അയ്യപ്പഭക്തരെ മുൾമുനയിൽനിർത്തി സംഘപരിവാർ നടത്തുന്ന സംഘർഷങ്ങൾക്കും കലാപങ്ങൾക്കും കോൺഗ്രസിന്റെ കൈത്താങ്ങ‌്. ആർഎസ‌്എസും ബിജെപിയും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം പരസ്യപിന്തുണ നൽകിയും പ്രോത്സാഹിപ്പിച്ചുമാണ‌് ഒരുവിഭാഗം കോൺഗ്രസ‌് നേതാക്കൾ എരിതീയിൽ എണ്ണയൊഴിക്കുന്നത‌്.
മണ്ഡല–-മകരവിളക്ക‌് തീർഥാടനം നാലാംനാൾ പിന്നിട്ടപ്പോൾ വിശ്വാസികൾക്ക‌് ഒരു പ്രയാസവുമില്ലാതെയാണ‌് ശബരിമല ദർശനം നടത്താനാകുന്നത‌്. സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ ക്രമീകരണങ്ങൾ കൂടുതൽ എളുപ്പത്തിൽ ദർശനസൗകര്യമൊരുക്കുന്നു. ആദ്യനാളുകളിലെ നേരിയ പ്രയാസംപോലും പരിഹരിച്ച‌് മുന്നോട്ടുപോകുമ്പോഴാണ‌് ഞായറാഴ‌്ച പാതിരാത്രി സന്നിധാനത്ത‌് നുഴഞ്ഞുകയറിയ ആർഎസ‌്എസുകാർ സംഘർഷത്തിന‌് തിരികൊളുത്തിയത‌്. ഇങ്ങനെ കലാപത്തിന‌് ശ്രമിച്ച ക്രിമിനലുകളെപോലും പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല മഹത്വവൽക്കരിക്കുകയാണ‌്. മഴവന്നപ്പോൾ നനയാതിരിക്കാൻ നടപ്പന്തലിൽ കയറിയ ഭക്തരെയാണ‌് അറസ്റ്റ‌് ചെയ‌്തതെന്ന വിചിത്രമായ ന്യായീകരണമായിരുന്നു അദ്ദേഹത്തിന്റേത‌്. അറിയപ്പെടുന്ന ആർഎസ‌്എസ‌് നേതാക്കളാണ‌് സംഘർഷത്തിന‌് നേതൃത്വം നൽകിയതെന്ന‌് അറിഞ്ഞുതന്നെയാണ‌് ഈ ന്യായീകരണം.
തിങ്കളാഴ‌്ച കൊച്ചിയിൽ ചേർന്ന യുഡിഎഫ‌് യോഗത്തിനുശേഷം ചെന്നിത്തല നടത്തിയ വാർത്താസമ്മേളനവും അക്രമങ്ങളെ ന്യായീകരിക്കുന്നതായിരുന്നു. നിരോധനാജ്ഞയുടെ പേരിലാണ‌് ആർഎസ‌്എസിന്റെ അതേ സ്വരത്തിലുള്ള പ്രതികരണം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിർദേശമനുസരിച്ചാണ‌് നിയന്ത്രണം ഏർപ്പെടുത്തിയത‌്. ഇത‌് അറിയാത്ത ആളല്ല മുൻ ആഭ്യന്തരമന്ത്രികൂടിയായ ചെന്നിത്തല. നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ അലോസരപ്പെടുന്നത‌് സംഘപരിവാറാണ‌്. ആ അലോസരം തങ്ങളെയും ബാധിക്കുന്നുവെന്ന നിലയിലാണ‌് പ്രതിപക്ഷനേതാവ‌് പെരുമാറുന്നത‌്.
കലാപത്തിന‌് നേതൃത്വം കൊടുക്കാൻ ബിജെപി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച സർക്കുലറിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിന‌് താൽപ്പര്യമില്ല. ശബരിമല ദർശനത്തിന‌് തീർഥാടകർ എത്തുന്നത‌് കുറയാൻ പ്രധാന കാരണം സംഘപരിവാർ നടപടികളാണ‌്. സംഘർഷവും ഭീഷണിയും ഭയന്ന‌് യഥാർഥ വിശ്വാസികൾ പോകാൻ മടിക്കുന്നു. പ്രത്യക്ഷമായി ഭക്തരെയും തടയുന്നു. ആദ്യദിവസം ശശികലയെ തടഞ്ഞതിന്റെ പേരിൽ കലാപത്തിന‌് ശ്രമിച്ചവർ രണ്ടാംനാൾ ഹർത്താൽ നടത്തി.
സുരേന്ദ്രനെ അറസ്റ്റ‌് ചെയ‌്തതിൽ പ്രതിഷേധിച്ച‌് മൂന്നാംനാൾ വഴി തടഞ്ഞു. നടപ്പന്തലിൽ കലാപത്തിന‌് ശ്രമിച്ചവരെ അറസ്റ്റ‌് ചെയ‌്ത‌് നീക്കിയതിന‌് നാലാംനാൾ പ്രതിഷേധദിനമായി. ഇതെല്ലാം അതിജീവിച്ച‌് വേണമായിരുന്നു അയ്യപ്പഭക്തർക്ക‌് ശബരിമലയിലെത്താൻ. ശശികല വീണ്ടും നടത്തിയ ചോറൂണ‌് നാടകവും വിശ്വാസികളെ ഭയപ്പെടുത്തി.
സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന നുണക്കഥകളും കലാപാഹ്വാനങ്ങളും ഇതിന‌് പുറമെയാണ‌്. ഇതൊന്നും കോൺഗ്രസിനെ ഒരുതരത്തിലും അലോസരപ്പെടുത്തുന്നില്ലെന്നതും ശ്രദ്ധേയമാണ‌്. സുപ്രീംകോടതിയുണ്ടെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നാണ‌് കോൺഗ്രസ‌് സംസ്ഥാനനേതൃത്വത്തിന്റെ സമീപനം. എന്നാൽ, ഏതെങ്കിലും യുവതിയെ ശബരിമലയിലെത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ല. തീർഥാടനകാലം തുടങ്ങി നാലുനാൾ പിന്നിട്ടപ്പോഴും ഏതെങ്കിലും യുവതി എത്തിയിട്ടുമില്ല. എന്നിട്ടും കലാപത്തിനും സംഘർഷത്തിനും ശ്രമിക്കുന്നതിനുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം മാത്രമാണ‌്. സംഘപരിവാറിന്റെ ഈ അജൻഡയ‌്ക്കനുസരിച്ച‌് പ്രവർത്തിക്കുന്ന ബി ടീമായി കോൺഗ്രസും യുഡിഎഫും മാറിയിരിക്കുന്നുവെന്നാണ‌് ഇതെല്ലാം വ്യക്തമാക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2PFyZop
via IFTTT
No comments:
Post a Comment