർക്കുന്ന പ്രക്രിയയിലാണ് ഗ്രൂപ്പുകൾ ഏർപ്പെട്ടിരിക്കുന്നതെന്നും സുധീരൻ ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു.
പണത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവർത്തകർക്ക് കടന്നുവരാൻ കഴിയാത്ത പ്രയാസകരമായ സാഹചര്യമാണ് സൃഷ‌്ടിച്ചിരിക്കുന്നത‌്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ പേരിലാണ് ഇത്തവണ ഗ്രൂപ്പ് പോര് രൂക്ഷമായിട്ടുള്ളത്. ലോക‌്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർ പട്ടികയിലേക്ക് അർഹരായവരെ ചേർക്കേണ്ട നിർണായകമായ സന്ദർഭത്തിൽ അതിനൊന്നും ശ്രമിക്കാതെയാണ‌് ഇതെല്ലാം ചെയ്യുന്നത‌്. ‘എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിന് പകരം ‘എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്ക് പൂർണമായിത്തന്നെ കാര്യങ്ങൾ എത്തി.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൾ തന്നെയാണ് തങ്ങളുടെ ഗ്രൂപ്പുകളുടെ ആധിപത്യം ഉറപ്പിച്ചെടുക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത‌്. ‘പാർടി തകർന്നാലും വിരോധമില്ല, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താൽ മതി' എന്ന ക്രൂര മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം പാരമ്യത്തിൽ എത്തി. ഗ്രൂപ്പ് നേതാക്കൾ ചെയ്യുന്ന ഈ മഹാപാതകത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
കോൺഗ്രസിന്റെ വളർച്ച ആഗ്രഹിക്കുന്ന നിസ്വാർഥരായ പ്രവർത്തകരുടെയും കോൺഗ്രസിനെ സ്നേഹിക്കുന്ന ജനാധിപത്യവിശ്വാസികളുടേയും മനസ്സിനെ വേദനിപ്പിക്കുന്നതും സ്വയം വിനാശകരവുമായ ഈ ഗ്രൂപ്പ് കിടമത്സരത്തിൽനിന്ന‌് ഇനിയെങ്കിലും പിൻവാങ്ങാൻ ഗ്രൂപ്പ് നേതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പരിതാപകരമായ അവസ്ഥയിലായിരിക്കും പാർടി എത്തിച്ചേരുക. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എ കെ ആന്റണിയും കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങൾ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്.
അതിനെല്ലാം വിരുദ്ധമായ നിലപാടാണ് ഗ്രൂപ്പ് നേതാക്കൾ കൈക്കൊള്ളുന്നത്. ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ഇത്തരം ദുഷ്ചെയ്തികളിൽനിന്ന‌് ഗ്രൂപ്പ് നേതാക്കൾ പിന്തിരിഞ്ഞേ മതിയാകൂവെന്നും സുധീരൻ ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2Q7s0Vb
via IFTTT
No comments:
Post a Comment