കുട്ടംകുളം സമരനായകൻ കെ വി ഉണ്ണി നിര്യാതനായി; ഓര്‍മയായത് നവോത്ഥാന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

കുട്ടംകുളം സമരനായകൻ കെ വി ഉണ്ണി നിര്യാതനായി; ഓര്‍മയായത് നവോത്ഥാന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി

തൃശൂര്‍ > കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളിൽ പ്രധാനമായ കുട്ടംകുളം സമരത്തിന്റെ നായകൻ കെ വി  ഉണ്ണി (96) നിര്യാതനായി. ഇരിങ്ങാലക്കുട നടവരമ്പിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ് പാർടി നേതാവ്, ട്രേഡ‌് യൂണിയൻ സംഘാടകൻ, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളിൽ ആറുപതിറ്റാണ്ടിലെ പൊതുപ്രവർത്തനത്തിനാണ് അന്ത്യം കുറിച്ചത്.

അവിഭക്ത കമ്യൂണിസ്റ്റ് പാർടി നേതാവും ഇരിങ്ങാലക്കുട എംഎൽഎയുമായിരുന്ന കെ വി കെ  വാരിയരാണ് ഉണ്ണിയെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനാക്കി മാറ്റിയത്. മുനിസിപ്പാലിറ്റിയിലെ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചാണ‌് ട്രേഡ് യൂണിയൻ പ്രവർത്തകനായത‌്. നടവരമ്പിലെ ഓട്നിർമാണ തൊഴിലാളി യൂണിയൻ, ഇരിങ്ങാലക്കുട പിടിക തൊഴിലാളി യൂണിയൻ എന്നിവയും സംഘടിപ്പിച്ചു. അന്തിക്കാട് കഴിഞ്ഞാൽ കേരളത്തിലെ പ്രധാനപ്പെട്ട ചെത്തുതൊഴിലാളി യൂണിയനാണ് ഇരിങ്ങാലക്കുടയിലേത‌്.  ഈ യൂണിയൻ സംഘടിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. നിലവിലും  യൂണിയൻ പ്രസിഡന്റായിരുന്നു. 

വഴി നടത്തി, നട തുറപ്പിച്ച കുട്ടംകുളം
 

1946 ജൂൺ 23നാണ‌് ഐതിഹാസികമായ കുട്ടംകുളം സമരം നടന്നത‌്.  ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിട്ടും പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആരാധാനാ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും വിലക്കിയിരുന്നു. ക്ഷേത്രത്തിന് മുൻവശത്തുള്ള കുട്ടംകുളം റോഡിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ  തീണ്ടൽ ബോർഡും സ്ഥാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ കമ്യൂണിസ്റ്റ് പാർടി ഈ വിലക്കിനെതിരെ സമരം നടത്താൻ തീരുമാനിച്ചു.

എസ്എൻഡിപിയും കെപിഎംഎ‌സും  സമരത്തിൽ കമ്യൂണിസ്റ്റ് പാർടിക്കൊപ്പം നിന്നു. പാർടി നേതാക്കളായ പി കെ കുമാരൻ, പി കെ ചാത്തൻ മാസ്റ്റർ, കെ വി കെ  വാരിയർ, പി  ഗംഗാധരൻ ഉൾപ്പെടെയുള്ളവർ സമരത്തിന് നേതൃത്വം വഹിച്ചു. ജൂൺ 23ന് അയ്യങ്കാവ് മൈതാനത്തുചേർന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തിൽ പി  ഗംഗാധരന്റെ ആഹ്വാന പ്രകാരം കുട്ടംകുളം റോഡിലേക്ക് സമരഭടന്മാർ എത്തി.  പൊലീസ് ഭീകരമായി മർദിച്ചു. ഉണ്ണിയേയും ഗംഗാധരനേയും വിളക്കുകാലിൽ കെട്ടിയിട്ട് രാത്രിവരെ മർദിച്ചു. ഠാണാവിലെ പൊലീസ് ലോക്കപ്പിൽ അടച്ചു. 32 പേർക്കെതിരെ  കേസെടുത്തു.

പിന്നീട് പനമ്പിള്ളി രാഘവമേനോൻ തിരുകൊച്ചി പ്രധാനമന്ത്രിയായ ശേഷമാണ് കേസ് അവസാനിപ്പിച്ചത്. പാലിയം സമരത്തിലും നടവരമ്പ് കർഷക സമരത്തിലും പങ്കെടുത്തു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു. ഇരിങ്ങാലക്കുട കല്ലുങ്ങൽ വേലാണ്ടി–കാളി ദമ്പതികളുടെ നാലാമത്തെ മകനാണ്. കുറച്ചുകാലം വൈദ്യം പഠിച്ച‌് ഠാണാവിൽ  ബന്ധുവിന്റെ സ്ഥാപനത്തിൽ കണ്ണുചികിത്സ നടത്തിയിരുന്നു.

മക്കൾ: പവിത്രൻ, ഹാരിഷ്, ജോതിഷ്, സിന്ധു, സ്വപ്‌ന. മരുമക്കൾ: റോസി, നിമ്മി, അനിമ, അജയകുമാർ ഘോഷ്, മധു. സംസ്കാരം ചൊവ്വാഴ്‌ച പകൽ 12ന് വീട്ടുവളപ്പിൽ.



from Kerala || Deshabhimani ​Online ​News https://ift.tt/2PiFRXM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages