കൊച്ചി
ബിജെപിയും മറ്റ‌് സംഘപരിവാർ സംഘടനകളും യുവതീപ്രവേശം തടയുന്നതിന‌് തെരഞ്ഞെടുത്ത സമരമാർഗം യഥാർഥ തീർഥാടകർക്ക‌് തടസമുണ്ടാക്കുന്നുവെന്ന‌് അഡ്വക്കറ്റ‌് ജനറൽ സി പി സുധാകരപ്രസാദ‌് ഹൈക്കോടതിയിൽ. ഇവർ എല്ലാ പ്രായത്തിലുള്ള സ‌്ത്രീകളെയും തടയുകയാണ‌്. പൊലീസിനെ ആക്രമിക്കുകയും വലിയനടപ്പന്തൽ പിടിച്ചെടുക്കുകയും ചെയ‌്തു. സുപ്രീംകോടതിവിധി രാജ്യത്തെ നിയമമാണെന്നും വിധി നടപ്പാക്കാൻ ഹൈക്കോടതിക്കും ബാധ്യതയുണ്ടെന്നും എജി ബോധിപ്പിച്ചു. യുവതികൾ എത്തിയാൽ സംരക്ഷണം നൽകേണ്ടത‌് സർക്കാരിന്റെ ബാധ്യതയാണ‌്. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധവും അതിക്രമവുംമൂലം ഒരു യുവതിക്കും ഇതുവരെ സന്നിധാനത്ത‌് പ്രവേശിക്കാനായില്ല. ഐജിയുടെ നേതൃത്വത്തിൽ സംരക്ഷണം ഒരുക്കിയിട്ടും സന്നിധാനത്തിനടുത്ത‌് അവരെ തടഞ്ഞു. നിരോധനാജ്ഞ പുറപ്പെടുവിച്ചത‌് സമരക്കാർ ക്രമസമാധാനപ്രശ‌്നങ്ങൾ ഉണ്ടാക്കിയതുമൂലമാണ‌്. ശബരിമലയിലെ പൊലീസിന്റെ പരിമിതികളെ സമരക്കാർ ഉപയോഗിക്കുകയായിരുന്നു.
ആർഎസ‌്എസ‌് നേതാവായ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ആചാരലംഘനമുണ്ടായതായി സ‌്പെഷ്യൽ കമീഷണർതന്നെ കോടതിയിൽ റിപ്പോർട്ട‌് നൽകിയിട്ടുണ്ട‌്. യഥാർഥ തീർഥാടകർക്ക‌് തടസ്സം ഉണ്ടാകാതിരിക്കാനാണ‌് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടരുതെന്നും എജി വാദിച്ചു. നാമജപത്തിനും തടസ്സമില്ല. സമാധാനപരമായ നാമജപമല്ല പലപ്പോഴും നടന്നത‌്. നേരത്തെ പ്രതികളായിരുന്നവരുടെ നേതൃത്വത്തിലാണ‌് പ്രതിഷേധം അരങ്ങേറിയത‌്. നിരോധനാജ്ഞ ലംഘിച്ചവർക്കെതിരെമാത്രമാണ‌് നടപടിയെടുത്തതെന്നും എജി പറഞ്ഞു.
തീർഥാടകർക്ക‌് സമയക്രമം ഏർപ്പെടുത്തിയതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും പൊലീസ‌് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും അടങ്ങുന്ന ഒരുകൂട്ടം ഹർജികളിൽ ചൊവ്വാഴ‌്ച വാദംകേട്ടാണ‌് കോടതി ഇടക്കാല ഉത്തരവ‌് പുറപ്പെടുവിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2Rkya0T
via IFTTT
No comments:
Post a Comment