തിരുവനന്തപുരം
ഓഖി ആഞ്ഞുവീശിയ പ്രഭാതത്തിൽ മീൻപിടിത്തം പാതിയിൽ ഉപേക്ഷിച്ച‌് തീരമണഞ്ഞതാണ‌് വെട്ടുകാട‌് സ്വദേശി ഷിബു സേവ്യറും സംഘവും. ജീവൻ മുറുകെപ്പിടിച്ച‌് കലിപൂണ്ട തിരകളെ കീറിമുറിച്ച‌് ഷിബു എത്തുംവരെ കണ്ണീരുമായി കടൽക്കരയിൽ കാത്തുനിന്നു ഭാര്യ സെൽവമേരി. സുരക്ഷിതരായി തിരികെയെത്തിയ ഭർത്താവും സംഘവും 2017 നവംബർ 30ന‌് പുലർച്ചെ കാണാതായ കൂട്ടുകാർക്കായി കടലിലേക്ക‌് മടങ്ങിയപ്പോൾ അത‌് അവസാന യാത്രയാകുമെന്ന‌് നിനച്ചില്ല. തിരികെ കൈവന്ന ജീവിതം എന്നെന്നേക്കുമായി ചോർന്നുപോയ ആഘാതത്തിൽ മാനസികമായി തകർന്ന സെൽവമേരി ഇന്ന‌് സർക്കാർ സഹായത്തിൽ ജീവിതത്തിന്റെ വല വീണ്ടും തുന്നി ചേർക്കുകയാണ‌്.
സെൽവമേരിയെപ്പോലെ ഓഖി ദുരന്തത്തിൽ ഭർത്താവ‌് മരിച്ച 42 യുവതികൾക്കാണ‌് സംസ്ഥാന സർക്കാർ മത്സ്യഫെഡിന്റെ മുട്ടത്തറ നെറ്റ‌് ഫാക്ടറിയിൽ ജോലി നൽകിയിരിക്കുന്നത‌്. സമാന അനുഭവമാണ‌് മറ്റുള്ളവരും പങ്കുവയ്ക്കുന്നത‌്. നിത്യവൃത്തിക്കായി മീൻപിടിക്കാൻ പോയ ഭർത്താവ‌് ഡാർവിന്റെ തിരിച്ചറിയാനാകാത്ത മൃതദേഹമാണ‌് പൂവാറിലെ ഷേർലിക്ക‌് തിരികെ ലഭിച്ചത‌്. അതും പത്തുദിവസത്തിന‌് ശേഷം. ഉൾക്കടലിൽനിന്ന‌് തെരച്ചിൽസംഘം തിരികെ കൊണ്ടുവന്നത‌് ഭർത്താവിന്റെ മൃതദേഹമെന്ന‌് ഉറപ്പിക്കാൻ ഡിഎൻഎ ടെസ‌്റ്റ‌് ഫലംവരെ കാക്കേണ്ടിവന്നു സെൽവമേരിക്കും ഷേർലിക്കും. വല നിർമാണ കേന്ദ്രത്തിലെതന്നെ മിനിക്കാണെങ്കിൽ ഭർത്താവ‌് രാജന്റെ മൃതദേഹം പോലും തിരികെ ലഭിച്ചില്ല. ഉപജീവനം ചോദ്യചിഹ്നമായപ്പോൾ പറക്കമുറ്റാത്ത കുട്ടികളെയും ചേർത്തുപിടിച്ച‌് കണ്ണീരൊഴുക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ ഈ ഹതഭാഗ്യകൾക്ക‌്. സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്തതിനാൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. എന്നാൽ, ഓഖി ആഞ്ഞുവീശിയ ആദ്യദിനം മുതൽ രക്ഷാപ്രവർത്തനത്തിൽ മാതൃകയായ സർക്കാർ ഇവർക്കൊപ്പം അടിയുറച്ച‌് നിന്നു. കാലതാമസം കൂടാതെ 20 ലക്ഷം രൂപ ധനസഹായം നൽകിയ സർക്കാർ ജോലി എന്ന സ്വപ്നവും സാധ്യമാക്കി. മുട്ടത്തറ വല നിർമാണകേന്ദ്രത്തിലെ മെൻഡിങ‌് വിഭാഗത്തിൽ വലയിലെ വിട്ടുപോയ കണ്ണികൾ തുന്നിച്ചേർക്കുന്ന ജോലിയാണ‌് ഇവർക്ക‌് നൽകിയത‌്.
40 വയസ്സിൽ താഴെയുള്ള 42 പേർക്കാണ‌് സർക്കാർ ജോലി വാഗ‌്ദാനം ചെയ‌്തത‌്. 33 പേർ ജോലിക്കെത്തിയെന്ന‌് മാനേജർ വി ബി ഗീത പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2P6ztyA
via IFTTT
No comments:
Post a Comment