മലപ്പുറം
ദേശീയ–-സംസ്ഥാന പാതകളിലൂടെ നിയമംലംഘിച്ച‌് ചീറിപ്പായുന്ന ലോറികൾക്ക‌് കടിഞ്ഞാണുമായി മോട്ടോർ വാഹന നിയമഭേദഗതി. ‘പാണ്ടിലോറി’കളെന്ന ഓമനപ്പേരിലറിയപ്പെടുന്ന നാഷണൽ പെർമിറ്റ് ലോറികൾക്കായി 1989–-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ (സിഎംവിആർ) ഭേദഗതി വരുത്തി കേന്ദ്ര ഗതാഗതമന്ത്രാലയം പുതിയ നിർദേശം പുറപ്പെടുവിച്ചു.
നാഷണൽ പെർമിറ്റ് വാഹനങ്ങളുടെ കളർ കടുത്ത തവിട്ട് നിറത്തിലായിരിക്കണമെന്ന നിയന്ത്രണം എടുത്തുമാറ്റി. എല്ലാ വാഹനങ്ങളിലും എൻ/പി എന്നത് വലിയ അക്ഷരത്തിൽ വാഹനത്തിന്റെ മുന്നിലും പിന്നിലും റിയർവ്യൂ മിററുകളിലും എഴുതി പ്രദർശിപ്പിക്കണം. വാഹനത്തിൽ വെഹിക്കിൾ ട്രാക്കിങ് സിസ്റ്റം ഘടിപ്പിക്കണമെന്നും നിർദേശമുണ്ട‌്. ഗതാഗത നിയമലംഘനം എളുപ്പത്തിൽ കണ്ടെത്താൻ ഇതിലൂടെ കഴിയും. ജിപിഎസ‌് സംവിധാനം വഴിയാണ് വെഹിക്കിൾ ട്രാക്കിങ് സിസ്റ്റം പ്രവർത്തിക്കുക.
അപകടകരമായ വസ‌്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക‌് വെളുത്ത പെയിന്റടിക്കണമെന്നും അടയാളം ഒട്ടിക്കുകയുംവേണം. എഫ്എഎസ് ടാഗ് വാഹനങ്ങളിൽ നിർബന്ധമായും പതിപ്പിക്കണം. കാർ, ജീപ്പ്, ട്രക്ക്, ബസ് തുടങ്ങിയ വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ ഇലക‌്ട്രോണിക‌്സ‌് മാർഗത്തിൽ ടോൾ പണം നൽകാനുള്ള സംവിധാനമാണ് എഫ്എഎസ് ടാഗ്. വാഹനങ്ങളുടെ മുൻവശത്തുള്ള വിൻഡ് ഗ്ലാസിലാണ് ടാഗ് പതിക്കേണ്ടത്.
എട്ടുവർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ വർഷത്തിൽ ഒരുതവണയും എട്ടുവർഷത്തിൽ കുറവ് പഴക്കമുള്ളവ രണ്ടുവർഷത്തിലൊരു തവണയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കണം. പുതിയ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. രജിസ്ട്രേഷൻ കഴിഞ്ഞ് രണ്ടുവർഷത്തിനുശേഷം എടുത്താൽ മതി. ചരക്ക് കയറ്റുന്ന വാഹനങ്ങൾ അവ മറയ്ക്കാതെ തുറസായി കൊണ്ടുപോകരുത്. നിർമാണ സാധനങ്ങൾ, മാലിന്യം എന്നിവ കയറ്റുന്നവ നിർബന്ധമായും ടാർപോളിൻ ഉപയോഗിച്ച് മറച്ചിരിക്കണം.
വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തിൽ പരിശോധനക്ക് ഹാജരാക്കാം. നിലവിൽ മിക്ക നാഷണൽ പെർമിറ്റ‌് ലോറികളുടെയും രജിസ്റ്റർ നമ്പറുകൾ വായിക്കാൻ കഴിയാറില്ല. ഒരേ നിറവും രൂപവുമായതോടെ അപകടം വരുത്തിയാലോ, നിയമലംഘനം നടത്തിയാലോ തിരിച്ചറിയാനും പലപ്പോഴും കഴിയാറില്ല. ചില വാഹനങ്ങളിൽ മുൻഭാഗത്തെ നമ്പറുകൾ അൽപ്പമെങ്കിലും കാണാമെങ്കിലും പിൻഭാഗത്തെ നമ്പർ പ്ലേറ്റ് ഭാഗികമായി മറച്ചും അഴുക്ക് നീക്കംചെയ്യാതെയുമാണ് യാത്ര. ചില വാഹനങ്ങളിൽ പ്രത്യേക ഗ്രില്ലുകൾ നമ്പർ പ്ലേറ്റിന‌് മുന്നിൽ ഘടിപ്പിച്ചും കാഴ്ച മറയ്ക്കും. സിഗ്നൽ തെറ്റിച്ച് സഞ്ചരിച്ചാലും അതിവേഗത്തിൽ അപകടകരമാംവിധം സഞ്ചരിച്ചാലും ക്യാമറക്കണ്ണുകളിൽ ഇത്തരം ലോറികൾ അകപ്പെടാറില്ല. ഇത്തരം പ്രശ‌്നങ്ങൾക്കെല്ലാം പരിഹാരം കാണാനും നിയമലംഘനം നടത്തുന്നത‌് യഥാസമയം പിടികൂടാനും കഴിയുന്ന രീതിയിലാണ‌് പുതിയ ഭേദഗതി.
അതേസമയം, നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ ഇനിമുതൽ രണ്ട് ഡ്രൈവർമാർ വേണ്ടെന്ന നിർദേശം ഉടമകൾക്കും വൻകിട കമ്പനികൾക്കും ഉപകാരപ്രദമാണെങ്കിലും ഡ്രൈവർമാർക്കും നിരത്തുകളിലെ യാത്രക്കാർക്കും വെല്ലുവിളിയാണ‌്. പുതിയ നിർദേശത്തിൽ ഡ്രൈവർമാരുടെ എണ്ണം കുറച്ചത‌് അപകട നിരക്ക‌് വർധിപ്പിക്കാനിടയാക്കുമെന്നാണ‌് ആക്ഷേപം.
from Kerala || Deshabhimani Online News https://ift.tt/2qRhvXn
via IFTTT
No comments:
Post a Comment