തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ വെബ‌്പോർട്ടലിലെ ‘ഇ–-സേവനങ്ങൾ’ വഴി റെയിൽവേ, കെഎസ‌്ആർടിസി, സിനിമാ ടിക്കറ്റ‌് റിസർവേഷനും മുഴുവൻ സർവകലാശാലകളുടെ ഫീസ‌് അടയ‌്ക്കാനുമുള്ള സംവിധാനം വരുന്നു. ബിഎസ‌്എൻഎൽ ബില്ലുകളും വിവിധ ഇൻഷുറൻസ‌് കമ്പനികളുടെ ബില്ലുകളും ഇനി ഒറ്റ ക്ലിക്കിൽ അടയ്‌ക്കാം. ഇതടക്കം പുതിയ 20 വകുപ്പുകളുടെ സേവനംകൂടി വെബ‌്പോർട്ടലിലെ ‘സ‌്റ്റേറ്റ‌് സർവീസ‌് ഡെലിവറി ഗേറ്റ‌് വേ’ വഴി ഉടൻ ലഭ്യമാകും. അതത‌് വകുപ്പുകളുടെ നോഡൽ ഓഫീസർമാരുമായി ഐടി മിഷൻ അധികൃതർ ചർച്ച നടത്തി. പുതിയ സേവനങ്ങൾ ‘എം കേരള’ ആപ‌് വഴി മൊബൈലിലും ലഭ്യമാകും. മുഴുവൻ സർക്കാർ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ‌് ‘ഇ–-സേവനങ്ങൾ’ ഓപ‌്ഷൻ.
ബില്ലുകൾ അടയ‌്ക്കാനുള്ള പേമെന്റ‌് ഗേറ്റ‌് വേയായി ‘പേ ടിഎം’നെ താമസിയാതെ ഉൾപ്പെടുത്തും. നിലവിൽ എസ‌്ബിഐയും ബിൽ ഡസ‌്കുമാണുള്ളത‌്.
ഐആർസിടിസി വഴി ട്രെയിൻ ടിക്കറ്റ‌് റിസർവേഷനും കെഎസ‌്ആർടിസി ഇ–-ടിക്കറ്റിങ‌് വഴി ബസ‌് ടിക്കറ്റ‌് റിസർവേഷനും ചെയ്യാം. കലിക്കറ്റ‌് യൂണിവേഴ‌്സിറ്റിയുടെ സേവനം നിലവിൽ ലഭ്യമാണ‌്. കേരള, എംജി, കുസാറ്റ‌്, ആരോഗ്യ, വെറ്ററിനറി, ആരോഗ്യ, കാർഷിക, കേരള യൂണിവേഴ‌്സിറ്റി ഓഫ‌് ഫിഷറീസ‌് ആൻഡ‌് ഓഷ്യൻ സ‌്റ്റഡീസ‌് എന്നീ യൂണിവേഴ‌്സിറ്റികളെയും ഇ–-സർവീസസുമായി ബന്ധിപ്പിക്കും. ചില കമ്പനികളുടെ ഡിടിഎച്ച‌് റീചാർജ‌് സംവിധാനം ലഭ്യമാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട‌്. എൽപിജി ബുക്കിങിന‌് പാചകവാതക കമ്പനികളുമായും ഐടി മിഷൻ ചർച്ച നടത്തും.
www. kerala.gov.in എന്ന വെബ‌്പോർട്ടലിൽ സേവനങ്ങൾ എന്ന ഭാഗത്ത‌് ക്ലിക്ക‌് ചെയ‌്താൽ ‘ഇ–-സേവനങ്ങൾ’ ഓപ‌്ഷൻ കാണാം. 11 വകുപ്പുകളുടെ 58 സേവനങ്ങൾ ലഭ്യമാണ‌്. വൈദ്യുതി, വാട്ടർ ബില്ലുകളും അടയ‌്ക്കാം. 31 ഇനം സർട്ടിഫിക്കറ്റുകളും വിവിധ ലൈസൻസുകൾ, ക്ഷേമ പദ്ധതികൾ എന്നിവയും ലഭിക്കും. ഇതിന‌് പുറമെയാണ‌് പുതിയ 20 വകുപ്പുകളുടെ സേവനംകൂടി ലഭ്യമാക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2SS2elP
via IFTTT
No comments:
Post a Comment