മലപ്പുറം > ജോലി സ്ഥിരതയില്ലാത്ത സഹപ്രവർത്തകരുടെ ജീവിതപോരാട്ടം ഏറ്റെടുത്ത് ഗ്രാമീൺ ബാങ്ക‌് ജീവനക്കാരുടെ സമരം കരുത്തോടെ മുന്നോട്ട‌്. വർഷങ്ങളായി പ്യൂൺ തസ‌്തികയിൽ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന‌് ആവശ്യപ്പെട്ട് സ്ഥിരം ജീവനക്കാരാണ‌് സമരംചെയ്യുന്നത‌്. ബാങ്ക‌് മാനേജർമാരടക്കം നിരാഹാരമനുഷ‌്ഠിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട‌്.
നിസ്വാർഥമായ ട്രേഡ‌് യൂണിയൻ പ്രവർത്തനത്തിന്റെ മാതൃകയെ സമൂഹം ആദരവോടെ ഏറ്റെടുത്തു. ബഹുജന, സർവീസ‌് സംഘടനകളും തൊഴിലാളികളും യുവാക്കളുമെല്ലാം ദിവസവും സമരപ്പന്തലിലേക്ക‌് ഐക്യദാർഢ്യവുമായി എത്തുന്നു. ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി എസ‌് അച്യുതാനന്ദൻ, മന്ത്രിമാരായ കെ ടി ജലീൽ, ടി പി രാമകൃഷ‌്ണൻ തുടങ്ങിയവർ സമരപ്പന്തലിലെത്തി. ബാങ്ക് മാനേജ‌്മെന്റിന്റെ പിടിവാശി പ്രശ‌്ന പരിഹാരത്തിന‌് തടസ്സമാണ‌്. ബാങ്ക‌് ആസ്ഥാന കാര്യാലയവും മുഴുവൻ ബ്രാഞ്ചുകളും അനിശ‌്ചിതകാല പണിമുടക്കിൽ നിശ‌്ചലമായിരിക്കുകയാണ‌്.
ഗ്രാമീൺ ബാങ്ക‌് ഓഫീസേഴ‌്സ‌് യൂണിയനും എംപ്ലോയീസ‌് യൂണിയനും സംയുക്തമായി ആരംഭിച്ച സമരം പിന്നീട‌് ദേശീയ സംഘടനകളായ എഐആർആർബിഇഎയും ബെഫിയും ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി എഐആർആർബിഇഎ വൈസ് പ്രസിഡന്റ് കെ ജി മദനനും ബെഫി സംസ്ഥാന ജോ. സെക്രട്ടറിയും കാനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സനിൽ ബാബുവുമാണ‌് ഇപ്പോൾ നിരാഹാരമനുഷ‌്ഠിക്കുന്നത‌്.
പത്തുവർഷമായി സ്ഥിരനിയമനം മുടങ്ങിയ ഗ്രാമീൺ ബാങ്കിൽ നാനൂറിൽപരം പേർ പ്യൂൺ തസ‌്തികയിൽ ജോലിചെയ്യുന്നത‌് ദിവസ വേതനത്തിനാണ‌്. സംസ്ഥാനം മുഴുവൻ പ്രവർത്തനപരിധിയുള്ള ബാങ്കിന‌് 633 ശാഖകളും 10 റീജണൽ ഓഫീസുകളുമുണ്ട‌്. താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി 2015ൽ ഓഫീസേഴ‌്സ‌് യൂണിയനും എംപ്ലോയീസ‌് യൂണിയനും ആരംഭിച്ച സമരങ്ങളാണ് ഇന്ന‌് വൻ പ്രക്ഷോഭമായി വളർന്നത‌്. ജൂൺ 20ന‌് ഹെഡ‌് ഓഫീസ‌് ധർണയും ജൂലൈ 26ന‌് സൂചനാ പണിമുടക്കും നടത്തിയതിനുപിന്നാലെ നവംബർ ആദ്യം രാപ്പകൽ സമരവും ഉണ്ടായി. 11ന‌് ആരംഭിച്ച നിരാഹാര സമരം നാൾക്കുനാൾ ബഹുജന പിന്തുണ ആർജിക്കുകയാണ‌്.
13–--ാം ദിവസത്തേക്ക‌് കടന്ന നിരാഹാര സമരത്തെ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ സുന്ദർരാജ്, ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ ബാലാജി, സിഡബ്ല്യുഎഫ‌്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി വി ശശികുമാർ എന്നിവർ അഭിവാദ്യംചെയ‌്തു. എൻജിഒ യൂണിയൻ പ്രവർത്തകരും എസ‌്എഫ‌്ഐ നേതൃത്വത്തിൽ വിദ്യാർഥിനികളും ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓർഗനൈസേഷൻ പ്രവർത്തകരും പ്രകടനമായി വന്ന് ഐക്യദാർഢ്യമർപ്പിച്ചു.
from Kerala || Deshabhimani Online News http://bit.ly/2SmlffC
via IFTTT
No comments:
Post a Comment