കേരള ഹൈക്കോടതിയിൽ നാല‌് അഡീഷണൽ ജഡ‌്ജിമാരെ നിയമിച്ച‌് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ജില്ലാജഡ‌്ജിമാരായ ടി വി അനിൽകുമാർ, എൻ അനിൽകുമാർ, അഭിഭാഷകരായ വി ജി അരുൺ, എൻ നഗരേഷ‌് എന്നിവരെ ഹൈക്കോടതിയിലേക്ക‌് ഉയർത്താമെന്ന സുപ്രീംകോടതി കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതായി നിയമമന്ത്രാലയം ജോയിന്റ‌്സെക്രട്ടറി വ്യാഴാഴ‌്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു.
എന്നാൽ, ഇവരുടെ ഒപ്പം സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ‌്ത അഭിഭാഷകൻ പി വി കുഞ്ഞികൃഷ‌്ണന്റെ പേര‌് വിജ്ഞാപനത്തിൽ ഇല്ല. ഒക്ടോബർ 11നാണ‌് അഞ്ചുപേരെ ഹൈക്കോടതിയിലേക്ക‌് ഉയർത്താമെന്ന‌് സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിനോട‌് ശുപാർശ ചെയ‌്തത‌്.2018 മാർച്ചിൽ അന്നത്തെ ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് ഒമ്പത‌് പേരുടെ പട്ടികയാണ‌് സുപ്രീംകോടതികൊളീജിയത്തിന‌് കൈമാറിയത‌്.
ഹൈക്കോടതി ശുപാർശ ചെയ‌്തവരുടെ ഔദ്യോഗിക റെക്കോഡുകൾ പരിശോധിച്ചതിനും അവരുമായി മുഖാമുഖം നടത്തിയത്തിനും ശേഷമാണ‌് സുപ്രീംകോടതി ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ കൊളീജിയം രണ്ട‌് ജില്ലാ ജഡ‌്ജിമാരെയും മൂന്ന‌് അഭിഭാഷകരെയും ഹൈക്കോടതിയിലേക്ക‌് ഉയർത്താമെന്ന‌് കേന്ദ്രസർക്കാരിനോട‌് ശുപാർശ ചെയ്യുന്നത‌്. ടി വി അനിൽകുമാറും എൻ അനിൽകുമാറും നിലവിൽ ഹൈക്കോടതി രജിസ‌്ട്രാർമാരാണ‌്. എൻ നഗരേഷ‌് നിലവിൽ ഹൈക്കോടതിയിലെ അസി. സോളിസിറ്റർ ജനറലാണ‌്.
കേന്ദ്രസർക്കാരിന്റെ കേസുകൾ ഹൈക്കോടതിയിൽ കൈകാര്യം ചെയ്യുന്നത‌് അദ്ദേഹമാണ‌്.
ബിഎംഎസ‌് സംസ്ഥാന ഭാരവാഹിയായിരുന്നു. 1989ൽ അഭിഭാഷകനായി എൻറോൾ ചെയ‌്ത വി ജി അരുൺ 1991 മുതൽ ഹൈക്കോടതിയിൽ പ്രാക്ടീസ‌് നടത്തുന്നുണ്ട‌്. പി വി കുഞ്ഞികൃഷ‌്ണൻ 24 വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ‌് ചെയ്യുന്നുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2Jy54I9
via IFTTT
No comments:
Post a Comment