കൊച്ചി
പ്രളയത്തെ അതിജീവിച്ച‌് വിനോദസഞ്ചാരത്തിന‌് കേരളം സജ്ജമെന്ന സന്ദേശം ലോകത്തിനു പകർന്ന‌് രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ട് 2018ന‌് സമാപനം. പ്രളയത്തിനുശേഷം കെടിഎംപോലൊരു മേള നടത്തുന്നതിന്റെ ഔചിത്യംപോലും ചർച്ച ചെയ്തിരുന്നുവെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ‌് പറഞ്ഞു. കെടിഎം നടന്നില്ലായിരുന്നെങ്കിൽ എങ്ങനെ കേരളത്തിലെ ടൂറിസം മേഖല തിരിച്ചുവരുമായിരുന്നുവെന്ന് അറിയില്ല. ‘കെടിഎം– 2018’ ടൂറിസം ചരിത്രത്തിന്റെ ഭാഗമായെന്നും അവർ സമാപന സമ്മേളനത്തിൽ പറഞ്ഞു. കെടിഎമ്മിൽ വിശ്വാസമർപ്പിച്ചതിന് കെടിഎം സൊസൈറ്റി പ്രസിഡന്റ‌് ബേബി മാത്യു ബയർമാർക്ക് നന്ദി അറിയിച്ചു. ആത്മവിശ്വാസത്തോടെ മുന്നേറാൻ ടൂറിസം വ്യവസായത്തിനൊപ്പം സർക്കാരുണ്ടെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ ഉറപ്പുനൽകി.
ടൂറിസം മേഖലയെ പ്രദർശിപ്പിക്കുന്നതിനപ്പുറം പ്രളയാനന്തര കേരളത്തിന്റെ അതിജീവനംകൂടിയാണ് കേരള ട്രാവൽ മാർട്ടിലൂടെ ലോകമറിഞ്ഞത്. 66 രാജ്യങ്ങളിൽനിന്നെത്തിയ 545 പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 1090 പ്രതിനിധികളും പൂർണതൃപ്തരായാണ് കെടിഎം പത്താംലക്കത്തിൽനിന്ന‌് മടങ്ങിയത്. പ്രദർശനത്തിനും വാണിജ്യ കൂടിക്കാഴ്ചകൾക്കുമപ്പുറം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന നാല് സെമിനാറുകളും മേളയുടെ ഭാഗമായി നടന്നു.
പൊതു സ്വകാര്യ പങ്കാളിത്തമായിരുന്നു മേളയുടെ മുഖ്യ ആകർഷണം. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ, പുതിയ ടൂറിസം ഉൽപ്പന്നങ്ങൾ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹൗസ്ബോട്ടുകൾ ആയുർവേദ റിസോർട്ടുകൾ, സാംസ‌്കാരിക കലാ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സജീവപ്രാതിനിധ്യമാണ് മേളയിൽ ഉണ്ടായത‌്. അവസാനദിനം ആയിരക്കണക്കിനുപേർ സ്റ്റാളുകൾ സന്ദർശിച്ചു.
ടൂറിസം പദ്ധതികൾ ജനസൗഹൃദമാകണം: സെമിനാർ
കൊച്ചി
സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയിലെ പുതിയ ഉൽപ്പന്നങ്ങളും പദ്ധതികളും ജനങ്ങളുമായി ചേർന്നുനിൽക്കുന്നതാകണമെന്ന് കേരള ട്രാവൽ മാർട്ടിനോടനുബന്ധിച്ച‌് സംഘടിപ്പിച്ച ‘കേരളത്തിലെ ടൂറിസം മേഖലയിലെ പുതിയ ഉൽപ്പന്നങ്ങളും താൽപ്പര്യങ്ങളും' എന്ന സെമിനാർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ജനങ്ങൾതന്നെയാണ് പൈതൃകമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ഒന്നാംലക്കം മുതൽ ജനങ്ങളുടെ കഥയാണ് ബിനാലെ പറഞ്ഞത്. അതുകൊണ്ടാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളത്തിലെ പൊതുസമൂഹം ബിനാലെയെ ഏറ്റെടുത്തത‌്. ലാറ്റിനമേരിക്കയിലും ആഫ്രിക്കയുടെ കോണിലും ഉള്ളവർക്ക‌് ഇത് അവരുടെ ബിനാലെയെന്ന് തോന്നിപ്പിക്കുന്നു. മനുഷ്യന്റെ സഹവർത്തിത്വത്തിന്റെ കഥയാണ് ബിനാലെ എന്നും മുന്നോട്ടുവയ‌്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സാംസ‌്കാരിക പൈതൃകവുമായി ഏറെ അടുത്തുനിൽക്കുന്നതാണ് ജടായു പാറ ടൂറിസം പദ്ധതിയെന്ന് ജടായു ടൂറിസം പദ്ധതി സിഇഒ അജിത് കുമാർ ബലരാമൻ ചൂണ്ടിക്കാട്ടി. കുട്ടിക്കാലത്ത് കേട്ട കഥകളിലൂടെ എല്ലാവർക്കും പരിചിതമാണ് ഇതിന്റെ പശ്ചാത്തലം. ടൂറിസം, തീർഥാടനം, സാങ്കേതികവിദ്യ, ദൃശ്യവിരുന്ന് എന്നിവയെല്ലാം സമന്വയിക്കുന്നതാണ് ജടായു പാറ. പ്രകൃതിക്ക‌് കോട്ടംവരാത്ത വിധത്തിലാണ് ഈ പദ്ധതി പൂർത്തിയായത്. ലോക ടൂറിസം ഭൂപടത്തിലെ പ്രധാന ആകർഷണമായി ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു.
പൈതൃകത്തിലേക്കുള്ള തിരിച്ചുപോക്കാണ് മുസിരിസ് പദ്ധതി സഞ്ചാരികൾക്ക് നൽകുന്നതെന്ന് മുസിരിസ് പൈതൃകപദ്ധതി എംഡി പി എം നൗഷാദ് പറഞ്ഞു. ഒരു പകൽകൊണ്ട് കണ്ടുതീർക്കാമെന്നതാണ് ഈ പദ്ധതിയെ ആകർഷകമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശങ്ങളിലടക്കം പ്രശസ്തമായതിനൊപ്പം നിരവധി തെറ്റിദ്ധാരണകളും ആയുർവേദത്തെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ടെന്ന് തിരുവനന്തപുരം ആയുർവേദ കോളേജിലെ അസിസ്റ്റന്റ‌് പ്രൊഫസർ ഡോ. എം കെ മദൻകുമാർ പറഞ്ഞു. പുതിയ മേഖലകളിലേക്ക് ആയുർവേദം കടന്നു. ഓട്ടിസവും സെറിബ്രൽ പാൾസിപോലുള്ള രോഗങ്ങൾക്കുമുള്ള ചികിത്സയിൽ ആയുർവേദം അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. പ്രസവസംബന്ധിയായ ചികിത്സകളിലും ആയുർവേദത്തിന് ഏറെ ആവശ്യക്കാരുണ്ട്. യോഗ സമർഥമായി വിപണനം ചെയ്യാൻ നമുക്ക് സാധിച്ചെങ്കിലും വ്യക്തികേന്ദ്രീകൃതമായ യോഗാസനങ്ങളിലൂടെമാത്രമേ യഥാർഥ ഫലം ലഭിക്കൂവെന്ന കാര്യം ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉൾനാടൻ ജലഗതാഗത കോർപറേഷന്റെ ‘നെഫർറ്റിറ്റി’ എന്ന ഉല്ലാസനൗകയും കേരളത്തിലെ ടൂറിസം മേഖലയിൽ പ്രധാന ആകർഷണമാകുമെന്ന് കെഎസ്ഐഎൻസി പ്രതിനിധി ജോസഫ് ടിനു പറഞ്ഞു. ഇവർ ഒരുക്കുന്ന പാക്കേജിൽ 200 പേർക്ക് പങ്കെടുക്കാം. രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയിലെ ജനകീയപങ്കാളിത്തത്തിന്റെ ഉദാഹരണമാണ് ഹോംസ്റ്റേകൾ എന്ന് വയനാട്ടിലെ സംരംഭകയായ രഞ്ജിനി മേനോൻ പറഞ്ഞു.
കെടിഎം പ്രസിഡന്റ‌് ബേബി മാത്യു, മുൻ പ്രസിഡന്റ‌് റിയാസ് അഹമ്മദ‌് എന്നിവരും സെമിനാറിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2y51IXM
via IFTTT
No comments:
Post a Comment