തീർഥാടകർക്ക് ത്രിവേണിയിൽനിന്ന് പമ്പ ബസ്സ്റ്റാൻഡുവരെ സൗജന്യ മടക്കയാത്ര അനുവദിക്കാനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്ന് ഹൈക്കോടതി. ത്രിവേണിയിൽ തീർഥാടകരുടെ തിരക്ക് ഒഴിവാക്കാൻ സൗജന്യ മടക്കയാത്ര അനുവദിക്കുന്നത് പരിഗണിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി കോടതിയിൽ നേരിട്ടെത്തിയാണ് സൗജന്യ മടക്കയാത്ര അനുവദിക്കുമെന്ന് അറിയിച്ചത്. നിലയ‌്ക്കൽ–- പമ്പ റൂട്ടിൽ മിനിറ്റിൽ ഒരു ബസ് എന്ന നിലയിൽ സർവീസ് നടത്തുമെന്നും കെഎസ്ആർടിസി വിശദീകരിച്ചു.
ശബരിമല മാസ്റ്റർ പ്ലാൻപ്രകാരം ബേസ് ക്യാമ്പ് നിലയ‌്ക്കലിലാണെന്നും എല്ലാ സൗകര്യങ്ങളും നിലയ‌്ക്കലിൽ ഒരുക്കിയതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. സംസ്ഥാനത്താകെ 1400 കെഎസ്ആർടിസി ബസുകൾ മണ്ഡല മകരവിളക്ക് കാലത്ത് പമ്പ സർവീസ് നടത്തും. നിലയ‌്ക്കലിൽമാത്രം 15,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. 900 ടോയ്‌ലറ്റുകൾ സജ്ജമാണ്. പ്രതിദിനം 65 ലക്ഷം ലിറ്റർ വെള്ളവും ലഭ്യമാണ്. നിലയ‌്ക്കലിൽനിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾക്ക് അനുമതി നൽകില്ലെന്നും ദേവസ്വം ബോർഡ് ബോധിപ്പിച്ചു. പ്രളയത്തിനുശേഷം പമ്പയിലും നിലയ‌്ക്കലിലും മതിയായ സൗകര്യങ്ങൾ ഇല്ലെന്നും ബസ് ചാർജ് അമിതമാണെന്നും സ്വകാര്യവാഹനങ്ങൾക്ക‌് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഏതാനും ഹർജികളാണ് കോടതി പരിഗണിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2DiL4t2
via IFTTT
No comments:
Post a Comment