തിരുവനന്തപുരം
ശബരിമലയുടെ വികസനത്തിനായി കേന്ദ്രസർക്കാർ 100 കോടി രൂപ നൽകിയെന്നും ആ തുക ചെലവഴിച്ചില്ലെന്നുമുള്ള കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വാദം കള്ളം. കേന്ദ്രസർക്കാർ 2916ൽ അനുവദിച്ച തുകയുടെ കാൽഭാഗം പോലും രണ്ടുവർഷം പിന്നിട്ടിട്ടും നൽകിയിട്ടില്ല. അനുവദിച്ച 99.98 കോടി രൂപയിൽ ലഭിച്ചത് 21.648 കോടി മാത്രം. ഇൗ തുക ചെലവഴിക്കുന്നതിനുള്ള അനുമതി കേന്ദ്രസർക്കാരിൽനിന്ന‌് ലഭിച്ചിട്ടുമില്ല. സ്‌പിരിച്വൽ സർക്യൂട്ട് പ്രോജക്ട‌് എന്ന നിലയിൽ 2016 ലാണ് കേന്ദ്രടൂറിസം മന്ത്രാലയം ശബരിമലയ‌്ക്കും അനുബന്ധ വികസനപ്രവർത്തനങ്ങൾക്കുമായി തുക അനുവദിച്ചത്. പ്രവൃത്തികൾ 36 മാസം കൊണ്ട‌് പൂർത്തിയാക്കണം എന്നാണ് വ്യവസ്ഥ. ഇതുപ്രകാരം 2019 ജൂലൈക്കുള്ളിൽ പൂർത്തിയാക്കിയാൽ മതി.
ശബരിമലയുടെ ബേസ‌് ക്യാമ്പ‌് നിലയ‌്ക്കലിലേക്ക‌് മാറ്റാൻ തീരുമാനിച്ചതിനെത്തുടർന്ന‌് പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്രത്തിന‌് സമർപ്പിച്ചെങ്കിലും അനുമതി നൽകിയിട്ടില്ല. ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച ഹൈപവർ കമ്മിറ്റിയാണ് സ്വദേശി ദർശൻ പദ്ധതി പ്രകാരമുള്ള നിർമാണപ്രവർത്തനങ്ങളും നിർവഹിക്കേണ്ടത്. ഹൈപവർ കമ്മിറ്റിയുടെ കീഴിൽ ഒരു ടെക്‌നിക്കൽ കമ്മിറ്റിയുണ്ട്. ഈ കമ്മിറ്റിയാണ് സാങ്കേതിക അനുമതി നൽകേണ്ടത്. കർശന പരിശോധനകളും മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ ഈ കമ്മിറ്റി അനുമതി നൽകൂ. ഇതുമൂലവും പദ്ധതി നിർവഹണത്തിൽ കാലതാമസം നേരിട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡോ സർക്കാരോ നേരിട്ടല്ല പ്രവൃത്തി നടത്തുന്നത്.
നാഷണൽ ടൈഗർ കൺസർവേറ്റീവ് അതോറിറ്റിയുടെയും പെരിയാർ ടൈഗർ റിസർവിന്റെയും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിച്ച എംപവേഡ് കമ്മിറ്റിയുടെയും മാർഗനിർദേശങ്ങൾ അനുസരിച്ചുമാത്രമേ പ്രവൃത്തി നടത്താൻ കഴിയൂ. അനുമതികൾക്കുള്ള കാലതാമസമാണ് പദ്ധതിനിർവഹണത്തിൽ വേഗം കൈവരിക്കാനാകാഞ്ഞത്.
ഇൗ സാമ്പത്തികവർഷം മാത്രം സംസ്ഥാന സർക്കാർ ശബരിമലയ‌്ക്ക‌് ചെലവഴിച്ചത‌് 220.3 കോടി രൂപയാണ്. 2017–-18 ബജറ്റിൽ അനുവദിച്ചത് 202 കോടി രൂപ. കുടിവെള്ളത്തിനായി 8.2 കോടി രൂപ, തദ്ദേശസ്ഥാപനങ്ങൾക്ക് ഇടത്താവളത്തിനായി മൂന്ന‌് കോടി, ശബരിമലയിലെ ജലസേചനത്തിനായി 2.10 കോടി, പൊലീസിന‌് അഞ്ചുകോടി രൂപ എന്നിങ്ങനെയും നൽകി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ലഭിച്ച 25 കോടി രൂപ പമ്പയിൽ ടാറ്റ നടത്തുന്ന പ്രളയ പുനർനിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ‌്. ഇതിനും പുറമെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾ.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 56 മുറികളുള്ള ദർശൻ കോംപ്ലക്സ്, 2000 പേർക്ക് അന്നദാനം നൽകാൻ കഴിയുന്ന അന്നദാനമണ്ഡപം എന്നിവയും പൂത്തിയാക്കി. ഏഴുകോടി ചെലവഴിച്ച‌് 61 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ആർസിസി വാട്ടർടാങ്ക‌്, 1.44 കോടി ചെലവഴിച്ച‌് ഭണ്ഡാരം, 1.9 കോടി ചെലവഴിച്ച‌് നിർമിക്കുന്ന ടോയ‌്‌ലറ്റ‌് കോംപ്ലക‌്സ‌്, സംരക്ഷണഭിത്തി നിലയ‌്ക്കലിൽ അഞ്ചുകോടി ചെലവഴിച്ച‌് ടോയ‌്‌ലറ്റ‌് കോംപ്ലക‌്സ‌് എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ‌്. ഇക്കാര്യങ്ങൾ മറച്ചുവച്ചാണ‌് കണ്ണന്താനം ആരോപണങ്ങൾ ഉന്നയിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2PHL5NK
via IFTTT
No comments:
Post a Comment