കൊച്ചി
തെരഞ്ഞെടുപ്പിൽ എത്രവോട്ട‌്, എത്രസീറ്റ‌് എന്നു നോക്കിയല്ല ഇടതുപക്ഷ പാർടികൾ രാഷ‌്ട്രീയനിലപാട‌് സ്വീകരിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. എന്നും സമൂഹത്തെ മുന്നോട്ടുനയിക്കുന്ന നിലപാടുകളേ ഇടതുപാർടികൾ സ്വീകരിച്ചിട്ടുള്ളൂവെന്നും അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം ചരിത്രവിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെൽ എംപ്ലോയീസ‌് യൂണിയൻ മാമലയിൽ നിർമിച്ച ഇ ബാലാനന്ദൻസ‌്മാരക മന്ദിരത്തിന്റെയും സിപിഐ എം കണയന്നൂർ ലോക്കൽകമ്മിറ്റി ഓഫീസിന്റെയും ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു കോടിയേരി.
വരാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സ‌്ത്രീകളും അയ്യപ്പഭക്തരുമായിരിക്കും സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും പ്രധാന പ്രവർത്തകർ. വിശ്വാസികളുടെ പേരിൽ മുതലെടുപ്പുനടത്തി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ആർഎസ‌്സ‌്, സംഘപരിവാർ അജൻഡയ‌്ക്കുമുന്നിൽ കേരളത്തിന്റെ നവോത്ഥാനമനസ്സ‌് തലകുനിക്കില്ല. ജനങ്ങൾക്കിടയിൽ സിപിഐ എമ്മിനെ ഒറ്റപ്പെടുത്താമെന്ന ബിജെപിയുടെ വ്യാമോഹം നടക്കാൻ പോകുന്നില്ല. കാരണം വിശ്വാസമല്ല, മനഃപൂർവമുള്ള കലാപമാണ‌് ആർഎസ‌്എസ‌് നടത്തുന്നതെന്ന‌് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.
വിശ്വാസികൾ പരിപാവനമായി കരുതുന്ന പതിനെട്ടംപടിയിൽ വിശ്വാസിയായ ഏതെങ്കിലുമൊരാൾ അയ്യപ്പന‌് പുറംതിരിഞ്ഞുനിൽക്കുമോ. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുമോ. സന്നിധാനത്തെ കലാപ കേന്ദ്രമാക്കുമോ. കോടതിവിധിയെയും സർക്കാരിനെയും അട്ടിമറിക്കാനുള്ള ശ്രമമാണ‌്, വിശ്വാസസംരക്ഷണമല്ല സംഘപരിവാർ ലക്ഷ്യം വയ‌്ക്കുന്നതെന്ന‌് ഇതോടെ ബോധ്യമായി.
ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ ഭീതിയെ മറികടക്കാനായി വർഗീയ കാർഡിറക്കുകയാണ‌് ബിജെപി. അതിനാണ‌് രാമക്ഷേത്രനിർമാണവുമായി ഇറങ്ങിത്തിരിക്കുന്നത‌്. ഗിമ്മിക്കുകളിലൂടെ ഭരണം പിടിച്ചെടുക്കാനാണ‌് ശ്രമം. അത്തരം വർഗീയഭ്രാന്തിന‌് ചെവി കൊടുക്കാത്ത കേരളത്തിൽ ശബരിമലയുടെ പേരിൽ കലാപമുണ്ടാക്കുകയും സർക്കാരിന്റെ അസ്ഥിരപ്പെടുത്തുകയും ചെയ്യാമെന്ന വ്യാമോഹമാണ‌് സംഘപരിവാറിന‌്. അത‌് നടക്കാൻ പോകുന്നില്ല. സ‌്ത്രീപുരുഷസമത്വമാണ‌് ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്നത‌്. അത‌് ഉയർത്തിപ്പിടുക്കുന്നതാണ‌് സുപ്രീംകോടതിയുടെ ശബരിമലവിധി. നിയമവാഴ‌്ചയുള്ള രാജ്യത്ത‌് കോടതിവിധി നടപ്പാക്കുകയാണ‌് സംസ്ഥാന സർക്കാരിന്റെ കടമ. അത‌് ബിജെപി തെരുവിൽ കലാപം നടത്തിയാൽ ഇല്ലാതാകുന്നതല്ല. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ തകരുന്നത‌് ഇന്ത്യയുടെ ജനാധിപത്യസംവിധാനവും മതേതരത്വവും സ്വതന്ത്ര പരമാധികാരവുമാകും. അത‌് അനുവദിക്കാനാകില്ല. നാടിന്റെ സ്വസ്ഥത കെടുത്തുന്ന വർഗീയ വിഷവിത്തുകൾക്കെതിരെ ജനപക്ഷത്തുനിന്ന‌് സംഘടിതമായ ചെറുത്തുനിൽപ്പുകളുയരണം. മൃദുഹിന്ദുത്വ സമീപനമാണ‌് കോൺഗ്രസ‌് മുന്നോട്ടവയ‌്ക്കുന്നത‌്. അത്തരം നയമുള്ളവർക്ക‌് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാനാകില്ല. അതുകൊണ്ട‌് അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്നുള്ള ഒരു ഐക്യം വിപരീതഫലമേയുണ്ടാക്കൂ. ഈ തിരിച്ചറിവിൽനിന്നുകൊണ്ടുള്ള വിശാല ഐക്യത്തിനാകും തെരഞ്ഞടുപ്പിൽ പ്രസക്തിയേറുകയെന്നും അതിന്റെ മുൻപന്തിയിൽ ഇടതുപാർടികളുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2B32PtU
via IFTTT
No comments:
Post a Comment