പ്രളയത്തിൽ തകർന്ന ശബരിമലയുടെ പുനർനിർമാണത്തിന് സംസ്ഥാന സർക്കാർ നടത്തിയത് യുദ്ധകാലാടിസ്ഥാനത്തിലുള്ള തീവ്രയജ്ഞം. ചുരുങ്ങിയത് രണ്ടുവർഷം കഴിഞ്ഞാലും പുനർനിർമാണം യാഥാർഥ്യമാകില്ലെന്നാണ് വിദഗ്ധർ പോലും കണക്ക് കൂട്ടിയതെങ്കിലും സർക്കാരിന്റെ ഇച്ഛാശക്തിയാലാണ് തീർഥാടനകാലം തുടങ്ങുന്നതിന് മുമ്പ് ലക്ഷ്യം 90 ശതമാനവും കൈവരിച്ചത്. എന്നിട്ടും സംസ്ഥാന സർക്കാരിനെയും ദേവസ്വം ബോർഡിനേയും പഴിക്കുകയാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും.
പ്രളയ ശേഷം ഉണ്ടായ തുടർ മഴയേയും പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ചാണ് സൗകര്യങ്ങളെല്ലാം ഒരുക്കിയതെന്നും ശ്രദ്ധേയമാണ്. സംഘപരിവാർ ശക്തികളും കോൺഗ്രസും നടത്തിയ സംഘർഷ സമരങ്ങളും നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി. ഇതെല്ലാം അതിജീവിച്ചാണ് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെയുള്ള സഹകരണം ലഭ്യമാക്കി തീർഥാടനകാലം കുറ്റമറ്റതാക്കിയത്. തുടർമഴയും സംഘർഷവുമില്ലായിരുന്നെങ്കിൽ 100 ശതമാനം നിർമാണ പ്രവർത്തനവും യാഥാർഥ്യമാക്കാമായിരുന്നു. ഇതെല്ലാം മറച്ചാണ് സംഘർഷമുണ്ടാക്കിയവർ തന്നെ അടിസ്ഥാന സൗകര്യമില്ലെന്ന ആക്ഷേപവും ഉന്നയിക്കുന്നത്.
പമ്പയിലെ അടിസ്ഥാനസൗകര്യം പൂർണമായും തകർന്ന സാഹചര്യത്തിൽ നിലയ്ക്കൽ ബേസ് ക്യാമ്പാക്കി നിലനിർത്തിയാണ് സൗകര്യങ്ങൾ ഒരുക്കിയത്. പമ്പയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പാരിസ്ഥിതികാനുമതിയുടെ പ്രശ്നവുമുണ്ട്.
എന്നിട്ടും, പമ്പയിൽ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന നുണക്കഥയും പ്രചരിപ്പിക്കുന്നു. പമ്പയിലുണ്ടായിരുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലയ്ക്കലിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏർപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് പൂർത്തിയാക്കിയത്. നിലയ്ക്കലിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള പ്രധാന ചുമതല ടാറ്റ പ്രോജക്ട് സൗജന്യമായി ഏറ്റെടുത്ത് പൂർത്തിയാക്കി. 25 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇവിടെ 3600 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിരി ഷെഡ് തയ്യാറാക്കി. നിലയ്ക്കലിൽ നിലവിലുള്ള 470 സ്ഥിരം ടോയ്ലെറ്റുകൾക്ക് പുറമേ 500 എണ്ണംകൂടി സ്ഥാപിച്ചു. കണ്ടെയ്നർ രൂപത്തിൽ ബയോ ഡൈജസ്റ്റർ സംവിധാനം ഉപയോഗിച്ചുള്ളവയാണിവ.
നിലയ്ക്കലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി നാല് സ്ഥലങ്ങളിൽ 25 ആർഒ പ്ലാന്റുകൾ സ്ഥാപിച്ചു. ഇവിടെനിന്ന് വാട്ടർ അതോറിറ്റിയുടെ 300 കിയോസ്ക്കിലേക്ക് ശുദ്ധീകരിച്ച ജലമെത്തിക്കും.
റോഡിന് 200 കോടി
തകർന്ന പ്രധാന റോഡുകൾ പൊതുമരാമത്ത് വകുപ്പ് പൂർവസ്ഥിതിയിലാക്കി. പ്രധാന റോഡുകൾ 200 കോടി രൂപ മുടക്കിയാണ് അറ്റകുറ്റപ്പണി നടത്തിയത്. കഴിഞ്ഞ വർഷം വകയിരുത്തിയ 140 കോടിയാണ് 200 കോടിയായി വർധിപ്പിച്ചത്.
ഇതിനുപുറമെ മറ്റു നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും നീക്കിവച്ചു. ശബരിമല മാസ്റ്റർപ്ലാനിൽ 142 കോടിയുടെ പ്രോജക്ടുകൾക്കാണ് കിഫ്ബി വഴി പണം അനുവദിച്ചത്. പമ്പയിൽ 10 എംഎൽഡി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഭൗതികസൗകര്യങ്ങൾ, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവ ഒരുക്കി.
ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകൾക്ക് 3.2 കോടിയാണ് ഈ വർഷം വകയിരുത്തിയത്. ഇതിനെല്ലാം പുറമെ വകുപ്പുകളെയാകെ ഏകോപിപ്പിച്ച് തീർഥാടനകാലം സുഗമമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിക്കഴിഞ്ഞു. ഒറ്റപ്പെട്ട ചില പ്രയാസങ്ങൾ ഉണ്ടെങ്കിൽ അതും പരിഹരിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് വിവിധ വകുപ്പുകളെയും ദേവസ്വം ബോർഡിനേയും ഏകോപിപ്പിച്ച് സർക്കാർ നടത്തിയത്.
ടാറ്റ പ്രോജക്ട്സ് 25 കോടിയുടെ പണി പൂർത്തിയാക്കി
പ്രളയത്തിൽ തകർന്ന പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിന് ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡ് ചെയ്ത 25 കോടിരൂപ ചെലവുവരുന്ന പ്രവൃത്തികൾ സൗജന്യമാക്കിയതായി ടാറ്റാ സൺസ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. അടിയന്തരമായി തീർക്കേണ്ട ജോലികളാണ് ടാറ്റയെ ഏൽപ്പിച്ചിരുന്നത്. ദേവസ്വം ബോർഡ്, പൊലീസ്, ജലസേചന വകുപ്പ്, വനംവകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ ആവശ്യങ്ങൾ പ്രകാരമുള്ള പ്രവൃത്തികളാണ് സമയബന്ധിതമായി പൂർത്തിയാക്കിയത്.
പ്രവൃത്തികൾ സൗജന്യമാണെന്ന് അറിയിക്കുന്ന ടാറ്റാ സൺസിന്റെ കത്ത് ജനറൽ മാനേജർ ടി സി എസ് നായർ മുഖ്യമന്ത്രിക്ക് കൈമാറി. കേരളം നേരിട്ട പ്രളയദുരന്തം കണക്കിലെടുത്താണ് പ്രവൃത്തികൾ സൗജന്യമാക്കാൻ തീരുമാനിച്ചതെന്ന് ടി സി എസ് നായർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2FotHIT
via IFTTT
No comments:
Post a Comment