കണ്ണൂർ
സൗത്ത‌് തൃക്കരിപ്പൂർ ജിഎച്ച‌്എസ‌്എസിലെ അമേയയും ലാവണ്യയും വാർത്തകളിലൂടെയാണ‌് പ്രളയകാലത്തെ അറിഞ്ഞത‌്. ഡാം തുറക്കുമെന്ന അറിയിപ്പുകേട്ട‌് ഇവരും ജാഗ്രതയുടെ കാര്യത്തിൽ കുറവ‌് കാണിച്ചില്ല. അവിടെ നിർത്തിയില്ല. വാർത്ത വരുംമുമ്പേ ഡാമുകളുടെ സ്ഥിതിയെന്താണെന്ന‌് പരിസരവാസികൾക്ക‌് വിവരം കിട്ടാനൊരു സംവിധാനം വേണം. അതിനുള്ള പരിശ്രമത്തിന്റെ ഫലമാണ‌് ഇരുവരും ശാസ‌്ത്രമേളയിലവതരിപ്പിച്ച ഡാം സുരക്ഷാ സംവിധാനം.
കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഡാമുകളുടെ പ്രവർത്തനമായിരുന്നു. ഇതാണ‌് ഡാമുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സംവിധാനത്തെക്കുറിച്ച‌് പുതുതലമുറയെ വല്ലാതെ ചിന്തിപ്പിച്ചത‌്. സ‌്റ്റിൽ, വർക്കിങ് മോഡലുകളിലായി വിവിധ ജില്ലകളിൽനിന്ന‌് ഡാം സുരക്ഷാ സംവിധാനങ്ങൾ മത്സരത്തിനെത്തിയതിന്റെ കാരണവും മറ്റൊന്നല്ല.
ജിഎച്ച്എസ്എസ് സൗത്ത് തൃക്കരിപ്പൂരിലെ വിദ്യാർഥിനികളായ അമേയയും ലാവണ്യയും നൂതന സംവിധാനമാണ‌് അവതരിപ്പിച്ചത‌്. ഡാമിൽ വെള്ളം ക്രമാതീതമായി ഉയരുമ്പോൾ ഓട്ടോമാറ്റിക്കായി അധികൃതർക്ക് ഫോണിൽ മെസേജ് വരികയും കൺട്രോൾ റൂമിൽ സിഗ്‌നൽ പുറപ്പെടുവിപ്പിക്കുകയും ചെയ്യും. ഡാമിൽ സ്ഥാപിക്കുന്ന ചിപ്പ് വഴിയാണ് സിഗ്‌നലുകൾ എത്തുന്നത്. ഡാമിൽ ഏതെങ്കിലും തരത്തിലുള്ള ചോർച്ചയുണ്ടായാലും അപ്പോൾ തന്നെ സിഗ്‌നലുകൾ അധികൃതരെ അറിയിക്കുന്ന വിധത്തിലാണ് പ്രവർത്തനം.
ഡാമിന്റെ പരിസരങ്ങളിൽ അലാറം പോലുള്ള സംവിധാനങ്ങൾ ഒരുക്കിയും പരിസരവാസികൾക്ക‌് മുന്നറിയിപ്പ‌് നൽകുന്നതിനുള്ള മോഡലുകളും മേളയിൽ അവതരിപ്പിച്ചു. നിശ‌്ചിത ഉയരത്തിനുമുകളിൽ വെള്ളമെത്തുമ്പോൾ പുഴകളിലടക്കം അലാറം സംവിധാനം വഴി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള സംവിധാനങ്ങളും മേളയിലെത്തി.
from Kerala || Deshabhimani Online News https://ift.tt/2AiZoO9
via IFTTT
No comments:
Post a Comment