ന്യൂഡൽഹി > പശുസംരക്ഷണത്തിന്റെ പേരിൽ ജാർഖണ്ഡിൽ പന്ത്രണ്ടുവയസുകാരനടക്കം രണ്ടുപേരെ തല്ലിക്കൊന്ന‌് കെട്ടിത്തൂക്കിയ കേസിൽ എട്ട‌് സംഘപരിവാർ പ്രവർത്തകർക്ക‌് ജീവപര്യന്തം തടവുശിക്ഷ. ഗോരക്ഷാദൾ അംഗങ്ങളായ അരുൺ സാഹു, വിശാൽ തിവാരി, മിഥിലേഷ് കുമാർ, സഹദേവ് സോനി, മനോജ‌് സാഹു, പ്രമോദ‌് സാഹു, അവധേശ‌് സാഹു, മനോജ‌് കുമാർ എന്നിവർക്കാണ‌് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ. പിഴയൊടുക്കാത്ത പക്ഷം ഒരുവർഷം അധിക തടവ‌് അനുഭവിക്കണമെന്നും ലത്തേഹാർ ഫസ്റ്റ‌്ക്ലാസ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റ‌് റിഷികേശ‌് കുമാർ വിധിച്ചു.
2016 മാർച്ച‌് 17നാണ‌് മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത‌്. ലത്തേഹാർ ജില്ലയലെ ജാബർ ഗ്രാമത്തിൽ കന്നുകാലികളെ ചന്തയിൽ വിൽക്കാൻ പോകുമ്പോഴാണ‌് മജ‌്‌ലൂം അൻസാരി(32)യെയും പന്ത്രണ്ട‌് വയസുകാരനായ ഇംത്യാസ‌് ഖാനെയും അക്രമികൾ അടിച്ചുകൊന്ന‌് മരത്തിൽ കെട്ടിത്തൂക്കിയത‌്. കാളകളെ കെട്ടുന്ന കയറിൽ തൂങ്ങിയാടുന്ന മൃതദേഹങ്ങളുടെ ചിത്രം രാജ്യത്തെ നടുക്കി. ഇവർക്കൊപ്പമുണ്ടായിരുന്ന മുനവർ അൻസാരി, ആസാദ് ഖാൻ, നിസാമുദ്ദീൻ ഖാൻ എന്നീ ദൃക‌്സാക്ഷികളുടെ മൊഴി കേസിൽ നിർണായകമായി. കേസ‌് അട്ടിമറിക്കാനുള്ള നിരന്തര ശ്രമങ്ങളെ അതിജീവിച്ചാണ‌് ശിക്ഷാവിധി.
പശുവിന്റെ പേരിൽ കൊലപാതകം നടത്തിയതിന‌് ഝാർഖണ്ഡിൽ സംഘപരിവാർ പ്രവർത്തകർ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ കേസാണിത‌്. പശു മാംസം കടത്തിയെന്നാരോപിച്ച‌് ബാസാർതന്ത‌് ഗ്രാമത്തിൽ അസ‌്ഗർ അൻസാരിയെ കൊലപ്പെടുത്തിയ കേസിൽ 11 പേരെ ജീവപര്യന്തം തടവിന‌് ശിക്ഷിച്ചിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2QOh0wz
via IFTTT
No comments:
Post a Comment