കൊച്ചി > ‘ആയിരം കണ്ണുമായ‌് കാത്തിരുന്നു നിന്നെ ഞാൻ....’ അജയ‌് പാടിത്തുടങ്ങിയപ്പോൾ മഹാരാജാസ‌് ഓഡിറ്റോറിയത്തിൽ കൈയടികളേക്കാളും അലയടിച്ചത‌് ഏങ്ങലുകളായിരുന്നു. മറ്റു ചിലർ നിശബ്ദമായി തേങ്ങി. കുഞ്ഞു ജാനിയുടെ ചിരിക്കുന്ന മുഖവും പിന്നണിയായി വയലിനും മൂളിത്തുടങ്ങിയതോടെ അതിന്റെ പ്രതിഫലനമെന്നോണം അജയ‌് വീണ്ടും പാടിയ ‘യേ അജ‌് നബി...’ ഇടറിത്തുടങ്ങി. എ ആർ റഹ‌്മാൻ ഈണം നൽകിയ ഈ പ്രിയഗാനം പാടി പഠിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടപ്പോഴും മടിച്ചു. ഒടുവിൽ പാടാൻ മറന്നുപോയ ഗാനം ഗുരുതുല്യനായ സഹോദരനുമായ ബാലുവിന‌് സമർപ്പിച്ച‌് അജയ‌് സത്യൻ പിൻവാങ്ങി.

അകാലത്തിൽ പൊലിഞ്ഞ സംഗീതജ്ഞൻ ബാലഭാസ‌്കറിനെ അനുസ‌്മരിക്കാൻ ‘ട്രിബ്യൂട്ട് ടു ബാലു 1978 ഫോർ എവർ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത‌് ഈവന്റ‌് മാനേജ‌്മെന്റ‌് അസോസിയേഷൻ കേരളയാണ‌്. ഒരുമയുടെ തന്ത്രികൾ എന്ന പേരിൽ ബാലഭാസ‌്കറിന്റെ സഹപ്രവർത്തകരും സ‌്നേഹിതരുമാണ് സംഗീത സായാഹ്നത്തിൽ അണിനിരന്നത‌്. പ്രമുഖ വയലിൻ വാദകൻ വിശ്വനാഥന്റെ കുഞ്ഞുശിഷ്യർ ചേർന്നാണ‌് ജാനിക്ക് സംഗീതാഞ്ജലി ഒരുക്കിയത്. പിന്നാലെ കൊച്ചിൻ ചേംബറിന്റെ ജൂനിയർ ബാൻഡ് അംഗങ്ങൾ സംഗീത പ്രണാമം അർപ്പിച്ചു. ബാലഭാസ‌്കറിന്റെ ബാൻഡ് അംഗങ്ങളായ അഭിജിത്ത്, ജോസി ആലപ്പുഴ, വില്യംസ്, ജാക‌്സൺ, നിർമൽ സേവ്യർ എന്നിവർ ചേർന്ന് സംഗീതാഞ്ജലിയും അർപ്പിച്ചു. സൂര്യ ഫെസ്റ്റിവലിനു വേണ്ടി ബാലഭാസ‌്കർ സംഗീതം ചെയ്ത തീം മ്യൂസിക്കാണ് സഹപ്രവർത്തകർ വേദിയിൽ അവതരിപ്പിച്ചത്.
ബാലുവിന്റെ ഓർമകൾ പങ്കുവച്ച് വേദിയിലെത്തിയ വയലിനിസ്റ്റ് മനോജ് ജോർജ് സ്വന്തമായി ചിട്ടപ്പെടുത്തിയ സംഗീതത്തിനൊപ്പം ബാലു വേദിയിൽ അവതരിപ്പിച്ച ചലച്ചിത്രഗാനങ്ങളും വായിച്ചു. ഓസ്ട്രേലിയൻ ഷോയിൽ പാടിയതിൽ ബാലുവിന് ഇഷ്ടപ്പെട്ട ‘ഖർ ഗഡി ബദൽ രഹി ഹേ രൂപ് സിന്ദഗി.. ’ എന്ന ഗാനം വൈഷ‌്ണവ് ഗിരീഷ് ആലപിച്ചു. ഔപചാരികതകൾ ഒഴിവാക്കിയായിരുന്നു ഗാനാർച്ചന നടന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2EdgjXw
via IFTTT
No comments:
Post a Comment