ആലപ്പുഴ > ശബരിമല സ്‌ത്രീപ്രവേശനത്തില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും രാഷ്ട്രീയലക്ഷ്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതുകൊണ്ടാണ് അവര്‍ പല നിലപാടുകള്‍ സ്വീകരിക്കുന്നത്. ഈ അക്കൗണ്ടില്‍ പത്താളുകളെ കിട്ടുമോന്നാണ് നോക്കുന്നത്. അത് മനസിലാക്കാനുള്ള വിവേകം തെരുവില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊണ്ടിറങ്ങുന്നവര്‍ക്ക് വേണം. തമ്പ്രാക്കന്മാര്‍ തീരുമാനിച്ച് അടിയാന്മാര്‍ ചെന്നുകൊള്ളണം എന്ന നിലയിലുള്ള പോക്ക് ശരിയല്ല.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതാണ്. ചര്‍ച്ചയ്ക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നാണ് മുഖ്യമന്ത്രി അന്നും ഇന്നും പറയുന്നത്. വിശാലമനസോടെ തുറന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
സമരത്തിനിറങ്ങിയവര്‍ ഹിന്ദുക്കള്‍ എന്നാണ് പറയുന്നത്. 28 ശതമാനത്തോളം വരുന്ന ഈഴവ സമുദായത്തെക്കുറിച്ചോ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെക്കുറിച്ചോ ഒന്നും അവര്‍ ആലോചിച്ചിട്ടില്ല. അടുത്ത വിമോചനസമരം നടത്താനാണ് ഇവരുടെ ഉദ്ദേശമെങ്കില്‍ ഈ പൊള്ളത്തരത്തെക്കുറിച്ച് വിശദീകരിച്ച് പ്രചരണം നടത്തുവാന്‍ സമാനചിന്താഗതിക്കാരായ സമുദായങ്ങളുമായി ചേര്‍ന്നുകൊണ്ട് എസ്എന്‍ഡിപിയോഗം മുന്‍പോട്ടുപോകും.
പിണറായിയല്ല കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നാലും സുപ്രീംകോടതി വിധി മാനിക്കേണ്ടിവരും. റിവ്യൂ പെറ്റീഷന്‍ നല്‍കിയശേഷം തീരുമാനം വരാന്‍ കാത്തുനില്‍ക്കാതെ തെരുവിലിറങ്ങിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സര്‍ക്കാരിനെതിരെ വ്യാജപ്രചരണം തുടര്‍ന്നാല്‍ ബദല്‍ പ്രചരണത്തിന് എസ്എന്‍ഡിപി യോഗം മുന്നിട്ടിറങ്ങും.
1991ന് ശേഷമാണ് സ്ത്രീപ്രവേശനം ഇല്ലാതായത്. ഇതിന്റെ പേരില്‍ കലാപഭൂമി സൃഷ്ടിക്കുന്നത് ശരിയല്ല. ഓരോരുത്തരുടെയും താല്‍പര്യത്തിനുവേണ്ടി സര്‍ക്കാരിനെതിരെ നടത്തുന്ന ശ്രമത്തോടെ യോജിക്കാനാവില്ല. സര്‍ക്കാരിന്റെ നയം വ്യക്തമായി പറഞ്ഞതാണ്. റിവ്യൂ പെറ്റീഷന്‍ നല്‍കാനാവാത്ത സാഹചര്യം ഇന്നലെ മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞതാണ്. വിദഗ്ധരായ ആളുകളോട് അഭിപ്രായം ചോദിച്ച്കൂടി വേണം തീരുമാനമെടുക്കേണ്ടതെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിയതാണ്. ഒരുവശം മാത്രം പറഞ്ഞ് പരത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഗീബല്‍സിന്റെ സിദ്ധാന്തമാണ് ഇവിടെ നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QCpbr1
via IFTTT
No comments:
Post a Comment