കോഴിക്കോട‌്>വിഖ്യാത നോവലായ ‘രണ്ടാമൂഴ’ത്തെ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന‌് പിൻമാറുകയാണെന്ന‌് കാണിച്ച‌് എഴുത്തുകാരൻ എം ടി വാസുദേവൻനായർ നൽകിയ ഹർജി കോഴിക്കോട‌് മുൻസിഫ‌് കോടതി വ്യാഴാഴ‌്ച പരിഗണിക്കും. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാൽ തിരക്കഥാ കൃത്തുകൂടിയായ എം ടി സിനിമാ പ്രോജക‌്ടിൽ നിന്നും പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും കൈമാറിയ തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട‌് കഴിഞ്ഞ ദിവസമാണ‌് എം ടി കോടതിയെ സമീപിച്ചത‌്. തിരക്കഥ കൈമാറുന്ന മുറയ‌്ക്ക‌് മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചു നൽകാമെന്നും കോടതിയിൽ നൽകിയ ഹർജിയിലുണ്ട‌്.
മഹാഭാരതത്തിലെ ഭീമന്റെ മാനസികവ്യഥകൾ സൂക്ഷ‌്മമായി പകർത്തിയ ‘രണ്ടാമൂഴം’ മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ‌്. ഈ നോവലിന്റെ ചലച്ചിത്രാവിഷ‌്കാരത്തെ വൻ പ്രതീക്ഷയോടെയാണ‌് ചലച്ചിത്രലോകവും പ്രേക്ഷകരും കാത്തിരുന്നത‌്.
പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. 1000 കോടി രൂപ ചെലവിട്ട‌് നിർമിക്കുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ‌് കരുതിയിരുന്നത‌്. പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമാതാവ‌്.
വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ‌് എം ടി തിരക്കഥ തയ്യാറാക്കിയത‌്. എന്നാൽ അദ്ദേഹം കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ലെന്ന തോന്നൽ എം ടിയെ വേദനിപ്പിച്ചു. പിന്മാറ്റത്തിന‌് അത‌് പ്രധാന കാരണമായി.
എം ടി നാലുവർഷം മുമ്പാണ‌് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത‌്. അതിന്റെ ഭാഗമായി മലയാളം, ഇംഗ്ലീഷ‌് തിരക്കഥകൾ പൂർത്തിയാക്കി ഏൽപ്പിച്ചു. അതുപ്രകാരം മൂന്നുവർഷത്തിനുള്ളിൽ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ മോഹൻലാൽ ചിത്രമായ ‘ഒടിയൻ’ സംവിധാനം ചെയ്യുന്ന ശ്രീകുമാർ മേനോന‌് പറഞ്ഞ സമയത്ത‌് ചിത്രീകരണം തുടങ്ങാനായില്ല. ഒരുവർഷംകൂടി സമയം വേണമെന്നാവശ്യപ്പെട്ടപ്പോൾ അതും അനുവദിച്ചു.
എന്നാൽ, അതിനുശേഷവും സിനിമ തുടങ്ങാനുള്ള ഒരു പ്രവർത്തനവും ഇല്ലാതിരുന്നത‌് എം ടിയെ നിരാശനാക്കി. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കൊപ്പം എം ടിയും ഈ സിനിമയെ സ്വപ‌്ന പദ്ധതിയായാണ‌് കണ്ടിരുന്നത‌്. അണിയറ പ്രവർത്തകരുടെ മെല്ലെപ്പോക്കിൽ മനംമടുത്ത‌് അദ്ദേഹം പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.
എം ടിയുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ‌്കാരം ‘മഹാഭാരത‌്’ എന്ന പേരിൽ രണ്ട‌് ഭാഗങ്ങളായി ഇറക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഭാഗം ഇറങ്ങി നാലുമാസത്തിനുശേഷം രണ്ടാം ഭാഗവും ഇറക്കാനായിരുന്നു തീരുമാനം. മലയാളത്തിനുപുറമെ തമിഴ‌്, തെലുങ്ക‌്, ഹിന്ദി, ഇംഗ്ലീഷ‌് ഭാഷകളിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ടായിരുന്നു സിനിമ. മോഹൻലാലിനൊപ്പം ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർതാരങ്ങളെയും പ്രതീക്ഷിച്ചു.
ജാക്കിച്ചാനും അജയ‌്ദേവ‌്ഗനും നാഗാർജുനയും പ്രധാന വേഷങ്ങളിൽ പറഞ്ഞുകേട്ട പേരുകളാണ‌്. ഓസ‌്കർ ജേതാക്കളായ സാങ്കേതിക വിദഗ‌്ധരുടെ സാന്നിധ്യവും ഉറപ്പിച്ചിരുന്നു. യുദ്ധരംഗങ്ങൾ കൈകാര്യം ചെയ്യാൻ പ്രശസ‌്ത ഹോളിവുഡ‌് ആക‌്ഷൻ ഡയറക‌്ടർ റിച്ചാർഡ‌് റയോൺ എത്തുമെന്നായിരുന്നു പ്രഖ്യാപനം.
100 ഏക്കർ സ്ഥലത്താണ‌് ചിത്രീകരണം ആസൂത്രണം ചെയ‌്തത‌്. എറണാകുളത്തും കോയമ്പത്തൂരും അതിനായി സ്ഥലം കണ്ടെത്തിയിരുന്നു. ഷൂട്ടിങ്ങിനുശേഷം ‘മഹാഭാരത സിറ്റി’ എന്ന പേരിൽ മ്യൂസിയമാക്കാനും ആലോചനയുണ്ടായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2yuAZ7n
via IFTTT
No comments:
Post a Comment