ഏതന്‍സ്
ചൂഷിതരുടെ വിപുലമായ സമരസഖ്യവും നിലയ‌്ക്കാത്ത സമരവുമാണ് സമത്വവും സമാധാനവുമുള്ള നവലോകസൃഷ്ടിക്കുള്ള മാർഗമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പ്രസ്താവിച്ചു . ഏഥൻസിൽ കമ്യൂണിസ്റ്റ്- - തൊഴിലാളി പർടികളുടെ അന്താരാഷ്ട്രസമ്മേളനത്തിൽ സിപിഐ എം സമീപനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
നിർമിതബുദ്ധിയുൾപ്പെടെയുള്ള ശാസ്ത്രസാങ്കേതിക സാധ്യതയും തീവ്രമായ നവചൂഷണരീതികളും ആശ്രയിക്കുന്ന ധനമൂലധനശക്തികൾ അവരുടെ ലാഭം വർധിപ്പിക്കുന്നതിനൊപ്പം ലോകത്തിന്റെ ദുരിതവും അസഹനീയമാക്കിക്കൊണ്ടിരിക്കുന്നു. തീവ്രവലതുപക്ഷ ഫാസിസ്റ്റ് ശക്തികൾ അശരണരായ ജനങ്ങളുടെ അസംതൃപ്തി മുതലെടുക്കുന്ന ആപൽക്കരമായ സാഹചര്യവുമുണ്ട്. ഇന്ത്യയിൽ വർഗീയത, മതതീവ്രവാദം, ജാതീയത, അനാചാരങ്ങൾ എന്നിവ ജനങ്ങളെ വഴിതെറ്റിക്കുന്ന അനുഭവങ്ങളുണ്ട്. ഇതിനെതിരായ നിരന്തരമായ ബഹുജനബോധവൽക്കരണം തൊഴിലാളിബഹുജനപ്രസ്ഥാനങ്ങൾ അടിയന്തരകടമയായി ഏറ്റെടുക്കണം.
ഇന്ത്യയിൽ തൊഴിലാളി , കർഷകപ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള അസംഖ്യം ഉശിരൻസമരങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ജാതീയമായ അടിച്ചമർത്തലും ചൂഷണവും സൃഷ്ടിക്കുന്ന ഇന്തൃയുടേതുമാത്രമായ പ്രശ്നങ്ങളും ജനാധിപത്യശക്തികൾ ഏറ്റെടുക്കാൻ കൂടുതൽ ജാഗ്രത കാട്ടേണ്ടതുണ്ട്. ഈ മേഖലകളിൽ മുമ്പുസംഭവിച്ച പോരായ്മ തിരുത്താനുള്ള നിതാന്തശ്രദ്ധ ‘ജനേകതാ ജനാധികാർ ആന്ദോളൻ ' പോലുള്ള അതിവിശാല സംയുക്തസമരമുന്നേറ്റങ്ങളിൽ കാണാനാകും. സെപ്തംബർ അഞ്ചിന് ഡൽഹിയിൽനടന്ന പടുകൂറ്റൻ മസ്ദൂർകിസാൻ റാലിയും ആഗസ‌്തിൽനടന്ന ജയിൽനിറയ‌്ക്കലും ഉദാഹരണങ്ങളാണ്.
നാടിന്റെ മോചനസമരപാത സംബന്ധിച്ച സംവാദവും പ്രത്യയശാസ്ത്രസമരവും ആവശ്യമുള്ളസന്ദർഭങ്ങളിൽ വേണ്ടിവരുമെങ്കിലും അവകാശസമരങ്ങളിൽ സംയുക്തസമരസാധ്യത അവഗണിച്ചുകൊണ്ടല്ല അതുണ്ടാകേണ്ടത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടികളും ഇടതുപക്ഷവും ഇക്കാര്യത്തിൽ നല്ലമാതൃക വികസിപ്പിച്ചെടുക്കാനാണ‌് ശ്രമിക്കുന്നത്. അടുത്തവർഷം ജനുവരി ആദ്യം 48 മണിക്കൂർ പണിമുടക്ക‌് സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത് തൊഴിലാളികളുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ്. ഇടതുപക്ഷ ഇതര ട്രേഡ‌് യൂണിയനുകളും ചരിത്രംസൃഷ്ടിക്കാൻപോകുന്ന ഈ പണിമുടക്കിൽ പങ്കുചേരാൻ തയ്യാറായിട്ടുണ്ട്.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 170–- -ാം വാർഷികമാഘോഷിക്കുകയാണിപ്പോള്‍. യൂറോപ്പ് വിപ്ലവത്തിന്റെ പടിവാതില്ക്കലിലാണെന്ന തിളച്ചുമറിയുന്ന ആശയമാണ് മാനിഫെസ്റ്റോ പകർന്നത്. എന്തുകൊണ്ട് ആ വിപ്ലവമുന്നേറ്റങ്ങൾക്ക് തിരിച്ചടിയേറ്റെന്ന ചോദ്യം കാൾ മാർക്സ് ഉന്നയിക്കുകയും മറുപടിനൽകുകയും ചെയ്തിട്ടുണ്ട്. ഒന്നാം ഇന്റർനാഷണലിന്റെ ഉദ‌്ഘാടനവിജ്ഞാപനത്തിലായിരുന്നു അത്. തൊഴിലാളിവർഗത്തിന്റെ അനൈക്യമാണ് വിപ്ലവസാഹചര്യം പ്രയോജനപ്പെടുത്താൻ കഴിയാതെപോയതിന്റെകാരണം എന്നായിരുന്നു മാർക്സിന്റെ കണ്ടെത്തൽ. ഇന്നത്തെ ലോകത്തും വലിയൊരു പരിധിവരെ ഇതുശരിയാണ്. മറ്റുകാരണങ്ങളുമുണ്ടെങ്കിലും. ഈ ബലഹീനത പരിഹരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധയൂന്നേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2AmkKKD
via IFTTT
No comments:
Post a Comment