കോഴിക്കോട്
മതനിരപേക്ഷ–- നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ശിലപോലെ ഉറച്ച കേരളത്തിന്റെ സാഹോദര്യത്തിന്റെ കരുത്തിന് മുന്നിലാണ് എല്ലാ വർഗീയ ഛിദ്രശക്തികളും എക്കാലവും തോറ്റുപിന്മാറിയത്. ഇന്ത്യൻ മതേതരത്വത്തിന്റെ കൊടിയ ശത്രുവായ സംഘപരിവാർ പരാജയപ്പെടുന്നതും കേരളത്തിന്റെ ഈ കോട്ടപോലെ ഉറച്ച സാഹോദര്യത്തിന്റെ കരുത്തിന് മുന്നിൽ മാത്രമാണ്. ഈ നാടിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും ഇന്ധനം പകരുന്ന കേരളീയ നവോത്ഥാനമൂല്യങ്ങളെ തകർത്ത്, സാഹോദര്യത്തിന്റെ കരുത്തിനെ ശിഥിലമാക്കി കേരളത്തെ കീഴ്പ്പെടുത്താൻ സംഘപരിവാർ ചരിത്രത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ആ ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ശബരിമല.
സുപ്രീംകോടതി വിധിയെയും ഭരണഘടനാമൂല്യങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് സംഘപരിവാർ കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. കലാപമുണ്ടാക്കി വർഗീയ സ്പർധ വളർത്തി രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള നീച ശ്രമമാണ് സംഘപരിവാറിന്റേത്. ഈ ശ്രമം പരാജയപ്പെടുത്തണം.
ശബരിമലയിൽ പൊലീസ് നടപടി ബോധപൂർവം ക്ഷണിച്ചുവരുത്തി സർക്കാർവിരുദ്ധ കലാപത്തിന് ഇന്ധനം പകരാനാണ് ആർഎസ്എസ് ശ്രമം. ഇതിനായി വലിയ ഗൂഢാലോചന ആർഎസ്എസ് ആസൂത്രണംചെയ്തിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ വർഗീയ കലാപമുണ്ടാക്കി വോട്ടുനേടുന്ന തന്ത്രം തന്നെയാണ് കേരളത്തിലും സംഘപരിവാർ ആസൂത്രണം ചെയ്തിരിക്കുന്നത്. രാമജന്മഭൂമിപ്രശ്നം ഒരു ഹിസ്റ്റീരിയപോലെ പടർത്തി അധികാര കൊയ്ത്ത് നടത്തിയതുപോലെ ശബരിമലയെ മുൻനിർത്തി സംഘപരിവാർ ഗൂഢമായ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്.
നാടിനെ തകർക്കാനുള്ള സംഘപരിവാർ ഗൂഢാലോചനക്കെതിരെ അണിനിരക്കാൻ രാഷ്ട്രീയബാധ്യതയുള്ള കോൺഗ്രസും യുഡിഎഫും ആർഎസ്എസ് കെണിയിൽ വീണു.
കേരളത്തിന്റെ ചരിത്രത്തിൽ വർഗീയ ധ്രുവീകരണത്തിനായി സംഘപരിവാർ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ആ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തിയ അനുഭവമാണ് നമുക്ക് സ്വന്തമായുള്ളത്. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമായാണ് സംഘപരിവാർ ഈ സാഹചര്യത്തെ കാണുന്നത്. ഇതിനെതിരെ വിശ്വാസിസമൂഹം പ്രതികരിക്കണം.
സവർണാധിപത്യത്തിനെതിരായ മഹാമുന്നേറ്റമായിരുന്നു നവോത്ഥാനം. നവോത്ഥാനത്തിലൂടെ നാം നേടിയെടുത്തത് ബ്രാഹ്മണ ആചാരങ്ങളുടെയും അവർണർക്കുമേലുള്ള അധീശത്വത്തിനുമെതിരായ വിജയമായിരുന്നു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്നവർ യഥാർഥത്തിൽ ബ്രാഹ്മണ ആചാരങ്ങൾ സംരക്ഷിക്കാനാണ് കലാപം നയിക്കുന്നത്. ജാതീയമായ വേർതിരിവുകളില്ലാത്ത സമൂഹത്തിലേക്കുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്ന നീക്കമാണ് നടക്കുന്നത്. നവോത്ഥാനമൂല്യങ്ങൾ തകർക്കാനും സവർണ ബ്രാഹ്മണ മേധാവിത്വം നടപ്പാക്കാൻ രാജഭരണത്തെ വാഴ്ത്താനും സംഘപരിവാർ ശ്രമിക്കുന്നു. ഇതിനെതിരെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഐക്യനിര ശക്തിപ്പെടണം.
കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ചരിത്രപരമായ ഒരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ആവേശത്തോടെയാണ് ഡിവൈഎഫ്ഐ കാണുന്നത്. കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. രണ്ടാം വിമോചനസമര നീക്കത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച നവോത്ഥാന സദസ്സുകൾ കേരളത്തിന്റെ പൊതുമണ്ഡലത്തോട് പങ്കുവച്ച പുരോഗമന ചിന്തകൾ സമൂഹത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ കരുത്തുറ്റ പ്രതിരോധനിര പടുത്തുയർത്താൻ ഡിവൈഎഫ്ഐ പ്രതിജ്ഞാബദ്ധവുമാണ്. വർഗീയ കോമരങ്ങൾക്ക് അഴിഞ്ഞാടാനുള്ളതല്ല കേരളം. കലാപനീക്കങ്ങൾ ശക്തമായി നേരിടുന്ന സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. കേരളത്തെ വർഗീയശക്തികൾക്ക് അടിയറവയ്ക്കില്ലെന്ന നിലപാടുള്ള മുഴുവൻ പുരോഗമന ശക്തികളോടും വ്യക്തികളോടും ഡിവൈഎഫ്ഐ ഐക്യപ്പെടും. ഭരണഘടനയും കേരളത്തിന്റെ പുരോഗമന സ്വഭാവവും മതേതരത്വവും കാത്തുസൂക്ഷിക്കാനുള്ള മഹാപോരാട്ടത്തിൽ യുവജനങ്ങളും കേരളത്തിന്റെ മതേതര ജനാധിപത്യ മനസ്സുകളും അണിനിരക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2qKY42e
via IFTTT
No comments:
Post a Comment