കൊച്ചി
പുതിയ ജില്ലാ കമ്മിറ്റി ഓഫീസ‌് നിർമാണം, ലോക‌്സഭാ തെരഞ്ഞെടുപ്പ‌് എന്നിവയ‌്ക്കായി ബിജെപി ദേശീയ നേതൃത്വത്തിൽനിന്ന‌് കോടിക്കണക്കിന‌് രൂപ ഒഴുകിയെത്താനിരിക്കെ എറണാകുളം ജില്ലാ ഘടകത്തിൽ അധികാരത്തർക്കം മൂർഛിച്ചു. ജില്ലാ പ്രസിഡന്റ‌് എൻ കെ മോഹൻദാസ‌് രാജിവച്ച‌് ഒഴിയണമെന്ന‌് സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടും അദ്ദേഹം സ്ഥാനത്ത‌് കടിച്ചുതൂങ്ങുകയാണ‌് എന്നാണ‌് എതിർപക്ഷത്തിന്റെ ആക്ഷേപം. എന്നാൽ പദവി ഒഴിയേണ്ടി വന്നാൽ പലതും പുറത്തുപറയുമെന്നാണ‌് നേതൃത്വത്തിന‌് മോഹൻദാസ‌് നൽകിയ മറുപടി.
ഒക‌്ടോബർ എട്ടിന‌് കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗമാണ‌് മോഹൻദാസിനോട‌് പ്രസിഡന്റ‌് പദവി ഒഴിയാൻ ആവശ്യപ്പെട്ടത‌്. സാമ്പത്തിക ക്രമക്കേടുകളും ജില്ലയിലെ പാർടി പ്രവർത്തനങ്ങൾ നിർജീവമായതുമാണ‌് നേതൃ തീരുമാനത്തിന‌് കാരണമെന്നാണ‌് മോഹൻദാസിന്റെ എതിരാളികൾ പറയുന്നത‌്. ഇതുസംബന്ധിച്ച‌് നിരവധി പരാതികളും നേതൃത്വത്തിന‌് ലഭിച്ചിട്ടുണ്ട‌്. ജില്ലാ കമ്മിറ്റി ഓഫീസ‌് നിർമാണം, ലോക‌്സഭാ തെരഞ്ഞെടുപ്പ‌് എന്നിവ കഴിയാതെ ഒഴിയില്ലെന്ന‌് മോഹൻദാസ‌് നേതൃത്വത്തെ അറിയിച്ചതായാണ‌് സൂചന. പാർലമെന്റ‌് തെരഞ്ഞെടുപ്പിന‌് കേന്ദ്ര കമ്മിറ്റി നൽകുന്ന കോടികൾ ജില്ലാ പ്രസിഡന്റ‌് വഴിയാണ‌് മണ്ഡലം കമ്മിറ്റികൾക്ക‌് കൈമാറുന്നത‌്. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം കമ്മിറ്റികൾക്ക‌് ആവശ്യമായ തുക കൈമാറിയില്ലെന്നും പരാതിയുയർന്നിരുന്നു. എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ‌് നിർമാണത്തിനും ദേശീയ നേതൃത്വമാണ‌് പണം നൽകുന്നത‌്. മൂന്ന‌് കോടിയോളം രൂപ ചെലവിലാണ‌് ഓഫീസ‌് നിർമാണം.
പഞ്ചായത്തുകളിൽനിന്നും മണ്ഡലം കമ്മിറ്റി പിരിക്കുന്ന പാർടി ഫണ്ടിൽനിന്നും പഞ്ചായത്ത‌് കമ്മിറ്റികൾക്ക‌് നൽകേണ്ട 25 ശതമാനം തുകയും നൽകിയിട്ടില്ലെന്ന‌് ആക്ഷേപമുണ്ട‌്. ഇതിന‌് ജില്ലാ പ്രസിഡന്റ‌് കൂട്ട‌് നിൽക്കുന്നുവെന്നാണ‌് എതിർപക്ഷത്തിന്റെ ആരോപണം. ഇത്തരത്തിൽ രണ്ട‌് ലക്ഷം രൂപവരെ ലഭിക്കാനുള്ള പഞ്ചായത്ത‌് കമ്മിറ്റികളുണ്ട‌്. പാർടി ഫണ്ട‌് പിരിവ‌് സംബന്ധിച്ച‌് ആലുവ, പെരുമ്പാവൂർ, പിറവം, വൈപ്പിൻ മണ്ഡലങ്ങളിൽ തമ്മിലടിയും തുടങ്ങി. ഈ കമ്മിറ്റികളിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച‌് അന്വേഷിക്കാൻ കമീഷനെ വച്ചുവെങ്കിലും നടപടിയായില്ല. ഇതിനിടെ പാർടി പ്രവർത്തനം മടുത്ത‌് പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ‌് വിജയൻ രാജിവയ‌്ക്കുകയും ചെയ‌്തു.
സാമ്പത്തിക ക്രമക്കേട‌് നടത്തുന്നവരെ ജില്ലാ പ്രസിഡന്റ‌് സംരക്ഷിക്കുന്നതായും നേതൃത്വത്തിന‌് പരാതി ലഭിച്ചിട്ടുണ്ട‌്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ‌് ജില്ലാ പ്രസിഡന്റ‌് പദവി രാജിവയ‌്ക്കാൻ മോഹൻദാസിനോട‌് ആവശ്യപ്പെട്ടതത്രെ. എന്നാൽ തീരുമാനമെടുത്ത‌് ഒരുമാസം പിന്നിടാറായിട്ടും പദവിയൊഴിയാൻ മോഹൻദാസ‌് തയ്യാറായിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2D3lA1N
via IFTTT
No comments:
Post a Comment