സിസ‌്റ്റർ അമല വധക്കേസിലെ പ്രതി കാസർകോട് മെഴുവാതട്ടുങ്കൽ സതീഷ്ബാബു (സതീഷ് നായർ–- 38)വിന് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറുവർഷവും ഒമ്പതുമാസവും അധികശിക്ഷ അനുഭവിക്കണം. പാലാ അഡീഷണൽ സെഷൻസ് ജഡ‌്ജ‌് കെ കെമനീസാണ‌് വിധിച്ചത‌്. കൊലപാതകത്തിന് ജീവപര്യന്തം, ബലാത്സംഗത്തിന് 10 വർഷം കഠിനതടവ്, അതിക്രമിച്ചുകടക്കലിന‌് ഏഴുവർഷം, ഭവനഭേദനത്തിന‌് ഒമ്പത് മാസം എന്നിവയാണ് ശിക്ഷ. ഇത‌് ഒരുമിച്ച് അനുഭവിച്ചാൽ മതി. വിചാരണ കാലയളവിൽ തടവിൽ കഴിഞ്ഞ 1182 ദിവസത്തെ ശിക്ഷ കോടതി ഇളവുചെയ്തു. കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. ഒരുവർഷം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന‌് വിധിച്ചത‌്. 87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി 65 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ മോഷണം അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കാനായില്ല.
വിധിക്കുമുമ്പ‌് എന്തെങ്കിലും പറയാനുണ്ടോന്ന് കോടതി ചോദിച്ചപ്പോൾ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് പ്രതി സതീഷ് പറഞ്ഞു. 87 കിലോ തൂക്കമുള്ള താൻ നാലുനിലയുള്ള മഠത്തിന്റെ ഷെയ്ഡിലൂടെ എങ്ങനെ തൂങ്ങിക്കയറുമെന്നു ചോദിച്ചു. മാനഭംഗം നടന്നതായി ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്നും പറഞ്ഞു. കൊലപാതകവും മാനഭംഗവും ചെയ്‌തെന്നു തെളിഞ്ഞാൽ വധശിക്ഷയ്ക്കു വിധിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതി സ്വയം വാദിക്കുകയായിരുന്നു. വാദം പൂർത്തിയാക്കി ബുധനാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ശിക്ഷാവിധിയെന്ന‌് പറഞ്ഞെങ്കിലും ഇത‌് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇയാളെ പിന്നീട‌് പാലാ സബ‌് ജയിലിലേക്ക‌് മാറ്റി.
2015 സെപ്റ്റംബർ 17 ന് പുലർച്ചെയാണ് പാലാ ലിസ്യൂ കർമലീത്ത കോൺവെന്റിലെ മൂന്നാം നിലയിൽ തലയ‌്ക്കടിയേറ്റ് മരിച്ച നിലയിൽ സിറ്റർ അമല (69)യെ കണ്ടെത്തിയത്. പാലാ ഡിവൈഎസ‌്‌പി ആയിരുന്ന സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ ജോർജ് ബോബൻ ഹാജരായി.
from Kerala || Deshabhimani Online News http://bit.ly/2QJ8lvc
via IFTTT
No comments:
Post a Comment