തിരുവനന്തപുരം
അറബിക്കടലിന് തെക്കുകിഴക്കായി ശ്രിലങ്കയ്ക്കടുത്ത് വെള്ളിയാഴ‌്ചയോടെ ന്യൂനമർദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന‌് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ‌്. ശക്തമായ ചുഴലിക്കാറ്റ‌് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറുദിശയിൽ സഞ്ചരിക്കുമെന്ന വിവരവുമുണ്ട‌്. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗംചേർന്ന‌് മുൻകരുതലെടുക്കാനും മുന്നറിയിപ്പ് നൽകാനും തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ന്യൂനമർദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടൽ പ്രക്ഷുബ്ധമാകുകയുംചെയ്യും. മത്സ്യത്തൊഴിലാളികൾ വ്യാഴാഴ‌്ചയ‌്ക്കുമുമ്പ് സുരക്ഷിതതീരത്ത് എത്തണം. ആരും കടലിൽ പോകരുതെന്ന നിർദേശം തീരദേശത്താകെ ഉച്ചഭാഷിണിയിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും അറിയിക്കും. പ്രളയബാധിത പ്രദേശങ്ങളിൽ പൊലീസ‌് മുന്നറിയിപ്പ് നൽകും. പ്രളയത്തിൽ തകർന്ന വീടുകൾ പൂർണമായും വാസയോഗ്യമായിട്ടില്ലാത്തതിനാൽ മുമ്പ് ക്യാമ്പുകൾ പ്രവർത്തിച്ച സ്ഥലങ്ങളിൽ സജ്ജീകരണം ഒരുക്കണം.
കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്കയക്കാൻ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാവകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാമേഖലകളിൽനിന്ന് മാറ്റിപ്പാർപ്പിക്കുകയും വേണം. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വ്യാഴാഴ‌്ച ചേരും. ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
3 ജില്ലകളിൽ റെഡ് അലർട്ട‌്
ന്യൂനമർദവും ചുഴലിക്കാറ്റുംമൂലം കേരളത്തിൽ പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ‌്ചയോടെ കേരളത്തിൽ പരക്കെ ശക്തമായ മഴയ‌്ക്കും സാധ്യതയുണ്ട‌്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതലെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കലക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. മലയോരത്ത‌് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ക്യാമ്പുകൾ തയ്യാറാക്കാനും കലക്ടർമാർക്ക് നിർദേശം നൽകി.
from Kerala || Deshabhimani Online News https://ift.tt/2O0hpdM
via IFTTT
No comments:
Post a Comment