കണ്ണൂർ
പ്രളയം നാടിന് നൽകിയ വേദന സിയാദറിഞ്ഞത‌് അകക്കണ്ണിന്റെ വെളിച്ചത്തിലായിരുന്നു. ആ നൊമ്പരങ്ങളും അതിജീവനവും സിയാദ് അറിഞ്ഞതും മറ്റുള്ളവരിലൂടെ. പക്ഷേ, പ്രസംഗവേദിയിൽ സിയാദിന‌് അതൊന്നും പരിമിതികളല്ലായിരുന്നു. സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഹയർ സെക്കൻഡറി വിഭാഗം പ്രസംഗത്തിൽ മത്സരിച്ച കുട്ടികളിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച‌് സിയാദ് നേടിയെടുത്തത് എ ഗ്രേഡ‌്.
ആലപ്പുഴ മംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയായ സിയാദിന് ജന്മനാ കാഴ്ചയില്ലായിരുന്നു. ഏഴാംക്ലാസ് വരെ സ്പെഷ്യൽ സ്കൂളിൽ പഠിച്ച സിയാദ് തുടർപഠനം മറ്റ് സ്കൂളുകളിലാക്കി. സഹപാഠികൾ കാണുന്ന കാഴ്ചക്ക് അപ്പുറമാണ് തന്റെ ലോകമെന്ന ചിന്ത സിയാദിന് കരുത്തേകി. കൂടെ എല്ലാ സഹായങ്ങളും നൽകി മാതാപിതാക്കളായ സിറാജുദ്ദീനും ഷാഹിനയും സഹോദരി സിയാനയും അകമഴിഞ്ഞ‌് പിന്തുണച്ചു.
കാഴ്ചകൾ പലരും കണ്ട് നടക്കുമ്പോൾ സുഹൃത്തുക്കളിലൂടെയും മറ്റും കേട്ടറിഞ്ഞ കാര്യങ്ങളാണ് സിയാദ് തന്റെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത്. പഠനത്തിലും മികവ് പുലർത്തിയ സിയാദിന് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ആയിരുന്നു. കഴിഞ്ഞ വർഷത്തെ കേരള ബ്ലൈൻഡ‌് ക്രിക്കറ്റ് ടീമംഗംകൂടിയാണ‌് സിയാദ്.
സ്കൂൾ കലോത്സവങ്ങളിൽ ജില്ലാതലത്തിൽ മത്സരിക്കാറുണ്ടെങ്കിലും, സംസ്ഥാന ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നത് ഇതാദ്യം. അധ്യാപകൻ സത്യൻ, ഉപ്പ സിറാജുദ്ദീൻ എന്നിവരുടെ കൂടെയാണ് ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ സിയാദ് കണ്ണൂരിലെത്തിയത്. സിവിൽ സർവീസാണ് സിയാദിന്റെ ലക്ഷ്യം.
from Kerala || Deshabhimani Online News https://ift.tt/2TET0d7
via IFTTT
No comments:
Post a Comment