റബർ കർഷകർക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രത്യേക റബർനയം കടലാസിൽ ഒതുങ്ങുന്നു. മോഡി സർക്കാർ അധികാരത്തിൽവന്ന ഉടൻ പ്രഖ്യാപിച്ച നയം രൂപപ്പെടുത്താൻ നാ ലുവർഷം പിന്നിടുമ്പോഴും കഴിഞ്ഞിട്ടില്ല. ഇതുമൂലം 12 ലക്ഷം കർഷകരുടെ ദുരിതം ഇരട്ടിയായി.
അനിയന്ത്രിതമായ ഇറക്കുമതിമൂലം റബർവില ക്രമാതീതമായി ഇടിഞ്ഞു നിൽക്കുമ്പോഴായിരുന്നു ക്ഷേമപദ്ധതി പ്രഖ്യാപിച്ചത‌്. നയം രൂപപ്പെടുത്താൻ കേന്ദ്ര വാണിജ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതിയും രൂപീകരിച്ചു. വ്യവസായ, കർഷക പ്രതിനിധികളടങ്ങുന്ന ഈ സമിതി കൊച്ചിയിലടക്കം യോഗംചേർന്ന‌് വിഷയത്തിന്റെ ഗൗരവം ചർച്ചചെയ‌്തല്ലാതെ പരിഹാരമായില്ല. മഹാപ്രളയത്തിന്റെ ആഘാതം കൂടിയായപ്പോൾ മുമ്പൊരിക്കലും ഇല്ലാത്തത്ര കടുത്ത പ്രതിസന്ധിയായി റബർ കർഷകർക്ക‌്. ഇക്കാര്യങ്ങളെല്ലാം റബർ ബോർഡിലൂടെയും നിവേദനങ്ങളിലൂടെയും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടും ഫലം ഉണ്ടായില്ല.
റബർബോർഡും അനങ്ങിയില്ല. പുതു കൃഷിക്കായി സബ‌്സിഡി വിഹിതത്തിന്റെ 75 ശതമാനം മാറ്റിയതിലൂടെ വടക്ക‌് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക‌് കൃഷി വ്യാപിപ്പിക്കുകയാണ‌് റബർ ബോർഡ‌്. കേരളത്തിലെ കർഷകർക്ക‌് ആവർത്തന കൃഷി സബ‌്സിഡിയിലൂടെയേ ഗുണം കിട്ടൂ. ഇത്തവണ മെയ‌് മുതൽ മഴ തുടങ്ങിയതിനാൽ തുടർച്ചയായ ആദായം കിട്ടുന്ന സ്ഥിതി ഇല്ലാതായി. പ്രളയംമൂലം ഉൽപാദനം ഇല്ലാതിരുന്ന സമയത്ത‌് റബർവില കിലേയ‌്ക്ക‌് 134 രൂപവരെയെത്തി. ഇപ്പോഴത‌് 114 രൂപയിലേക്ക‌് താഴ‌്ന്നു. ലാറ്റക‌്സ‌് വിലയാകട്ടെ 146 ൽ നിന്നും 100 രൂപയ‌്ക്കും താഴെയെത്തി.
ഇതുവരെയുള്ള കണക്കിൽ ഇറക്കുമതിയിൽ 20 ശതമാനത്തിന്റെ വർധനയാണ‌് ഉള്ളതെന്ന‌് റബർബോർഡ‌് അധികൃതർ പറഞ്ഞു. 3. 63 ലക്ഷം ടൺ ഇൗ വർഷം ഇറക്കുമതിയിലൂടെ വിപണിയിൽ എത്തി. വ്യവസായികൾ കൂടുതൽ ഇറക്കുമതി ചെയ‌്ത‌് കരുതൽ ശേഖരമാക്കുകയാണ‌്. ഇതുമൂലം റബറിന്റെ വില കൂടുതൽ ഇടിഞ്ഞു. ഇറക്കുമതിയിൽ കേന്ദ്ര നിയന്ത്രണം അനിവാര്യമാണെന്ന‌് ബോർഡ‌് വിലയിരുത്തുന്നു.
12 ലക്ഷം ടണ്ണിന്റെ ആവശ്യം റബർ മേഖലയിലുണ്ട‌്. ഉൽപാദനമില്ലായ‌്മ പ്രളയവും കടന്ന‌് സെപ‌്തംബർവരെനീണ്ടു. രണ്ടുമാസമായി ഒറ്റപ്പെട്ട മഴ തടസപ്പെടുത്തുന്നുണ്ടെങ്കിലും ഈവർഷത്തെ കൂടുതൽ ഉൽപാദനം നടന്ന സമയമാണിത‌്. കാലാവസ്ഥ അനുകൂലമായാൽ ഇനി വരുന്ന രണ്ടുമാസം നല്ല ഉൽപാദന കാലമാണ‌്. അതുകൊണ്ടുതന്നെ ആസൂത്രിമായി വിലയിടിച്ച‌് റബർ വാങ്ങാനുള്ള ഒരുക്കത്തിലാണ‌് വ്യവസായികൾ. ഇക്കാര്യത്തിൽ അടിയന്തര കേന്ദ്ര ഇടപെടൽ വേണമെന്നാണ‌് കർഷക സംഘടനകളുടെ ആവശ്യം.
from Kerala || Deshabhimani Online News https://ift.tt/2zuVp1u
via IFTTT
No comments:
Post a Comment