തിരുവനന്തപുരം > ശബരിമലയിൽ രണ്ട‌് ദിവസമായി ആർഎസ‌്എസ‌്–-ബിജെപി അക്രമിസംഘം അഴിഞ്ഞാടിയത‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള പ്രഖ്യാപിച്ച അജൻഡയ‌്ക്കനുസരിച്ച‌്. നിലയ‌്ക്കലും പമ്പയിലും സന്നിധാനത്തും ഭക്തരുടെ മറവിൽ തമ്പടിച്ചത‌് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ക്രിമിനൽ സംഘവും. യുവമോർച്ചാ യോഗത്തിൽ ശ്രീധരൻപിള്ള വെളിപ്പെടുത്തിയപോലെ ആർഎസ‌്എസിന്റെയും ബിജെപിയുടെയും സംസ്ഥാന നേതൃത്വം നിശ്ചയിച്ച സ്ഥലത്ത‌് ക്യാമ്പ‌് ചെയ‌്താണ‌് അക്രമം ആസൂത്രണംചെയ‌്തത‌്. ഏതെങ്കിലും സ്ഥലത്ത‌് നേരിയ തോതിലെങ്കിലും പൊലീസ‌് ബലപ്രയോഗമുണ്ടായാൽ സംസ്ഥാനത്താകെ കലാപമഴിച്ചുവിടുക എന്നതായിരുന്നു പദ്ധതി. പൊലീസ‌് പരമാവധി സംയമനം പാലിച്ചതിനാൽ ബിജെപി അജൻഡ ഇത്തവണയും ലക്ഷ്യത്തിലെത്തിയില്ല.
ആചാര സംരക്ഷണത്തിന്റെ മറവിലാണ‌് കലാപത്തിന‌് ശ്രമിക്കുന്നതെങ്കിലും സംഘപരിവാർ നേതാക്കൾതന്നെ ആചാരലംഘനം നടത്തുന്നതിനും ശബരിമല ചൊവ്വാഴ‌്ച സാക്ഷ്യംവഹിച്ചു. പരിപാവനമായി കണക്കാക്കുന്ന പതിനെട്ടാം പടിയിൽപോലും ഇരുമുടിക്കെട്ടില്ലാതെ ആർഎസ‌്എസുകാർ കയറിയിറങ്ങി. ഭക്തർ മുന്നോട്ടുമാത്രം ദർശനത്തിനായി നിൽക്കുന്ന ക്ഷേത്രനടയിൽ പുറംതിരിഞ്ഞ‌് നിന്നതും ആചാരലംഘനമാണ‌്. 50ന‌് മുകളിൽ പ്രായമുള്ള സ‌്ത്രീകളെ ദേഹോപദ്രവം ഏൽപ്പിച്ചും അപമാനിച്ചും അവർ അഴിഞ്ഞാടി.
സുപ്രീംകോടതി വിധി നടപ്പാക്കുന്നത‌് തടയാനുള്ള തീവ്രശ്രമമാണ‌് സംഘപരിവാർ നേതാക്കൾ നടത്തിയത‌്. ഇത‌് കോടതിയലക്ഷ്യം കൂടിയാണ‌്.
ഇങ്ങനെ നേതാക്കൾ തീവ്രനിലപാട‌് എടുക്കുന്നതിനുപിന്നിൽ ബിജെപിയിലേയും ആർഎസ‌്എസിലേയും ഗ്രൂപ്പ‌് വടംവലിയുമുണ്ട‌്. ആരാണ‌് കൂടുതൽ തീവ്രനിലപാട‌് എടുക്കുന്നതെന്നതിൽ ശ്രീധരൻപിള്ളപക്ഷവും കെ സുരേന്ദ്രൻ പക്ഷവും മത്സരത്തിലാണ‌്. ആർഎസ‌്എസിലെ യുവതീപ്രവേശ അനുകൂല നിലപാടുള്ള വിഭാഗത്തിനെതിരെയാണ‌് വൽസൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ക്രിമിനൽ സംഘം എത്തിയത‌്.
ബിജെപിയും ആർഎസ‌്എസും കളംനിറഞ്ഞ‌് കളിക്കുന്നത‌് രാഹുൽ ഈശ്വറിനെപ്പോലുള്ള എഎച്ച‌്പിക്കാർ സമരത്തെ ഹൈജാക്ക‌് ചെയ്യുമെന്ന‌് ഭയന്നും. ചുരുക്കത്തിൽ ഇവരുടെയെല്ലാം ലക്ഷ്യം വിശ്വാസ സംരക്ഷണമോ ആചാര സംരക്ഷണമോ അല്ല, വിശ്വാസവും ആചാരവും വച്ചുള്ള മുതലെടുപ്പ‌് രാഷ‌്ട്രീയം മാത്രമാണ‌്.
തന്റെ രഹസ്യപ്രസംഗം പുറത്തുവിട്ടതിന‌് പിന്നിൽ കെ സുരേന്ദ്രനും കൂട്ടരുമാണെന്ന‌് ശ്രീധരൻപിള്ള സംശയിക്കുന്നു. ശബരിമല സമരത്തിന‌് ആദ്യം മുന്നിട്ടിറങ്ങിയത‌് പിള്ളയായിരുന്നു. ഇത‌് പാർടിയിൽ പിള്ളയ‌്ക്ക‌് നേരിയ മുൻതൂക്കം നൽകിയെന്ന‌് സുരേന്ദ്രൻ കണക്കുകൂട്ടുന്നു. ഇതോടെയാണ‌് ശബരിമലയിൽ യുവതീപ്രവേശം വേണമെന്ന അഭിപ്രായക്കാരനായിട്ടും സുരേന്ദ്രൻ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത‌്. രണ്ട‌് ഗ്രൂപ്പും ബലാബലം നടത്തുന്നതിനിടെയാണ‌് പിള്ളയുടെ പ്രസംഗം പുറത്തുവന്നത‌്. തന്നെ നിർവീര്യമാക്കാൻ നടത്തിയ ഗൂഢാലോചനയാണിതെന്നും ശ്രീധരൻപിള്ള കരുതുന്നു.
ബിജെപിയുടെ അടുത്ത അജൻഡ രഥയാത്രയാണ‌്. 8ന‌് കാസർകോട‌് മധൂരിൽ നിന്നാണ‌് യാത്ര തുടങ്ങുന്നത‌്. മണ്ഡലപൂജയ‌്ക്ക‌് നട തുറക്കുന്നതോടെ നാടെങ്ങും കലാപമഴിച്ചുവിടാനാണ‌് പദ്ധതിയെന്നു വ്യക്തം. ശ്രീധരൻപിള്ള ചൊവ്വാഴ‌്ച പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനവും ഇതിന‌് തെളിവാണ‌്. മുമ്പ‌് പഞ്ചാബിൽ സുവർണക്ഷേത്രത്തിൽ മാത്രമാണ‌് ഇതുപോലെ പൊലീസ‌് ഭീകരത ഉണ്ടായതെന്നാണ‌് പിള്ള പറഞ്ഞത‌്.
ഭിന്ദ്രൻവാല ഉൾപ്പെടെ ഭീകരവാദ നേതാക്കളെ പിടികൂടാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശ പ്രകാരം 1984 ജൂൺ 1 മുതൽ 8 വരെ സുവർണക്ഷേത്രത്തിൽ നടത്തിയ പട്ടാള ഇടപെടലാണ‌് ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന‌് ശേഷം പഞ്ചാബിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും കണ്ട കലാപങ്ങൾക്ക‌് കാലം സാക്ഷിയാണ‌്.
ഭിന്ദ്രൻവാല സുവർണക്ഷേത്രത്തിൽ കയറിയതിന‌് സമാനമാണ‌് ശബരിമലയിൽ കയറി സംഘപരിവാറുകാർ അഴിഞ്ഞാടാൻ ശ്രമിച്ചതും.
from Kerala || Deshabhimani Online News https://ift.tt/2AP9uaX
via IFTTT
No comments:
Post a Comment