ആലപ്പുഴ
കായംകുളം കൃഷ‌്ണപുരത്തെ പ്രാദേശിക തോട്ടവിള ഗവേഷണകേന്ദ്രം പൂട്ടാൻ നീക്കം നടക്കുന്നത‌് സർക്കാർ അറിയാതെ. 1937 മുതൽ നാളികേര ഗവേഷണരംഗത്ത‌് മികച്ച സംഭാവന നൽകുന്ന സ്ഥാപനം അടച്ചുപൂട്ടാൻ നീക്കം നടക്കുന്നത‌് തോട്ടവിള ഗവേഷണകേന്ദ്രം മേധാവിയടക്കം അറിയുന്നത‌് നാല‌് ദിവസം മുമ്പാണ‌്. 2017 മാർച്ചിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) സ്ഥാപനങ്ങളിലാകെ ശാസ‌്ത്രജ്ഞന്മാരുടെ എണ്ണം കുറയ‌്ക്കുന്നത‌് സംബന്ധിച്ച‌് റിപ്പോർട്ട‌് നൽകാൻ കേന്ദ്രകൃഷിവകുപ്പ‌് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയാണ‌് കാസർകോട‌് കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രത്തിന‌് കീഴിൽ വരുന്ന കായംകുളത്തെ പ്രദേശിക തോട്ടവിള ഗവേഷണകേന്ദ്രം അടച്ചുപൂട്ടാൻ നിർദേശം നൽകിയത‌്. ഒക‌്ടോബർ 29ന‌് ചേർന്ന യോഗമാണ‌് നിർദേശം നൽകിയത‌്. നവംബർ 10ന‌് ചേർന്ന ഐസിഎആർ ഭരണസമിതി കമ്മിറ്റിയുടെ നിർദേശം വകുപ്പ‌് തലവന്റെയും സെക്രട്ടറിയുടേയും ഒപ്പോടെ പരിഗണിക്കുകയായിരുന്നു. 13ന‌് ഗവേഷണ കൗൺസിൽ കായംകുളം ഗവേഷണകേന്ദ്രത്തിലെ ശാസ‌്ത്രജ്ഞരെ ഏതെല്ലാം മേഖലയിൽ നിയോഗിക്കണമെന്നത‌് സംബന്ധിച്ച‌് റിപ്പോർട്ട‌് തേടി ഉത്തരവ‌് നൽകി.
ഇതോടെയാണ‌് ഐസിഎആർ ഗവേഷണകേന്ദ്രം പൂട്ടാനുള്ള നീക്കത്തിൽ തന്നെയാണെന്ന‌് ഉറപ്പായത‌്. കായംകുളത്തോടൊപ്പം കർണാടകയിലെ പ്രാദേശിക കേന്ദ്രവും പൂട്ടാൻ നിർദേശമുണ്ട‌്. എന്നാൽ ഇത്രയും നടപടികൾ നടന്ന സാഹചര്യത്തിൽ ഒരിക്കൽപോലും ഇതുസംബന്ധിച്ച‌് സർക്കാരിന‌് ഒരറിയിപ്പും കേന്ദ്രസർക്കാരോ ഐസിഎആർ അധികൃതരോ നൽകിയില്ല. ഗവേഷണകേന്ദ്രം പൂട്ടാനുള്ള കേന്ദ്രകൃഷിമന്ത്രിയുടെ അന്തിമതീരുമാനം വരാനിരിക്കെ വിഷയം സംബന്ധിച്ച‌് വ്യക്തതതേടി കൃഷി മന്ത്രി വി എസ‌് സുനിൽകുമാർ കേന്ദ്രകൃഷിമന്ത്രിക്ക‌് കത്തെഴുതിയിട്ടുണ്ട‌്. തോട്ടവിളഗവേഷണകേന്ദ്രം ഒരുതരത്തിലും അടച്ചുപൂട്ടാൻ സർക്കാർ അനുവദിക്കുകയില്ലെന്ന‌് സുനിൽകുമാർ പറഞ്ഞു.
നിലവിൽ ഗവേഷണകേന്ദ്രത്തിൽ 64 പേരും ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിൽ 13 പേരുമായി ആകെ 77 സ്ഥിരം ജീവനക്കാർ ഇവിടെയുണ്ട‌്. താൽക്കാലികജീവനക്കാർ വേറെയും. മാത്രമല്ല, സംസ്ഥാനം മുഴുവനായും വിതരണം ചെയ്യാനുള്ള തെങ്ങിൻതൈകൾ ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതികളടക്കം ആവിഷ‌്കരിച്ച‌് മുന്നോട്ട‌് പോകുന്ന സാഹചര്യത്തിലാണ‌് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത‌്. ഐസിഎആറിന്റെ നിർദേശപ്രകാരം ഗവേഷണകേന്ദ്രം പൂട്ടിയാൽ ഇപ്പോൾ നടന്നുവരുന്ന പ്രവർത്തനങ്ങളെല്ലാം നിലച്ചുപോകുമെന്ന‌് തോട്ടവിള ഗവേഷണകേന്ദ്രം തലവൻ ഡോ. വി കൃഷ‌്ണകുമാർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2PXWBEX
via IFTTT
No comments:
Post a Comment