പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകാരികൾ കൈകോർത്തപ്പോൾ യാഥാർഥ്യമാകുന്നത‌് 4000 വീട‌്. കേരളത്തെ പുനർനിർമിക്കാനായി എൽഡിഎഫ‌് സർക്കാർ പ്രഖ്യാപിച്ച റീബിൽഡ‌് കേരള പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ കെയർ കേരളയാണ‌് വീട‌് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക‌് ആശ്വാസമാകുന്നത‌്. 2000 വീട‌് മാർച്ച‌് 31നകം പൂർത്തിയാകും.
1500 വീട‌് നിർമിക്കാനാണ‌് വകുപ്പ‌് തുടക്കമിട്ടത‌്. സഹകരണ സംഘങ്ങൾ ഒറ്റമനസ്സായി പദ്ധതി ഏറ്റെടുത്തതോടെ ലക്ഷ്യം 2000 വീടാക്കി. നിർമ്മാണം പൂർത്തിയാക്കി ഭവനരഹിതരായവർക്ക‌് കൈമാറും. പദ്ധതിയിൽ 4000 വീട‌് നിർമിക്കുകയാണ‌് ലക്ഷ്യം.
നവംബർ ഒന്നിനാണ‌് കെയർ കേരള പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത‌്. ഡിസംബർ രണ്ടിന‌് ആദ്യവീടിന്റെ നിർമാണോദ‌്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആസൂത്രണത്തിന‌് നേതൃത്വം നൽകുന്നു. നിലവിൽ അഞ്ഞൂറിലേറെ വീട‌് നിർമാണത്തിന്റെ വിവിധ ഘട്ടത്തിലാണ‌്. 80 ശതമാനം നിർമാണം പൂർത്തീകരിച്ചവയുമുണ്ട‌്. അഞ്ചുലക്ഷം രൂപ അടങ്കലിൽ, 500 ചതുരശ്ര അടിയെങ്കിലും വിസ‌്തൃതിയിലുള്ളവയാണ‌് നിർമിക്കുന്നത‌്. തൊഴിലുറപ്പ‌് തൊഴിലാളികളുടെ 90 പ്രവൃത്തി ദിവസവും ഈ വീടുകളുടെ നിർമാണത്തിന‌് മാറ്റിവയ‌്ക്കുന്നു. പുനർനിർമാണത്തിനായി സഹകരണ സംഘങ്ങൾ പൊതുനന്മാ ഫണ്ടിൽനിന്ന‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകിയ 75 കോടിയാണ‌് പദ്ധതിയുടെ ആദ്യ മുതൽമുടക്ക‌്. ഒപ്പം 2017–-18ലെ സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിലെ ഒരുഭാഗവും വകയിരുത്തി. 3000-ൽപരം സംഘങ്ങളാണ‌് സ്വമേധയാ പ്രവൃത്തി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത‌്. നാലുവീടുകളുടെ നിർമാണച്ചുമതല ഏറ്റെടുത്ത സംഘങ്ങളുമുണ്ട‌്. പ്രാദേശികമായ പ്രത്യേകതകളും ഗുണഭോക്താവിന്റെ താൽപ്പര്യങ്ങളും പരിഗണിച്ചുുള്ള നിർമാണ രീതിയാണ‌് ഉപയോഗിക്കുന്നത‌്. സംസ്ഥാന–-ജില്ലാ–-യൂണിറ്റ‌് തല അവലോകന സമിതികൾക്കാണ‌് മേൽനോട്ടചുമതല.
ഗുണഭോക്താവ‌്, ചുമതലയുള്ള സംഘത്തിന്റെ പ്രസിഡന്റ‌്, വാർഡ‌് പ്രതിനിധി തുടങ്ങിയവർ അടങ്ങിയ സമിതിക്കായിരിക്കും യൂണിറ്റിന്റെ മേൽനോട്ട ചുമതല. സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും എൻജിനിയറിങ് കോളേജുകളിലെയും അവസാനവർഷ വിദ്യാർഥികൾ രൂപകൽപ്പനയിലും സഹായത്തിനുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2Lw7g4a
via IFTTT
No comments:
Post a Comment