ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിന് കരുത്തുപകരാനെത്തിയ ദേശീയ ബാലാവകാശ കമീഷൻ അംഗങ്ങൾ മലയിറങ്ങിയത് നിരാശരായി. സർക്കാരും പൊലീസും ദേവസ്വംബോർഡും ചേർന്ന് ശബരിമലയിൽ കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് പ്രചരിപ്പിക്കാനുള്ള തിരക്കഥയുമായിട്ടായിരുന്നു വരവ്. എന്നാൽ എല്ലാപ്രായത്തിലുമുള്ള തീർഥാടകരും സർക്കാർ ഒരുക്കിയ സൗകര്യങ്ങളിൽ തൃപ്തരാണെന്ന് മനസ്സിലാക്കിയ കമീഷൻ അംഗങ്ങൾ വന്നതിനേക്കാൾ വേഗത്തിൽ മടങ്ങി.
കമീഷൻ അംഗം ജി ആനന്ദ്, സീനിയർ കൺസൾട്ടന്റ് ധൻരാജ് എന്നിവരാണ് ബുധനാഴ്ച ദർശനത്തിനെത്തിയത്. ഇരുമുടിക്കെട്ടുമായി ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയതെന്തിനെന്ന ചോദ്യത്തിന് ഭക്തരുടെ വികാരം അറിയാൻ' എന്നായിരുന്നു മറുപടി. ചില ബിജെപി, ബാലഗോകുലം നേതാക്കളാണ് കമീഷൻ അംഗങ്ങളെ കൊണ്ടുവന്നത്. ഇവർ തന്നെ സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനം ഉണ്ടാകുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. ബാലാവകാശ ലംഘനത്തിന്റെ ഒരു കെട്ട് വാർത്തകൾ പ്രതീക്ഷിച്ചെത്തിയ മാധ്യമ പ്രവർത്തകരും നിരാശരായി.
‘ ഞങ്ങൾ നിരാശരാണ് ' എന്ന് ആവർത്തിച്ചു പറഞ്ഞ കമീഷൻ അംഗം ജി ആനന്ദിന് എന്തുകാര്യത്തിലാണ് നിരാശ എന്ന് വിവരിക്കാൻ കഴിഞ്ഞില്ല. കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും നടത്തിയ നാടകങ്ങളുടെ തുടർച്ചയാണിതെന്ന് മനസ്സിലാക്കി മാധ്യമ പ്രവർത്തകർ പിൻവാങ്ങിയതോടെ അന്വേഷക സംഘം മലയിറങ്ങി. ഡോളിയിലേറിയായിരുന്നു മടക്കം.
പമ്പയിൽ ഇവരെ ബിജെപി നേതാക്കൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരുക്കിയ തെളിവെടുപ്പിന് കമീഷൻ അംഗങ്ങൾ ഇരുന്നുകൊടുത്തു. 24 ന് സന്നിധാനത്ത് സംഘർഷം സൃഷ്ടിച്ചതിന് പൊലീസ് നീക്കം ചെയ്തയാളിന്റെ മകനെയാണ് ഹാജരാക്കിയത്. പൊലീസ് തല്ലിച്ചതച്ചുവെന്ന് കുട്ടിയെക്കൊണ്ട്പറയിപ്പിക്കാനുള്ള ശ്രമവും നടപ്പായില്ല. സന്നിധാനത്ത് ദിവസേന രാത്രി ജാഥ നടത്താനെത്തുന്ന ആർഎസ്എസുകാർ കുട്ടികളെ മുന്നിൽനിർത്തിയാണ് സംഘർഷത്തിന് ശ്രമിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകരോട് ‘പരാതി കിട്ടിയാൽ അന്വേഷിക്കാം' എന്നായിരുന്നു മറുപടി. 24 ന് സംഘർഷത്തിന് നേതൃത്വം കൊടുത്തയാളിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുമ്പോൾ കുട്ടിയെയും കൂടെ കൂട്ടണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത എല്ലാരേയും പമ്പയിലെത്തിച്ച് വിട്ടയച്ചു.
ഇതിനെ സംഘപരിവാർ മാധ്യമങ്ങൾ 'കുട്ടികളെയും അറസ്റ്റ് ചെയ്യുന്നു' എന്ന് പ്രചരിപ്പിച്ചെങ്കിലും വിലപ്പോയില്ല. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനുകൂടി വേണ്ടിയാണ് ദേശീയ ബാലാവകാശ കമീഷൻ അംഗങ്ങൾ എത്തിയത്. ഇരുവരും വ്യാഴാഴ്ച ഡൽഹിക്ക് മടങ്ങും.
കുട്ടികളുടെ സുരക്ഷയ്ക്ക് പൊലീസും ആരോഗ്യവകുപ്പും പ്രത്യേകം സംവിധാനങ്ങൾ ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. ദർശനത്തിനെത്തിയ ഒരു കുട്ടിയെപ്പോലും കാണാതായ സംഭവം ഈ വർഷം റിപ്പോർട്ട് ചെയ്തില്ല എന്നതും ഈ സംവിധാനങ്ങളുടെ മേന്മയാണ്.
കലക്ടർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഈ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഇരുവരും പമ്പയിൽ നിന്ന് മടങ്ങിയത്. കഴിഞ്ഞയാഴ്ച പരിശോധനയ്ക്കെത്തിയ സംസ്ഥാന മനുഷ്യാവകാശ കമീഷനും സംതൃപ്തി രേഖപ്പെടുത്തിയാണ് ശബരിമലയിൽ നിന്ന് മടങ്ങിയത്.
from Kerala || Deshabhimani Online News https://ift.tt/2FO0I1w
via IFTTT
No comments:
Post a Comment