ആലപ്പുഴ > പ്രളയക്കെടുതിയെത്തുടർന്ന‌് മാറ്റിവച്ച 66–-ാമത‌് നെഹ‌്റുട്രോഫി വള്ളംകളി 10ന‌് നടത്തുമ്പോൾ ടിക്കറ്റ‌് വിൽപ്പനയിൽ വൻ കുറവുണ്ടായെന്ന‌് മന്ത്രി തോമസ‌് ഐസക‌്. ഇതുവരെ 40 ലക്ഷം രൂപയുടെ ടിക്കറ്റ‌് മാത്രമാണ‌് വിറ്റഴിഞ്ഞത‌്. ആഗസ‌്തിൽ നടത്താനിരുന്നപ്പോൾ 75 ലക്ഷം രൂപയുടെ ടിക്കറ്റ‌് വിറ്റ സ്ഥാനത്താണ‌് ഈ കുറവ‌്. ഒരു കോടിയുടെ ടിക്കറ്റ‌് വിൽപ്പനയാണ‌് ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ‌്പോൺസർമാരെ കണ്ടെത്തി ടിക്കറ്റ‌് വിൽപ്പനയിലുണ്ടായ കുറവ‌് പരിഹരിക്കാനാണ‌് ശ്രമം. മത്സരം മാറ്റിവച്ചതും ദീപാവലി അവധി കഴിഞ്ഞതുമാണ‌് ടിക്കറ്റ‌് വിൽപ്പനയെ സാരമായി ബാധിച്ചത‌്. ആഗസ‌്തിൽ ഓൺലൈൻ ടിക്കറ്റ‌് വൻതോതിൽ വിറ്റുപോയിരുന്നു. എന്നാൽ തീയതി മാറ്റിയതോടെ ഓൺലൈൻ ടിക്കറ്റ‌് വിൽപ്പന ഗണ്യമായി കുറഞ്ഞു.
നെഹ‌്റുട്രോഫി ജലോത്സവം പ്രതീക്ഷിച്ച‌് വരുന്ന വിദേശസഞ്ചാരികൾ ആഗസ‌്തിലെ രണ്ടാം ശനിയാഴ‌്ചയിലേക്കാണ‌് ടിക്കറ്റ‌് ബുക്ക‌്ചെയ‌്തത‌്. എന്നാൽ വള്ളംകളി മാറ്റിവച്ചതോടെ പുതിയ തീയതിയിലേക്ക‌് ടിക്കറ്റെടുക്കാൻ സഞ്ചാരികൾക്ക‌് സാധിച്ചില്ല. ബുക്ക‌് മൈ ഷോ എന്ന പ്രമുഖ ഓൺലൈൻ ടിക്കറ്റ‌് വിൽപ്പന ആപ്പ‌് ആഗസ‌്തിൽ നെഹ‌്റു ട്രോഫിയുടെ ടിക്കറ്റ‌് വിൽപ്പനയ‌്ക്കായി രംഗത്തുണ്ടായിരുന്നു. വലിയ തുകയുടെ ടിക്കറ്റ‌് ഇവർ വിൽക്കുകയുംചെയ‌്തു. എന്നാൽ പുതിയ സാഹചര്യത്തിൽ ഇവർ പിൻമാറിയതും തിരിച്ചടിയായി. ആഗസ‌്തിലേക്ക‌് ടിക്കറ്റ‌് ബുക്ക‌്ചെയ‌്ത എല്ലാവർക്കും തുക തിരികെ നൽകിയിരുന്നു. ഇവരിൽ പകുതിയും പുതിക്കിയ തീയതിയിൽ മത്സരത്തിന‌് ടിക്കറ്റ‌് ബുക്ക‌്ചെയ‌്തില്ല. പ്രളയത്തിനുശേഷം സഞ്ചാരികളുടെ വരവ‌് ഇനിയും വർധിച്ചിട്ടില്ലാത്തതിനാൽ പ്രത്യേക ഇടപെടലിലൂടെ ടിക്കറ്റ‌് വിൽപ്പന കൂട്ടാനാണ‌് അധികൃതരുടെ ശ്രമം. ഇതിനായി ട്രാവൽ ഏജൻസികളെയും മറ്റും സമീപിച്ചിട്ടുണ്ട‌്.
വിനോദസഞ്ചാരവകുപ്പും ഇതിനായി ശ്രമങ്ങൾ നടത്തുന്നുണ്ട‌്. ഓൺലൈൻവഴി വിദേശസസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള വിനോദസഞ്ചാരവകുപ്പിന്റെ പ്രചാരണം തുടരുകയാണ‌്. രാജ്യത്തെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളെയും പ്രത്യേകം ക്ഷണിക്കുന്നുണ്ട‌്. ടിക്കറ്റ‌് വിൽപ്പന 70 ലക്ഷമെങ്കിലും പിന്നിട്ടില്ലെങ്കിൽ നെഹ‌്റു ട്രോഫി ബോട്ട‌് റേസ‌് സൊസൈറ്റിയുടെ ബാധ്യത കൂടും. മത്സരത്തിന‌് മൂന്ന‌് ദിവസങ്ങൾ ബാക്കി നിൽക്കെ പരമാവധി ടിക്കറ്റ‌് വിൽപ്പനയ‌്ക്കായുള്ള ശ്രമത്തിലാണ‌് അധികൃതർ.
from Kerala || Deshabhimani Online News https://ift.tt/2APsshK
via IFTTT
No comments:
Post a Comment