തിരുവനന്തപുരം > ശബരിമല സ‌്ത്രീപ്രവേശത്തിന്റെ മറവിൽ സന്നിധാനത്ത‌് ചോര വീഴ‌്‌ത്തി കലാപത്തിന‌് വിത്തിടാനുള്ള സംഘപരിവാർ ഗൂഢാലോചന പൊളിഞ്ഞു. അയോധ്യാ മാതൃകയിൽ വിശ്വാസികളെ വൈകാരികമായി ഒപ്പംനിർത്തി അക്രമങ്ങൾക്ക‌് തുടക്കമിടാനുള്ള നീക്കമാണ‌് പൊലീസിന്റെ അവസരോചിത ഇടപെടലിലൂടെ തകർന്നത‌്. കോടതിവിധി നടപ്പാക്കാൻ ശ്രമിക്കുമ്പോഴും എല്ലാ വിശ്വാസികളുടെയും വികാരമുൾക്കൊണ്ട‌് അഞ്ചുദിവസവും കേരള പൊലീസ‌് ശബരിമലയ‌്ക്ക‌് കാവലായി. ആർഎസ‌്എസ‌്, ബിജെപി, സംഘപരിവാർ ദേശീയനേതൃത്വത്തിന്റെ കാർമികത്വത്തിൽ നാമജപ ഘോഷയയാത്രയുടെ മറവിൽ നടത്താനിരുന്ന വൻ കലാപമാണ‌് തകർന്നടിഞ്ഞത‌്. അയ്യപ്പവേഷത്തിൽ നിലയ‌്ക്കലിലും പമ്പയിലും മരക്കൂട്ടത്തും സന്നിധാനത്തും അക്രമം നടത്തിയപ്പോൾ അത്തരക്കാരെ നേരിടുന്നതിൽ പൊലീസ‌് ശക്തമായ നടപടിയാണ‌് സ്വീകരിച്ചത‌്. അതേസമയം വർഗീയവാദികളെ ഭയക്കാതെ വിശ്വാസികൾക്ക‌് പതിനെട്ടാംപടി ചവിട്ടാനും അയ്യപ്പദർശനം നടത്താനും എല്ലാ സൗകര്യവും പൊലീസ‌് ഒരുക്കി.
തുലാമാസപൂജകൾക്ക‌് 17ന‌് വൈകിട്ടാണ‌് ശബരിമല നടതുറന്നത‌്. ഈ സമയംമുതൽ പ്രശ‌്നങ്ങൾ സൃഷ്ടിക്കാൻ സംഘപരിവാർ കോപ്പുകൂട്ടി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള ഏതെങ്കിലും സ‌്ത്രീകൾ ദർശനത്തിനെത്തിയാൽ സുരക്ഷയൊരുക്കൽ പൊലീസിന്റെ ബാധ്യതയാണ‌്. അങ്ങനെവന്നാൽ ചോരപ്പുഴയൊഴുകുമെന്ന‌് പറഞ്ഞായിരുന്നു സംഘപരിവാറുകാർ ഭീഷണിയുമായി നിലയുറപ്പിച്ചത‌്. ഇത‌് വിശ്വാസികളെ ഭയവിഹ്വലരാക്കി. ചില വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച‌് കൂടെ നിർത്താനും ശ്രമിച്ചു. സംഘപരിവറിനൊപ്പം കോൺഗ്രസ‌് നേതാക്കളായ പ്രയാർ ഗോപാലകൃഷ‌്ണൻ, കെപിസിസി എക‌്സിക്യൂട്ടിവ‌് അംഗം ജി രാമൻനായർ എന്നിവർക്ക‌് പുറമേ രാഹുൽ ഈശ്വർ തുടങ്ങിയവരും വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു.
വനിതകൾ ഉൾപ്പെടെ 700 പൊലീസുകാരെയാണ‌് നിലയ‌്ക്കലിലും പമ്പയിലും മരക്കൂട്ടത്തും സന്നിധാനത്തുമായി വിന്യസിച്ചത‌്. എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിൽ മൂന്ന‌് ഐജിമാരും നാല‌് എസ‌്പിമാരും അടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കായിരുന്നു ക്രമസമാധാന ചുമതല. ശബരിമല ദർശനത്തിനായി മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഏതാനും സ‌്ത്രീകൾ എത്തിയപ്പോൾ അവരെ കാര്യങ്ങൾ പറഞ്ഞ‌് ബോധ്യപ്പെടുത്തി. ചിലർ ദർശനം നടത്തണമെന്ന ആവശ്യം ഉന്നയിച്ചതോടെ അവരെ എല്ലാ സുരക്ഷയോടെയും സന്നിധാനത്തിനു സമീപ മെത്തിച്ചു. ക്ഷേത്രം പൂട്ടിയിടുമെന്ന തന്ത്രിയുടെ നിലപാടും പ്രതിഷേധവും കാരണം അവർ മടങ്ങാൻ സ്വയം തീരുമാനിച്ചു. തുടർന്ന‌് മല ഇറങ്ങാനുള്ള സുരക്ഷയും പൊലീസ‌് ഒരുക്കി . അമ്പത‌് വയസ്സ‌് കഴിഞ്ഞ ആന്ധ്ര സ്വദേശിയായ ലതാ കുമാരി പൊലീസ‌് സുരക്ഷയിലാണ‌് ദർശനം നടത്തിയത‌്.
മാധ്യമപ്രവർത്തകരെയടക്കം ആക്രമിച്ച‌് ഭീതി പരത്തിയാണ‌് സംഘപരിവാർ ശബരിമലയിൽ തങ്ങളുടെ അജൻഡക്ക‌് തുടക്കമിട്ടത‌്. സ‌്ത്രീകളായ മാധ്യമപ്രവർത്തകരെപോലും വെറുതെ വിട്ടില്ല. നിരവധി വാഹനങ്ങൾ തകർത്തു. പൊലീസിനെയും വെറുതെ വിട്ടില്ല. ഐജി മനോജ‌് എബ്രഹാമിനെ ജാതിപേരെടുത്തുപറഞ്ഞ‌് ആക്രമിച്ചു. അദ്ദേഹത്തിന്റെ വീട്ടിലേക്ക‌് മാർച്ച‌് നടത്തി.
പൊലീസുകാർക്കെതിരെ ഭീഷണിയുടെ സ്വരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പോസ‌്റ്റുകൾ പ്രചരിപ്പിച്ചു. മാധ്യമങ്ങളെ ഇത്തരത്തിൽ ആസൂത്രിതമായി ആക്രമിക്കുന്നതും ഉദ്യോഗസ്ഥരെ മതത്തിന്റെപേരിൽ വേർതിരിക്കുന്നതും കേരളത്തിൽ ആദ്യമായാണ‌്. ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയാണ‌് ഈ ക്യാമ്പയിന‌് തുടക്കമിട്ടത‌്.
from Kerala || Deshabhimani Online News https://ift.tt/2CzRfrz
via IFTTT
No comments:
Post a Comment