തൃശൂർ
മലയാള നാടകത്തെ കൂടുതൽ ചൈതന്യാത്മകവും ചലനാത്മകവുമാക്കാൻ പ്രവർത്തിച്ച വ്യക്തിയാണ് സി ജെ തോമസെന്ന് പ്രൊഫ. എം കെ സാനു. സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയും തൃശൂർ രംഗചേതനയുമായി സഹകരിച്ച് സംഘടിപ്പിച്ച സി ജെ തോമസ് ജന്മശതാബ്ദി ആഘോഷം സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടക കലയ്ക്ക് നല്ല പ്രേക്ഷകസദസ്സ് സൃഷ്ടിക്കുക എന്നത് കാലത്തിന്റെ ആവശ്യവും ഏറ്റെടുക്കേണ്ട വെല്ലുവിളിയുമാണെന്നും അദ്ദേഹം പറഞ്ഞു.
പരിമിതവും ദരിദ്രവുമായ മലയാളനാടകത്തെ ലോകസാഹിത്യവുമായി ബന്ധിപ്പിക്കാനായെന്നതാണ് സിജെയെ മറ്റു നാടകാചാര്യന്മാരിൽനിന്ന് വേറിട്ടുനിർത്തുന്നത്. ക്രൈസ്തവനായി ജനിച്ച് ക്രിസ്ത്യാനിയായി ജീവിക്കാത്ത സർഗധനനായ ധിക്കാരിയായിരുന്നു അദ്ദേഹം. പ്രൗഢവും കാവ്യാത്മകവുമായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങൾ. കേരളം പുനഃസൃഷ്ടിക്കായി ഒരുങ്ങുന്ന കാലഘട്ടത്തിൽ സിജെയെപോലുള്ള സാഹിത്യകാരന്മാരെ അനുസ്മരിക്കുന്നത് മുന്നോട്ടുള്ള പ്രവർത്തനത്തിന് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻനായർ അധ്യക്ഷനായി. ശശിധരൻ നടുവിൽ, കെ വി ഗണേഷ് എന്നിവർ സംസാരിച്ചു. രംഗചേതന പ്രസിഡന്റ് ഇ ടി വർഗീസ് സ്വാഗതവും സി ആർ ജോയി നന്ദിയും പറഞ്ഞു. സെമിനാറിൽ ഡോ. ഷിബു എസ് കൊട്ടാരം മോഡറേറ്ററായി. ‘സിജെയും ദ്യശ്യകലയും' എന്ന വിഷയം ജോൺ പോളും ‘നാടക സാഹിത്യത്തിലെ സിജെ'എന്ന വിഷയം പ്രൊഫ. എം തോമസ് മാത്യുവും ‘പരിഭാഷകനായ സിജെ' എന്ന വിഷയം ഡോ. കെ ജോയ് പോളും അവതരിപ്പിച്ചു. തൃശൂർ രംഗചേതനയുടെ നേതൃത്വത്തിൽ ‘അവൻ വീണ്ടും വരുന്നു' എന്ന സി ജെയുടെ നാടകം അവതരിപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/2PcezD2
via IFTTT
No comments:
Post a Comment